വയനാടിന്റെ എഴുത്തുകാരി ജലജ പദ്മന് സൗപർണ്ണിക പുരസ്കാരം

കൽപ്പറ്റ: പ്രശസ്ത സാഹിത്യകാരി ജലജ പദ്മന് സൗപർണ്ണിക ഫൗണ്ടേഷന്റെ സുവർണ്ണ സാഹിതി പുരസ്കാരം.
ജലജ പദ്മന്റെ ഇത:പര്യന്തമുള്ള മുഴുവൻ സാഹിതീ സംഭാവനകളും 2022 ൽ പ്രസിദ്ധീകരിച്ച ചുരവും താണ്ടി പാപനാശിനിയിലേക്ക്, ചിറ്റാരംകുന്നിലെ ഗന്ധർവ്വൻ എന്നീ രണ്ട് പുസ്തകങ്ങൾ പ്രത്യേകവും കൂടി പരിഗണിച്ചാണിതെന്ന് സൗപർണ്ണിക ഫൗണ്ടേഷൻ ചെയർമാൻ കെ.പി. ചക്രപാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1860 ലെ കേന്ദ്ര സർക്കാർ സൊസൈറ്റീസ് ആക്ട് പ്രകാരം ദക്ഷിണേന്ത്യയിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സൗപർണ്ണിക ഫൗണ്ടേഷൻ ചുമതലപ്പെടുത്തിയ വിദഗ്ദരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ജലജ പദ്മനെ ഈ പുരസ്കാരത്തിനു ശുപാർശ ചെയ്തത്.
സൗപർണ്ണിക ഫൗണ്ടേഷൻ പ്രഖ്യാപിക്കുന്ന പ്രഥമ സുവർണ്ണ സാഹിതി പുരസ്കാരവും ജലജ പദ്മന് ലഭിക്കുന്ന ആദ്യ പുരസ്കാരവും ആണ് ഇതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
പുരസ്കാര സമർപ്പണം ഡിസംബർ 28 ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് അമ്പലവയൽ ഗവണ്മെന്റ് എൽപി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന വർണ്ണശബളമായ ചടങ്ങിൽ നടക്കും.
പുരസ്കാരച്ചടങ്ങിനോടനുബന്ധിച്ച് ജലജ പദ്മന്റെ സ്കൂൾ സഹപാഠികളുടെ പുന:സമാഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
സ്കൂൾ സഹപാഠികളും സൗപർണ്ണിക ഫൗണ്ടേഷനും ചേർന്ന് സംയുക്തമായാണ് പുരസ്കാര സമർപ്പണം നടത്തുന്നത്.
വാർത്താസമ്മേളനത്തിൽ സൗപർണ്ണിക ഫൗണ്ടേഷൻ ചെയർമാൻ കെ.പി. ചക്രപാണി, ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ, ഡോ.പി. സൂര്യഗായത്രി, അബ്ദുൾ ഹാറൂൺ മുതലായവർ പങ്കെടുത്തു.
// സൗപർണ്ണിക ഫൗണ്ടേഷന്റെ ആസ്വാദനക്കുറിപ്പ് //
ഒരു നാടിന്റെ സൂക്ഷ്മാംശങ്ങളിൽ ലയിച്ചു ചേർന്ന ചടുലതാളലയങ്ങളെ സിരകളിൽ ആവാഹിച്ച് അക്ഷരങ്ങളാക്കി ശ്രവ്യസുന്ദരമായി ആലപിച്ചു മലയാളിയുടെ മനസ്സിൽ ഇടം നേടിയ കഥാകാരിയാണ് ജലജ.
ജലജയുടെ ചെറുകഥകൾക്ക് സവിശേഷമായ ഘടനയാണ്.
ജലജയുടെ കഥകൾ പല വിഭാഗങ്ങളാക്കി തിരിക്കാമെങ്കിലും പുസ്തകങ്ങളിൽ വിഭാഗീകരിച്ച് പ്രസിദ്ധീകരിച്ചു കാണാറില്ല.
ഇവ ഇടകലർത്തിയാണ് പുസ്തകങ്ങളിൽ ചേർത്തിരിക്കുന്നത്.
ചില കഥകൾ ആദ്യ വിഭാഗത്തിന്റെ എതിർഭാവം സ്വീകരിക്കുകയും അതേ സമയം അതിനെ അതീതവത്കരിക്കുകയും ചെയ്യുന്നു.
അതിന് സഞ്ചാര സാഹിത്യമെന്നോ ചെറുകഥയെന്നോ ഭേദമില്ല.
വിപരീതങ്ങളുടെ സമന്വയം അവയിൽ കാണാം.
തന്റെ സ്വത്വത്തിന്റെ ആഴങ്ങളിൽ തൂലിക മുക്കി കലാപരമായ ഇൻസ്പിരേഷന്റെ ശക്തിയാൽ വാക്കുകളും വരികളും പിറന്നു വീഴുന്നു എന്നതാണ് ജലജയുടെ പ്രത്യേകത.
സാഹിത്യ വൈശിഷ്‌ട്യത്തിന്റെ (literary excellence) പാരമ്യത്തിൽ മാത്രം ദർശിക്കാനാകുന്ന ലാളിത്യം ഈ കഥകളിലുണ്ട്.
ഓരോ കഥയും ഓരോ കവിതയാണ്.
ഓരോ വാക്കും തിളങ്ങുന്നു.
ഓരോ വരിയും അനായാസമായി ഒഴുകുന്നു.
ഒരേസമയം ഋജുവും അഗാധവുമാണ് ഈ കഥാകവിതകൾ.
മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന സമസ്യകളെ വിഷയമാക്കുന്ന ഈ സൃഷ്ടികളിൽ അന്യാദൃശമായ ചില ഉൾക്കാഴ്ചകൾ കാണാം.
ചില കഥകളുടെ ആദ്യഭാഗം പ്രതീതിയുടേതാണ്.
ലക്ഷോപലക്ഷം വർഷങ്ങൾക്ക് മുമ്പ് കെട്ടുപോയ ഏതോ ഒരു നക്ഷത്രത്തിൽ നിന്നും ജലജയുടെ നേർക്ക് ഒരു പ്രകാശരശ്മി എത്തുന്നുണ്ട്.
അയാഥാര്‍ത്ഥ്യമാണ്‌ (unreality) ചിലതിന്റെ വിഷയം.
കാലം നിശ്ചലം.
ദുഃഖം സന്തോഷം നിർവൃതി മൂർച്ഛ പ്രതികാരം ആലസ്യം അങ്ങനെ സകലതും തളംകെട്ടി കിടക്കുന്നുണ്ട് ഇവിടെ.
തന്റെ ഹൃദയത്തിന്റെ മുറി വിട്ടിറങ്ങുന്ന ജലജ വിശാലമായ ആകാശത്തിൽ വേറിട്ട് നിൽക്കുന്ന ഒറ്റ നക്ഷത്രത്തെ കാണുന്നു.
അനിത്യതയിൽ നിത്യമായി തിളങ്ങുന്ന ഏക താരകം പ്രതീതിയെ മറികടന്നു യാഥാര്‍ത്ഥ്യമായി വിളങ്ങുന്നു.
പ്രാർത്ഥനാഭരിതമായ ഹൃദയത്തോടെ നിൽക്കുന്ന ജലജ നമ്മെ നയിക്കുന്നത് ജീവന്റെ ആധിക്യത്തിലേക്കാണ്.

5 thoughts on “വയനാടിന്റെ എഴുത്തുകാരി ജലജ പദ്മന് സൗപർണ്ണിക പുരസ്കാരം

  1. വയനാടിന്റെ കഥാകാരിക്ക് അഭിനന്ദനങ്ങൾ. ആശംസകൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഇടവരട്ടെ!

  2. സൗപർണിക ഫൗണ്ടേഷന്റെ ഹ്രസ്വമായ ആസ്വാദനക്കുറിപ്പിൽ പ്രസ്താവിച്ചിട്ടുള്ളതു പോലെ, എൻറെ സൈബർവായനയിൽ കാണാൻ സാധിച്ചിട്ടുള്ള അപൂർവ്വം മികച്ച രചനകളിൽ, ശ്രീമതി ജലജ പത്മത്തിൻറെ , ആത്മാവിഷ്കാരമെന്ന് തോന്നുന്ന ചില കാവ്യചാരുതയാർന്ന, സാഹിത്യ സൃഷ്ടികൾക്ക് മുഖ്യമായ സ്ഥാനമുണ്ട്.അഭിനന്ദനങ്ങൾ!
    (മാധവൻകുട്ടി)

  3. She knows how to grab the attention of readers. Her writing is outstanding and it has a feeling of a cooling breeze. Her works have a flow and it is flowing with melodious sound. The plot is working and she knows how well it is placed in the story. It looks as it is well researched and impressive one indeed. She has such a unique perspective. She is the finest form of writing skill.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഡ്വ: ജോഷി സിറിയക് അനുസ്മരണവും പുരസ്ക്കാര ദാനവും ഡിസംബർ 31 ന്
Next post ഒരുക്കങ്ങളെല്ലാം പൂർത്തിയായി: വയനാട് സാഹിത്യോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം മന്ത്രി നിർവ്വഹിച്ചു
Close

Thank you for visiting Malayalanad.in