
എപ്പി എക്സ്പോ 2022 : തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ മുട്ടിലിൽ
എപ്പി എക്സ്പോ 2022 എന്ന പേരിൽ തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ വയനാട്ടിലെ മുട്ടിലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ – ഹോർട്ടി കോർപ്പ് – സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപനമാണ്. സംസ്ഥാനത്തെ തേനീച്ച വളർത്തൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിരിക്കുന്ന നിർദ്ദിഷ്ട ഏജൻസി കൂടിയാണ് ഹോർട്ടികോർപ്പ്.
നാഷണൽ ബീ കീപ്പിംഗ് ഹണി മിഷന്റെ തേനീച്ച വളർത്തൽ പ്രവർത്തനങ്ങൾ ഏകോ പിപ്പിക്കുന്ന നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ തേനീച്ച വളർത്തൽ പദ്ധ തി നടപ്പിലാക്കുന്ന ഏജൻസിയായും ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ തേനീച്ച വളർത്തൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ രൂപീകരിച്ച വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ദ്വിദിന സെമിനാറും പ്രദർശനവും സംഘടിപ്പിക്കും.
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ഡിസംബർ മാസം 21, 22 തിയതികളിലായി എപ്പി എക്സ്പോ 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിൻ്റെ അധ്യക്ഷതയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും.
ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വക്കേറ്റ് എസ് വേണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭാരവാഹികൾ- നാഷണൽ ബീ ബോർഡ്, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഖാദി കമ്മീഷൻ, ഖാദി ബോർഡ്, കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, വയനാട് ജില്ലയിൽ തേനീച്ച വളർത്തൽ പദ്ധതി ചെയ്തുവരുന്ന 200 ൽ പരം കർഷകരും പങ്കെടുക്കും.
നാഷണൽ ബീ ബോർഡ്, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, സംസ്ഥാന ഹോർട്ടികോർപ്പ്, സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ് സി വൈ ഡി, വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എക്സ്പോ 2022 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എം. ഈശ്വര പ്രസാദ്, സ്വാഗത സംഘം ജനറൽ കൺവീനർ ബി. സുനിൽ ,സി.വൈ.ഡി. കോഡിനേറ്റർ ടി. കൃഷ്ണൻ, വയനാട് ഗ്രാമ വികാസ് എഫ്.പി.ഒ. ചെയർമാൻ ബി. പ്രവീൺ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.