ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*തിരുവനന്തപുരം: *കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്. ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം 15 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി ഡോ. കെ എം. എബ്രഹാം എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയേയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഫിസിക്കല്‍ എഡിഷന്‍ ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച 3 ന് നടക്കുന്ന പരിപാടിയിലൂടെ സംസ്ഥാനത്തു ഒരു സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് പോളിസി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്നോളജി അധിഷ്ഠിത സംരംഭങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കും എത്തിച്ചേരുക അപ്രാപ്യമെന്നു കരുതുന്ന ഒരു അവസ്ഥ നിലവിലുണ്ടെന്നും ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അനൂപ് അംബിക പറഞ്ഞു. ഗ്രാമീണമേഖലയില്‍ നിന്ന് പുതിയ കണ്ടുപിടുത്തങ്ങളുമായെത്തുന്ന സാധാരണക്കാരെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി മുന്നോട്ടു കൊണ്ടുവരാനും അവരുടെ ഉല്പന്നങ്ങള്‍ക്ക് ഒരു ആഗോളവിപണി ഉണ്ടെന്ന് പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഇത് മികച്ച സാമൂഹ്യ സംരംഭക അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമാകും. ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണനമൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഫർ സോൺ :സമയം നീട്ടി നൽകണം : മാനന്തവാടി രൂപത .
Next post ഇക്കോസെൻസെറ്റീവ് സോൺ… പുനഃപരിശോധിക്കണം , ഐസി ബാലകൃഷ്ണൻ എം എൽ എ
Close

Thank you for visiting Malayalanad.in