”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ

മാനന്തവാടിഃ ഓരോ മാസങ്ങൾക്കിടയിലും ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ താളുകൾ ക്രമീകരിച്ച്‌ പുറത്തിറക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ കലണ്ടർ ശ്രദ്ധേയമാവുന്നു.
‘ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണെന്ന് കരുതുക’ എന്ന് തുടങ്ങുന്ന ബന്ധങ്ങൾ വളരാൻ എന്ന തലവാചകത്തിലുള്ള അവസാന താളിൽ ഊഷ്മളമായ സൗഹൃദമുണ്ടാവാനുള്ള പതിനെട്ട് സന്ദേശങ്ങൾ രേഖപ്പെടുത്തിയാണ് കലണ്ടർ അവസാനിക്കുന്നത്.
2023 വർഷത്തെ കലണ്ടർ കർഷക അവാർഡ് ജേതാവ് ‘ജീന്‍ ബാങ്കര്‍’ ചെറുവയൽ രാമൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ മെമ്പറുമായ കെ.ബി.നസീമക്ക് നൽകി പ്രകാശനം നിർവഹിച്ചു.
നൂറ്റമ്പത് വർഷം പഴക്കമുള്ള ചെറുവയൽ രാമേന്റെ വൈക്കോൽ മേഞ്ഞ വീട്ടുമുറ്റത്ത് വെച്ചായിരുന്നു പ്രകാശന ചടങ്ങ്. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എൻ.സുശീല,റിയാസ്.കെ തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഭരണ സമിതിയംഗങ്ങളുടെയും പേരും ഫോൺ നമ്പറും ഡിവിഷനുമടക്കെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ കലണ്ടറിൽ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഓഫീസുകളിലെ പൊതുജനങ്ങൾക്ക് ബന്ധപ്പെടേണ്ട അത്യാവശ്യ നമ്പറുകളും കൊടുത്തിട്ടുണ്ട്.
വയനാട് ജില്ലാ രൂപീകരണ തീയതി, ജില്ലയിലെ തദ്ദേശ വാർഡുകളുടെ എണ്ണം,ജില്ലയിലെ ജനസംഖ്യാ,ജനസാന്ദ്രത തുടങ്ങി ഒട്ടേറെ പൊതുവിവരങ്ങളും അടങ്ങിയ കലണ്ടറിൽ വയനാടിന്റെ ഭൂപടവും ചെറിയ രൂപത്തിൽ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
”രാഷ്ട്രം എന്നത് ദരിദ്രരായ മനുഷ്യരുടെ കണ്ണീരൊപ്പലാണ്” എന്നതടക്കമുള്ള ഗാന്ധിജിയുടെ പ്രധാനപ്പെട്ട വചനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെ ദിവസത്തിന്റെയും മാസത്തിന്റെയും പൊതു പ്രത്യേകതകൾ പറയുന്നതോടൊപ്പം വ്യക്തി ജീവിതത്തിൽ സമയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രചോദനാത്മകമായതും മനോഹരവുമായ ഉദ്ധരണികളും ക്രമപ്പെടുത്തിയിട്ടുണ്ട്.
വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകി പങ്കാളിയാവാൻ പൊതുജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടുള്ള അഭ്യർത്ഥനയോടൊപ്പം നിർദേശങ്ങൾ അയക്കാനുള്ള ഇ-മൈൽ ഐഡിയും കലണ്ടറിൽ കൊടുത്തിട്ടുണ്ട്.
കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ക്യാബിനിൽ കലണ്ടർ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് പ്രവർത്തി ദിനങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Next post പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായികമേള 17 മുതൽ കൽപ്പറ്റയിൽ.
Close

Thank you for visiting Malayalanad.in