മതിവരാതെ ആസ്വാദകർ; സന്തോഷനിറവിൽ ഐ.ഐ.എം.എഫിനു കൊട്ടിക്കലാശം

തിരുവനന്തപുരം:
സംഗീതമേളയ്ക്ക് സമാപനമാകുമ്പോള്‍ വേദിയിലാദ്യമെത്തിയ ഊരാളി ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിലെന്നപോലെ ‘ഇഞ്ഞീം മേണം ഇഞ്ഞീം മേണം’ എന്ന മട്ടിലായിരുന്നു ആസ്വാദകര്‍. മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ കോവളം കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ അഞ്ചുദിവസമായി നടന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) ആദ്യപതിപ്പിന് കൊടിയിറങ്ങി. അവസാനം വേദിയിലെത്തിയ ബ്രിട്ടീഷ് ഗായകന്‍ വില്‍ ജോണ്‍സിന്റെ ബ്ലൂസ് സംഗീതം തീര്‍ത്ത മാസ്മരികതയില്‍ മേളയോട് തലസ്ഥാനം വിടചൊല്ലി.
സിതാരയുടെ ആരാധകര്‍ വൈകുന്നേരത്തോടെതന്നെ ക്രാഫ്റ്റ് വില്ലേജിലേക്ക് ഒഴുകിയെത്തി. ‘ഋതു’ എന്ന ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്റ്റ് മലബാറികസ്. സിതാരയ്ക്കൊപ്പം ലിബോയ് പെയ്സ്ലി കൃപേഷ്, വിജോ ജോബ്, ശ്രീനാഥ് നായര്‍, അജയ് കൃഷ്ണന്‍, മിഥുന്‍ പോള്‍ എന്നിവരും ബാന്‍ഡിലുണ്ട്.
പ്രകൃതിയോടും അതിന്റെ രാഷ്ട്രീയത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്‍ഡീ ഫോക് സംഗീതമാണ് ബാന്‍ഡ് അവതരിപ്പിച്ചത്. ഏറെ ഹിറ്റായ ‘അരുതരുതരുത്’, ‘പൂമാതെ പൊന്നമ്മ’, ‘ഋതു’ തുടങ്ങിയ ഗാനങ്ങള്‍ ആരാധകര്‍ ആഹ്ലാദത്തോടെ വരവേറ്റു.
ഞായറാഴ്ച്ച ആദ്യം വേദിയിലെത്തിയത് കൊച്ചിയില്‍ നിന്നുള്ള സ്‌ക്രീന്‍ 6 ബാന്‍ഡാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആല്‍ബം ‘റോക്കിന്‍ ഹെഡി’ലെ ബ്ലൂസ് സംഗീതത്തിലെ ഗാനങ്ങളാണ് സ്‌ക്രീന്‍ 6 വേദിയില്‍ അവതരിപ്പിച്ചത്. സ്‌ക്രീന്‍ 6നെ തുടര്‍ന്ന് ഗായകന്‍ ദേവന്‍ ഏകാംബരം വേദിയിലെത്തി. എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിച്ച കാതലര്‍ ദിനം എന്ന തമിഴ് സിനിമയിലെ ഹിറ്റ് ഗാനമായ ‘ഓ മരിയ’ പാടി തന്റെ കരിയര്‍ ആരംഭിച്ച ദേവന്‍ അതേ ഗാനം പാടിയാണു തുടങ്ങിയത്. തമിഴിലും തെലുങ്കിലും കന്നഡയിലുമായി 500ഓളം സിനിമകളില്‍ പാടിയിട്ടുണ്ട് ദേവൻ.
മൂന്നാമതായെത്തിയ പ്രോജക്റ്റ് മലബാറിക്കസിനെ തുടര്‍ന്ന് ലേസി ജെ ബാന്‍ഡ് വേദി കയ്യടക്കി. ജയ് പിള്ള, മനോജ് പിള്ള, സന്തോഷ് ചന്ദ്രന്‍ എന്നീ ബാന്‍ഡ് അംഗങ്ങള്‍ എണ്‍പതുകളിലെ ക്ലാസിക് റോക് സംഗീതം അവതരിപ്പിച്ചു.
വിദേശത്തും ഇന്ത്യയിലും ഏറെ ആരാധകരുള്ള കലാകാരനാണ് കൊട്ടിക്കലാശത്തിനു വേദിയിലെത്തിയ വില്‍ ജോണ്‍സ്. റോക് ഇതിഹാസം എറിക് ക്ലാപ്റ്റണിന്റെ ഒപ്പം ധാരാളം സംഗീതപരിപാടികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള വില്‍ ജോണ്‍സിന്റെ പ്രകടനത്തോടെ ഐ.ഐ.എം.എഫിന്റെ ആദ്യ പതിപ്പിന് സമാപനമായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ വെള്ളമുണ്ട ഡിവിഷൻ സന്ദർശിച്ചു
Next post വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു.
Close

Thank you for visiting Malayalanad.in