സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെൻ്റർ: അഡോറയുടെ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു

നടവയല്‍. അഡോറയുടെ സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററായ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു. ആര്യ അന്തര്‍ജനം തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ്പ് ഗീവര്‍ഗീസ് മോര്‍ സ്തഫാനോസ് മുഖ്യാതിഥിയായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ്, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍, കണിയാമ്പഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നകുട്ടി ജോസ്, പഞ്ചായത്തംഗം സന്ധ്യ ലീഷു, പി.പി ആലി, മോയിന്‍ കടവന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, ഡോ. സാജിത്, നജുമുല്‍ മേലത് സംസാരിച്ചു. അഡോറ ഡയറക്ടര്‍ നര്‍ഗീസ് ബീഗം അധ്യക്ഷയായ ചടങ്ങിന് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സ്വാഗതവും ട്രഷറര്‍ സതീശന്‍ പന്താവൂര്‍ നന്ദിയും പറഞ്ഞു. നടവയല്‍ പറളിക്കുന്ന് റോഡില്‍ സൗജന്യമായി ലഭിച്ച രണ്ട് ഏക്കര്‍ ഭൂമിയിലാണ് ഏയ്ഞ്ചല്‍സ് ഹോം നിര്‍മിക്കുന്നത്. നട്ടെല്ലിന് ക്ഷതം സംഭവിച്ച പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തിലാണ് സ്ഥാപനം ആരംഭിക്കുന്നത്. 20000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ ആറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 3000 രൂപ വീതം ഇരുപതിനായിരം പേര്‍ സംഭാവന നല്‍കിയാണ് ഈ തുക സമാഹരിക്കുക. 1998ല്‍ സ്ഥാപിച്ച അഡോറ ഇതിനോടകം 400ലധികം കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇവരുടെ ഭക്ഷണം, താമസം, മരുന്നുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം അഡോറയുടെ തണലിലാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 90ഓളം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 50നടുത്ത് കുടിവെള്ള പദ്ധതികളും അഡോറയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. വയനാട് കേന്ദ്രീകരിച്ച് രണ്ട് ആംബുലന്‍സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ വസ്ത്രാലയമായ എയ്ഞ്ചല്‍സും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഡോറക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഏയ്ഞ്ചല്‍സ് ഹോം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ സ്കൂൾ കായികമേള 17 മുതൽ: ലോഗോ പ്രകാശനം ചെയ്തു.
Next post തരുവണയില്‍ ഇലക്ട്രിക് ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു
Close

Thank you for visiting Malayalanad.in