ഇടതുസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘കുറ്റവിചാരണ’ നവംബര്‍ ഒമ്പതിന്:കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: സംസ്ഥാനസര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കും, ജനദ്രോഹങ്ങള്‍ക്കുമെതിരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി നവംബര്‍ ഒമ്പതിന് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ കുറ്റവിചാരണ നടത്തുമെന്ന് പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു. ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ സമരപരമ്പരക്ക് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ പ്രതിഷേധം. രാവിലെ പത്തരക്ക് ഡി സി സിയില്‍ നിന്നും ആരംഭിക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന മാര്‍ച്ച് കലക്‌ട്രേറ്റിന് മുമ്പില്‍ സമാപിക്കും. തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന കുറ്റവിചാരണ മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. അതിരൂക്ഷമായ വിലക്കയറ്റം മൂലം പാവങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഓണത്തിന് ശേഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് നൂറ് ശതമാനം വരെയാണ് വിലവര്‍ധനവുണ്ടായിരിക്കുന്നത്. അരിയുടെ വിലവര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനപ്പുറത്തായി കഴിഞ്ഞു. എന്നാല്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ജനങ്ങളെ മറന്നിരിക്കുകയാണ്. കേരളം ഒരു ശവപറമ്പായി മാറുമോയെന്ന സംശയത്തിനിട നല്‍കും വിധമാണ് കൊലപാതകങ്ങളും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണുള്ളത്. മനസമാധാനം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ മേല്‍ ഇടിത്തീ വീണെങ്കിലും ഒഴിഞ്ഞുകിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സ്ഥിതിയും മറിച്ചല്ല, അതിരൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് ഇവിടുത്തെ ജനങ്ങള്‍ കടന്നുപോകുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ നിരന്തരമായ കടുവയുടെ ആക്രമണമാണുണ്ടാകുന്നത്. ചീരാലില്‍ പത്ത് വളര്‍ത്തുമൃഗങ്ങളാണ് അടുത്തിടെ കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഇന്നലെ മാത്രം മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടത്തായി ഏഴ് ആടുകളെയാണ് കടുവ ആക്രമിച്ച് കൊന്നത്. മീനങ്ങാടിയിലെ തന്നെ കൃഷ്ണഗിരിയിലും പരിസരപ്രദേശങ്ങളിലുമായി എട്ടോളം ആടുകളാണ് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ കടുവ ആക്രമിച്ച് കൊന്നത്. ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് നാട് നീങ്ങിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വനംമന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സമരമുഖത്താണ്. കാര്‍ഷികമേഖല സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീക്കിയിട്ടും യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ തന്നെയാണ് സര്‍വമേഖലയുടെയും സ്ഥിതി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. വരുംദിവസങ്ങളില്‍ അതിശക്തമായ സമരപോരാട്ടങ്ങളിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും അതിന്റെ തുടക്കമാണ് കുറ്റവിചാരണയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
Next post മെഡിക്കൽ കോളേജ് കവാടത്തിൽ കാടുവെട്ടി ഗെയ്റ്റ് സ്ഥാപിച്ചു
Close

Thank you for visiting Malayalanad.in