സർഗ്ഗ വസന്തം തീർത്ത് ബഡ്സ്സ് കലോത്സവം സമാപിച്ചു

മാനന്തവാടിഃ വിഭിന്ന ശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ബഡ്സ് കലോത്സവം ചാമ്പ്യന്മാരായ തിരുനെല്ലി ബഡ്‌സ് സ്കൂളിന് ജുനൈദ് കൈപ്പാണി ട്രോഫി കൈമാറി.
ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോഹര സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികൾ ആണ് മാനന്തവാടി ഗവൺമെൻ്റ് കോളേജിൽ നടന്നത്. വിഭിന്ന ശേഷി കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ ഒരുക്കിയ സർഗോത്സവത്തിൽ നാലാം തവണയും നൂറ്റി പതിനൊന്ന് പോയിൻ്റ് നേടി ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി. മുപ്പത്തി ഒന്ന് പോയിൻ്റ് നേടി ചിമിഴ് നൂൽപ്പുഴ ബഡ്സ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഇരുപത്തിയേഴ് പോയിൻ്റ് നേടി നെന്മേനി ബി ആർ സി മൂന്നാമതെത്തി. മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ വിഭിന്ന ശേഷി കുട്ടികളുടെ ഇൻ്റേണൽ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ ശ്രീലക്ഷ്മി ജൂനിയർ വിഭാഗത്തിലും അമയ അശോകൻ സീനിയർ വിഭാഗത്തിലും കലാ തിലകം ആയപ്പോൾ ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി ബഡ്സ് പാരഡൈസിലെ ആരോൺ റോയ് സീനിയർ വിഭാഗത്തിൽ നൂൽപ്പുഴ ബി ആർ സി യിലെ ഹരി കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിക്ക് ശേഷം തിടമ്പ് നാടൻ പാട്ട് കലാസംഘത്തിൻ്റെ പാട്ടരങ്ങും അരങ്ങേറി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി എ ബാലസുബ്രഹ്മണ്യൻ അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്റർ പി വസുപ്രദീപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ,ദീപക്.കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയറു വേദനയുമായി ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചി മുറിയിൽ പ്രസവിച്ചു.
Next post ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം
Close

Thank you for visiting Malayalanad.in