നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം

.
സി.വി.ഷിബു.
കൽപ്പറ്റ: ഇന്ന് തുലാം പത്ത് .നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം.
ഇരയെ ലക്ഷ്യം വെച്ച് ഉന്നം പിഴക്കാത്ത അമ്പെയ്ത്ത്.ഭക്ഷണത്തിനുള്ള മത്സ്യ-മാംസാദികൾക്കായി പരമ്പരാഗത ആയുധമായ അമ്പും വില്ലും ഉപയോഗിച്ചുള്ള നായാട്ട്. പക്ഷികളെയും പറവകളെയും അമ്പെയ്ത് വീഴ്ത്താൻ പുള്ളമ്പ് അഥവാ മെട്ടമ്പ് ഉപയോഗിക്കുമ്പോൾ മൃഗങ്ങൾക്കായി അഗ്രഭാഗം മൂർഛയുള്ള കത്തിയമ്പ് ഉപയോഗിക്കും .കാട്ടുപോത്തിനെ പോലെയുള്ള വലിയ മൃഗങ്ങളെ എയ്ത് വീഴ്ത്താൻ വലിയ കത്തിയമ്പ് ഉപയോഗിക്കും .നായാട്ടിന് പോകുന്ന കുറിച്യസംഘത്തിൽ വലിയ മൃഗങ്ങളെയും കൂടുതൽ മൃഗങ്ങളെയും അമ്പെയ്ത് വീഴ്ത്തുന്ന പുരഷന് വിര പരിവേഷം .കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന മാൻ പോലുള്ള മൃഗങ്ങളെ പുറത്ത് ചാടിക്കാൻ കൂട്ടത്തിൽ നായയെ കൊണ്ടു പോകുന്ന പതിവുമുണ്ടായിരുന്നു. പ്രാചീന കാലം മുതൽ നായാട്ടിൽ അമ്പെയ്ത് ശീലിച്ചതിനാൽ കുറിച്യർക്കിടയിൽ അമ്പെയ്ത്ത് ആയോധന കലയായി വളർന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പഴശ്ശിക്കൊപ്പം നിന്ന് തലക്കൽ ചന്തുവിൻ്റെ നേതൃത്വത്തിൽ പടനയിക്കാൻ കുറിച്ച പയ്ക്ക് സാധിച്ചത് ഈ പാരമ്പര്യങ്ങൾ കൊണ്ടായിരുന്നു. ഇതൊക്കെ പഴയ കഥ. ഇന്ന് നായാട്ടിന് അനുമതിയില്ല. ശത്രുവിനെ തോൽപ്പിക്കാൻ വീര്യമുളള പോരാട്ടങ്ങളുമില്ല. കായിക മൈതാനത്ത് ഒരു മത്സര ഇനമായി മാത്രം അമ്പെയ്ത്ത് അഥവാ ആർച്ചറി മാറിയപ്പോൾ പരമ്പരാഗത രീതിയിലുള്ള അമ്പിനും വില്ലിനും പോലും രൂപമാറ്റം വന്നു.
കാലം സൃഷ്ടിച്ച അനിവാര്യമായ ഇത്തരം മാറ്റങ്ങൾക്കിടയിലും മലയാള മാസത്തിലെ തുലാമാസം പത്താം തിയതി കുറിച്യ തറവാട് കളിൽ ഈ അമ്പും വില്ലും പുറത്തെടുത്ത് ആചാരപരമായി പൂജിക്കും. തുലാപ്പത്ത് എന്ന ഈ ആചാരവും ആഘോഷവും അഞ്ച് ദിവസം വരെ നീണ്ടു നിൽക്കുമായിരുന്നു. അടുത്ത കാലം വരെ കാട് കയറി മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരുന്ന രീതി തുടർന്നിരുന്നു. പിന്നീടത് മുന്ന് ദിവസമായും ഒരു ദിവസമായും ചൂരുങ്ങി വന നിയമങ്ങൾ കർക്കശമായതോടെ നായാട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി തുലാപ്പത്ത് മാറി. വെള്ളമുണ്ട കോക്കടവ് വെള്ളരിക്കുന്ന് കാവുംമൂട്ടിൽ തറവാടിൽ തറവാട് മൂപ്പൻ അച്ചപ്പൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ വയനാട് എ.ഡി.എം. എൻ.ഐ. ഷാജുവും എത്തിയിരുന്നു.
ആദ്യകാലത്ത് ഉപയോഗിച്ചിരുന അമ്പും വില്ലും കൂടാതെ പിൽകാലത്ത് ഉപയോഗിച്ച തിര തോക്കും തുലാപ്പത്തിന് പൂജക്ക് വെക്കും. ആകാശത്തേക്ക് വെടിവെച്ചാണ് ആചാരപരമായ ചടങ്ങുകൾക്ക് സമാപ്തിയായത്. വയനാട്ടിലെ എല്ലാ കുറിച്യ തറവാടുകളിലും ആചാരപരമായി തുലാപ്പത്താഘോഷം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭീമൻ വാഹനങ്ങൾ ചുരം കയറും: റിപ്പോർട്ട് തയാറായി
Next post കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു
Close

Thank you for visiting Malayalanad.in