
ഗോത്ര താളത്തിൽ മ്യൂസിക് ബാൻഡ് പിറന്നു: നീലാംബരി ലോകോത്തര സംഗീത സംഘവുമായി അലക്സ് പോൾ.
ഗോത്രമേഖലയിലെ കലാകാരൻമാരെ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നാദ്യമായി ലോകോത്തര നിലവാരത്തിൽ ഒരു സംഗീത ബാൻഡ് രൂപീകൃതമായി. മലയാള സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മ്യൂസിക് ഡയറക്ടർ അലക്സ് പോളിൻ്റെ ശ്രമ ഫലമായാണ് ഗോത്രതാളത്തിൻ്റെ തനിമയിൽ നീലാംബരി ട്രൈബ്സ് മ്യൂസിക് എന്ന പേരിൽ പുതിയ മ്യൂസിക് ബാൻഡ് ആസ്വാദകരിലേക്ക് എത്തുന്നത്.കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഗോത്ര സംഗീത ബാൻഡ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഗോത്ര സംസ്കാരത്തിൻ്റെ ഭാഗമാണ് സംഗീതവും തുടി പോലുള്ള ധാരാളം സംഗീത ഉപകരണങ്ങളും. ഗോത്രാചാരങ്ങളിലും ആഘോഷങ്ങളിലും കുടികളിലെ ചടങ്ങുകളിലും മാത്രം ഉപയോഗിച്ചിരുന്ന ഗോത്ര സംഗീതത്തെയും സംഗീത ഉപകരണങ്ങളെയും മറ്റ് സംഗീത ഉപകരണങ്ങൾക്കുമൊപ്പം ഉപയോഗിച്ചാണ് അവ രണ്ടും സമന്വയിപ്പിച്ച് നീലാംബരി എന്ന പുതിയ സംഗീത ബാൻഡ് ജന്മം കൊണ്ടത്. നീലാംബരി ട്രൈബ്സ് മ്യുസിക് വേൾഡ് ക്ലാസ്സ് മ്യുസിക് ബാൻഡ് എന്നതിന് പേരിട്ടു. പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ ഏറെ നാൾ നടത്തിയ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശ്രമകരമായ ഇടപെടലുകൾക്കും ശേഷമാണ് വയനാട്ടിലെ വിവിധ ഗോത്ര സമൂഹങ്ങളിലുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്നത്. എറണാകുളം സ്വദേശിനിയായ ലെൻസി സജിയാണ് വർഷങ്ങൾക്ക് ഈയൊരാശയം അലക്സ് പോളിന് മുമ്പിൽ അവതരിപ്പിച്ചത്.
കാട്ടു നായ്ക്ക ,പണിയ, കുറിച്യ, കുറുമ ,ഊരാളി വിഭാഗങ്ങളിലെ 26 ചെറുപ്പക്കാരാണ് സംഘത്തിലുള്ളത്.
ചെണ്ട, തബല, മുളന്തുടി ,ഇല താളം തുടങ്ങിയ ഉപകരണങ്ങൾക്കൊപ്പം ഇവർ പുതിയതായി നിർമ്മിച്ച സംഗീത ഉപകരണമായ സ്വരതരംഗ് എന്ന ഉപകരണവും ഈ ബാൻഡിൽ ഉപയോഗിക്കുന്നുവെന്നതാണ് പ്രത്യേകത. ചെറുകര റിനൈസൻസ് ലൈബ്രറിയുടെ ആതിഥേയത്വത്തിൽ ഒരു മാസം നീണ്ട പരിശീലനത്തിനൊടുവിൽ എൻ ഊര് ഗോത്ര പൈതൃകഗ്രാമത്തിൽ രണ്ട് ദിവസം തുടർച്ചയായി ഗോത്ര സംഗീത ബാൻഡിൻ്റെ അവതരണം നടന്നു. പ്രതീക്ഷച്ചതിലും വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്ന് ഇവർക്ക് ലഭിച്ചത് .
കോളനികളിൽ നിന്നും മറ്റും ലഹരി ഉപയോഗിച്ചിരുന്നവർ മുറുക്ക് പോലും ഉപേക്ഷിച്ചാണ് പുതിയ ഗോത്ര സംഗീത താളത്തെ ജീവിത ലഹരിയായി ഏറ്റെടുത്തിരിക്കുന്നത് .
സംഘത്തിലെ എട്ട് പേർ പ്രധാന നാടൻപാട്ട് കലാകാരൻമാരും ആറ് പേർ ഡാൻസുകാരുമാണ്. ഒരാൾ മുളന്തുടി ഉപയോഗിക്കുമ്പോൾ രണ്ട് പേർ പണിയ വിഭാഗത്തിൻ്റെ സംഗീത ഉപകരണമായ തുടി ഉപയോഗിക്കും. അപ്പു ,സുബിൻ എന്നിവരാണ് പുതിയ ഉപകരണമായ സ്വര തരംഗ് ഉപയോഗിക്കുമ്പോൾ മറ്റ് ഉപകരണങ്ങളുമായി സംഘാംഗങ്ങൾ കൂടെ കൂടും. പണ്ട് ഗോത്ര സംസ്കാരത്തിൻ്റെ ഭാഗമായിരുന്ന പാട്ടുകൾ തന്നെയാണ് നീലാംബരിയിലൂടെ പുതിയ ശൈലിയിൽ അവതരിപ്പിക്കപ്പെടുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് സി.എസ്.ആർ.ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ചിലവുകൾക്കുള്ള തുക നൽകിയത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഇനി ഈ സംഘാംഗങ്ങൾ സംഗീത ബാൻഡ് അവതരിപ്പിക്കും. തൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ് ഗോത്രകലാകാരൻമാർക്കൊപ്പമുള്ളതെന്ന് സംഗീത സംവിധായകൻ അലക്സ് പോൾ പറഞ്ഞു.