ആദ്യമൊന്ന് പകച്ചു: പിന്നെ പതിയെ ആദ്യമായി സിന്തറ്റിക് ട്രാക്കുണർന്നു: വയനാടൻ കായിക കുതിപ്പ് തുടങ്ങി.

കൽപ്പറ്റ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ വയനാട്ടിൽ കൽപ്പറ്റയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്യമായപ്പോൾ ശീലമില്ലാത്ത കായിക താരങ്ങൾ ആദ്യമൊന്ന് പരുങ്ങി. പിന്നെ, പതിയെ ട്രാക്ക് വഴങ്ങി. മണിക്കൂറുകൾക്കുള്ളിൽ വിജയക്കുതിപ്പ്. കൽപ്പറ്റ എം.കെ.ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റ് ആദ്യ മത്സരമെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടി.
വയനാട് ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അത് ലറ്റിക് മീറ്റാണ് ജിന ചന്ദ്ര സ്റ്റേഡിയത്തിലെ ആദ്യ മത്സരം. കല്ലും മണ്ണും ചളിയും നിറഞ്ഞ മൈതാനത്ത് നടന്നും കുണ്ടും കുഴിയും നിറഞ്ഞ ട്രാക്കിലോടിയും ശീലിച്ച വയനാട്ടിലെ കൊച്ചു കായിക താരങ്ങൾ ആദ്യമായി സിന്തറ്റിക് ട്രാക്കിലെത്തിയപ്പോൾ പലരും മനോഹര ട്രാക്കും ഫീൽഡും കണ്ട് അതിൻ്റെ സൗന്ദര്യം ആസ്വദിച്ചെങ്കിലും മത്സരങ്ങൾ തുടങ്ങിയപ്പോൾ കാലുകൾക്ക് വഴക്കമില്ല. ആദ്യ ഇനമായ പതിനായിരം മീറ്റർ നടത്തത്തിൽ ആദ്യ വിജയിയായി ചരിത്രത്തിൽ ഇടം പിടിച്ച വടുവൻ ചാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ജെറിക് ജോർജിനും രണ്ടാം സ്ഥാനക്കാരനായ പനമരം ക്രെസ്പോ അക്കാഡമിയിലെ ‘മുഹമ്മദ് ഇജാസിനും ട്രാക്ക് വഴങ്ങിയത് ഒന്ന് രണ്ട് റൗണ്ടുകൾക്ക് ശേഷം .
പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ ഇനമായ മൂവായിരം മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോട്ടത്തറ സ്പോർട്സ് അക്കാദമിയിലെ എ.കെ. അമയക്കും രണ്ടാം സ്ഥാനക്കാരിയായ തൃശ്ശിലേരി ജി.എച്ച്.എസ്.എസിലെ ശ്രീഷ്മ സുരേഷിനും മൂന്നാം സ്ഥാനക്കാരിയായ സൂമി സ്പോർട്സ് അക്കാദമിയിലെ ഐഫ മെഹറിനും പറയാനുള്ളതും ഇത് തന്നെ.
ആദ്യ മത്സരമായതിനാൽ പരിമിതികൾ സംഘാടകരെയും ബാധിച്ചു. സംസ്ഥാന മത്സരങ്ങൾ കാലങ്ങളായി സിന്തറ്റിക് ട്രക്കിലും ഫീൽഡിലും നടക്കുന്നതിനാൽ ഇത്തവണത്തെ ജില്ലാ മത്സരം ജില്ലയിലെ കായിക താരങ്ങൾക്ക് ഗുണകരമാകുമെന്ന് പരിശീലകനും സംഘാടകനുമായ ലൂക്ക ഫാൻസിസ് പറഞ്ഞു.
വയനാട് ജില്ലയിലെ അത് ലറ്റിക് അസോസിയേഷനിൽ അംഗത്വമുള്ള 35 ക്ലബ്ബുകളിൽ നിന്നായി 600 ലധികം കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ 26 – നാണ് ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്ത് കായിക താരങ്ങൾക്കായി സ്റ്റേഡിയം തുറന്നുകൊടുത്തത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post വടക്കാഞ്ചേരി അപകടം: അനുശോചനത്തിനൊപ്പം നഷ്ടപരിഹാരവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി: ഡ്രൈവർ ഒളിവിൽ
Next post സാനന്ദ് കൃഷ്ണക്ക് മുത്തം നൽകി കലക്ടർ എ. ഗീത : ലഹരിക്കെതിരെയുള്ള കരുതല്‍
Close

Thank you for visiting Malayalanad.in