വടക്കാഞ്ചേരി അപകടം: അനുശോചനത്തിനൊപ്പം നഷ്ടപരിഹാരവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി: ഡ്രൈവർ ഒളിവിൽ

.
ഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും നൽകുമെന്ന് അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി.
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.രണ്ടു പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കായികാധ്യാപകനും അപകടത്തില്‍ മരിച്ചു. കെ.എസ്‌.ആര്‍.ടി.സി യാത്രക്കാരായ മൂന്നുപേരും മരിച്ചു.
മരിച്ച വിദ്യാര്‍ത്ഥികള്‍ ഇവരാണ്. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ദിയ രാജേഷ് (15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി സ്വദേശി ക്രിസ് വിന്റര്‍ ബോണ്‍ തോമസ് (15), തിരുവാണിയൂര്‍ ചെമ്മനാട് സ്വദേശി എല്‍ന ജോസ് (15) എന്നീ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും, ഉദയംപേരൂര്‍ വലിയകുളം സ്വദേശി അഞ്ജന അജിത്ത് (17), മുളന്തുരുത്തി ആരക്കുന്നം സ്വദേശി ഇമ്മാനുവല്‍ സി എസ് (17) എന്നീ പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്.
സ്‌കൂളിലെ കായിക അധ്യാപകനായ മുളന്തുരുത്തി ഇഞ്ചിമല സ്വദേശി വിഷ്ണു കെ വി (33)യും മരണപ്പെട്ടു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. ദീപു (24), അനൂപ് (24), രോഹിത് (24) എന്നിവരാണ് മരിച്ച കെഎസ്‌ആര്‍ടിസി യാത്രക്കാര്‍.
ഇന്നലെ രാത്രി പതിനൊന്നരയോടെ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കെ.എസ്‌.ആര്‍.ടി.സി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറി. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ബസിലെ ജി.പി.എസില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മറ്റൊരു വാഹനത്തെ അമിത വേഗതയിൽ മറികടന്നാണ് കെ.എസ്.ആർ.ടി.സി.ബസ്സിന് പിന്നിൽ ഇടിച്ചത്. വേളാങ്കണ്ണിക്ക് ട്രിപ്പ് പോയി മടങ്ങിയ ഡ്രൈവർ വിശ്രമമില്ലാതെ വിയർത്ത് കുളിച്ചാണ് സ്കൂളിലെത്തിയത്. വിശ്രമം വേണ്ടേയെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ വേവലാതി വേണ്ടെന്നും താൻ എക്സ് പേർട്ട് ഡ്രൈവറാണന്നും ജോമോൻ പറഞ്ഞത്രെ. ഡ്രൈവർ ജോമോൻ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി
Next post ആദ്യമൊന്ന് പകച്ചു: പിന്നെ പതിയെ ആദ്യമായി സിന്തറ്റിക് ട്രാക്കുണർന്നു: വയനാടൻ കായിക കുതിപ്പ് തുടങ്ങി.
Close

Thank you for visiting Malayalanad.in