ജീവിതത്തിൻ്റെ ശമനതാളം :നോവുകൾ അക്ഷരങ്ങളായി: കണ്ണീരിൻ്റെ നനവിൽ മുബഷീറയുടെ പുസ്തകം വായനക്കാരിലേക്ക് .

സി.വി.ഷിബു.
കൽപ്പറ്റ: അപ്രതീക്ഷിതമായി ക്യാൻസർ എന്ന രോഗത്തിന് അടിപ്പെട്ട ഒരു പെൺകുട്ടിയുടെ നോവുകൾ അക്ഷരങ്ങളായി ജനിച്ചപ്പോൾ കണ്ണീരിൽ ഒരു കൃതി രൂപപ്പെട്ടു. ജീവിതത്തിൻ്റെ ശമനതാളം – എൻ്റെ ക്യാൻസർ അതിജീവനത്തിൻ്റെ കഥ എന്ന് ആ പുസ്തകത്തിന് പേരിട്ടു. ക്യാൻസറിനെ അനന്യമായ മനകരുത്തു കൊണ്ട് കീഴ്പ്പെടുത്തിയ മുബഷീറ എന്ന പതിനേഴുകാരിയുടെ കഥ വ്യാഴാഴ്ച വായനക്കാരിലേക്കെത്തുന്നു.
പന്തിപ്പൊയിൽ മലബാറി മൊയ്തുവിൻ്റെയും ആയിഷയുടെയും മകളാണ് മുബഷീറ. വാരാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് മുറിയിൽ വെച്ചാണ് ആദ്യമായി നടുവേദന അനുഭവപ്പെടുന്നത്. മറ്റൊരു ദിവസം വീട്ടിൽ കുഴഞ്ഞു വീണു. വിദഗ്ധ പരിശോധനയിൽ നട്ടെല്ലിന് ക്യാൻസറാണന്ന് തിരിച്ചറിഞ്ഞു. പിന്നെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോ.അജയ് കുമാറിന് കീഴിൽ രണ്ടര വർഷത്തോളം ചികിത്സ.ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലം കടക്കുന്നതിനിടെ സഹിച്ച വേദനകൾ, അനുഭവിച്ച ദുരിതങ്ങൾ, ഉള്ളിലൊതുക്കിയ സങ്കടങ്ങൾ എല്ലാം പേന തുമ്പിലൂടെ കടലാസിലേക്ക്. 2022- ഒക്ടോബർ 6 മുബഷീറയെ സംബന്ധിച്ച് സുപ്രധാന ദിവസമാണ്.. താൻ കുറിച്ച കൊച്ചു വാചകങ്ങൾ 1 14 പേജുള്ള ഒരു പുസ്തകമായി പുറത്തിറങ്ങുകയാണ്. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന മുബഷീറ ഈ ദിനത്തിൽ എഴുത്തുകാരിയുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുകയാണ്. മലപ്പുറത്തെ പുസ്തക പ്രസാധകരായ ബുക്ക് പ്ലസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
” ഓർക്കാപ്പുറത്ത് കുഴഞ്ഞുപോയ കാലുകൾ, ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ആശുപത്രിമണം, ഉറക്കം പിടികൊടുക്കാത്ത രാത്രികൾ, ക്യാൻസർവാർഡിലെ നോവുന്ന കാഴ്ചകൾ, ഐ.സി.യുവിലെ പ്രതീക്ഷ കെട്ട ജീവിതങ്ങൾ… എല്ലാത്തിനുമിടയിൽനിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് ചുവടുവച്ച കൊച്ചുമിടുക്കിയുടെ അനുഭവങ്ങൾ. തന്നെപ്പോലെ അനേകം പേരുടെ കഥകൾ ചേർത്തുതുന്നിയ കുറിപ്പുകൾ. നഷ്ടപ്പെട്ടെന്ന തോന്നലുകളെ പിന്തള്ളി രോഗികളിൽ, കുടുംബങ്ങളിൽ, വായനക്കാരിൽ പ്രതീക്ഷയുടെ നനവുകൾ പകരാൻ കെൽപുള്ള പുസ്തകം” എന്നാണ് പ്രസാധകർ ഇതിനെ വിശേഷിപ്പിക്കുന്നത് .
തന്നെ ചികിത്സിച്ച ഡോ.അജയ്കുമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ പുസ്തകം വായനക്കാരിലേക്ക് എത്തുമ്പോൾ അത് മുബഷീറ എന്ന എഴുത്തുകാരിയുടെ ജനനവും പുതു ജീവിതം തുടങ്ങുന്ന ഒരു കൗമാരക്കാരിയുടെ രണ്ടാം ജന്മവുമാണ്. ഒപ്പം മകളുടെ ചികിത്സയോടെ ജീവിതം വഴിമുട്ടിയെന്ന് കരുതിയ തുഛ വരുമാനക്കാരനായ മൊയ്തു മലബാറി പന്തിപ്പൊയിൽ എന്ന ഒരു തെരുവോര കച്ചവടക്കാരൻ്റെ ജീവിതത്തിൻ്റെ വഴിത്തിരിവുമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
Next post ഗാന്ധിജയന്തി: ലഹരി വിരുദ്ധ ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും
Close

Thank you for visiting Malayalanad.in