കളിച്ചും ചിരിച്ചും വയോജന ദിനം: ബലൂൺ പറത്തി ആഘോഷം.

അന്താരാഷ്ട്ര വയോജന ദിനാചരണം നടത്തി
‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അതിജീവനം’ എന്ന സന്ദേശമുയര്‍ത്തി ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. ചേര്‍ത്തുപിടിക്കലിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം വര്‍ണ്ണ ബലൂണുകള്‍ വാനില്‍ പറത്തി. വയോജനങ്ങള്‍ ആടിയും പാടിയും ഒത്തുചേര്‍ന്നപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അവശതയും ഏകാന്തതയും മറന്നു. കാരാപ്പുഴ മെഗാ ടൂറിസം കേന്ദ്രത്തില്‍ അരങ്ങേറിയ മുതിര്‍ന്ന പൗരന്മാരുടെ ഏകദിന സല്ലാപമാണ് അന്താരാഷ്ട്ര വയോജനദിനത്തിന് കൂടുതല്‍ മാറ്റേകിയത്. അവര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പാലിയേറ്റീവ് പ്രവര്‍ത്തകരും കെയര്‍ ടേക്കര്‍മാരും ചേര്‍ന്നതോടെ അത് തലമുറകളുടെ സംഗമമായി. കാരാപ്പുഴ ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ ദിനാചരണ സന്ദേശം നല്‍കി. വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച വയോജനനങ്ങളെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ആദരിച്ചു.
പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ആര്‍.ബി.എസ്.കെ നഴ്സുമാര്‍, എം.എല്‍.എസ്.പി ജീവനക്കാര്‍, അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദീപയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരുടെ സംഘനൃത്തവും പുല്‍പ്പള്ളി ബ്ലോക്ക് എം.എല്‍.എസ്.പി സംഘത്തിന്റെ സ്‌കിറ്റും പരിപാടിക്ക് മിഴിവേകി. വിവിധ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരുടെ പാട്ടുകളും അരങ്ങേറി. വീല്‍ചെയറില്‍ കഴിയുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ റെയിന്‍ബോ ബീറ്റ്സിന്റെ ഗാനമേളയും പരിപാടിയുടെ പ്രത്യേകതയായി. കല്‍പ്പറ്റ എമിലി നാടന്‍കലാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നാടന്‍ പാട്ടുകളും ആസ്വാദകരുടെ മനം കവര്‍ന്നു. അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചും കളിച്ചും ചിരിച്ചും വയോജന ദിനം വലിയൊരു ഒത്തുച്ചേരലിന്റേത് കൂടിയായി.
ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ”സമഗ്ര ആരോഗ്യപരിരക്ഷയുടെ ഭാഗമായി വയോജന ആരോഗ്യ പരിപാലനം” എന്ന വിഷയത്തിലും ”ആരോഗ്യ പൂര്‍ണ്ണമായ ഭക്ഷണ രീതി” എന്ന വിഷയത്തിലും കെ.സി ഷൈജല്‍, ഷാക്കിറ സുമയ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അന്താരാഷ്ട്ര വയോജന പക്ഷാചരണത്തിന്റെ ഭാഗമായി രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. കല്‍പ്പറ്റ ജനറല്‍-ജില്ലാ-താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളും നടക്കുന്നു. കിടപ്പു രോഗികള്‍ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്കും പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍, ഇതര ആരോഗ്യ പ്രവര്‍ത്തകര്‍, എം.എല്‍.എസ്.പി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാതില്‍പ്പടി സേവനം നല്‍കുന്നുണ്ട്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേരി സിറിയക്ക്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷാന്ത്, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് കെ. എസ്. നിജില്‍, ആശാ കോഡിനേറ്റര്‍ സജേഷ് ഏലിയാസ്, ബേസില്‍ വര്‍ഗീസ്, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ വി. സ്മിത, വയോജന വേദി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം മുതിര്‍ന്ന പൗരന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു. (ചിത്രം)
*വയോജന ദിനം ആചരിച്ചു*
പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിക്ക് മെഡിക്കല്‍ ഓഫീസര്‍ എം.വി. വിജേഷ് നേതൃത്വം നല്‍കി. വയോജന ദിനത്തിന്റെ ഭാഗമായി ജീവിത ശൈലീ രോഗ ക്ലിനിക്, കണ്ണ് പരിശോധന, ദന്ത പരിശോധന, ഫിസിയോ തെറാപ്പി പരിശീലനം, യോഗ പരിശീലനനം, റിലാക്സേഷന്‍ തെറാപ്പി എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വയോജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ തിരഞ്ഞെടുത്തവര്‍ക്കുള്ള സമ്മാനദാനം നടന്നു. നൂറോളം വയോജനങ്ങള്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്കായി കലാ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ നടന്നു. പൊഴുതന പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടൂരിൽ വാഹനാപകടത്തിൽ 19 കാരന് ദാരുണാദ്യം
Next post ചരിത്രമെഴുതി എ.ബി.സി.ഡി; നല്കിയത് 24,794 സേവനങ്ങള്‍
Close

Thank you for visiting Malayalanad.in