കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും  ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ​ഗുണകരമാകുന്ന രീതിയിൽ പ്രായോ​ഗികതലത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനും ഫെറി ട്രസ്റ്റും സംയുക്തമായി വിഭാവനം ചെയ്ത ലിവിങ് ലാബ് പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാ​ഗമായി ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം തമ്മിൽ കൈമാറി. സംയുക്ത ഗവേഷണങ്ങൾ, പരിശീലന പരിപാടികൾ, സംയുക്ത പ്രൊജക്റ്റുകൾ, കൺസൾട്ടൻസി, വിജ്ഞാന കൈമാറ്റം, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് ഈ പങ്കാളിത്തം വഴിയൊരുക്കും.
സാങ്കേതികവിദ്യകളുടെ പ്രായോഗികത ഉറപ്പുവരുത്തുക, അവ പ്രദർശിപ്പിക്കുക, നൂതന ആശയങ്ങൾ സംയുക്തമായി വികസിപ്പിക്കുക , പരിഹാരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കുള്ള ഒരു ഫീൽഡ് പ്ലാറ്റ്‌ഫോമായി ഈ ലിവിംഗ് ലാബുകൾ പ്രവർത്തിക്കും. ലബോറട്ടറികളിൽ നിന്നും ഫീൽഡിലേക്കും തുടർന്ന് വിപണിയിലേക്കും സാങ്കേതികവിദ്യകളെ എത്തിക്കുക എന്നതാണ് ലിവിംഗ് ലാബ്സ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ അറിവുകൾ പ്രായോഗികമായി പരീക്ഷിക്കുന്നതിനും അക്കാദമിക തലവും പ്രൊഫഷണൽ തലവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ഈ നൂതന സംരംഭം സഹായകമാകും.
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെയും പ്രാദേശിക സമൂഹത്തിന്റെയും സഹകരണത്തോടെ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയാകും പദ്ധതി നടപ്പിലാക്കുക. ​കുട്ടനാട്, കുമരകം, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിലെ തണ്ണീർത്തടങ്ങളും കാർഷിക ഇടങ്ങളും കേന്ദ്രീകരിച്ചാണ് ലിവിംഗ് ലാബുകൾ ആരംഭിക്കുന്നത്. ​തണ്ണീർത്തടങ്ങളിലെ പോളയും മറ്റ് കളകളും യന്ത്രസഹായത്തോടെ നീക്കം ചെയ്യുന്നതിനായി സി.ഡബ്ല്യു.ആർ.ഡി.എമ്മുമായി ചേർന്ന് ഫെറി ട്രസ്റ്റ് നടപ്പിലാക്കുന്ന “റോബോട്ടിക് അക്വാട്ടിക് വീഡ് ഹാർവെസ്റ്റ് ആൻഡ് മെക്കനൈസ്ഡ് ഓൺസൈറ്റ് വാലറൈസേഷൻ” എന്ന പ്രൊജക്റ്റാകും ലിവിംഗ് ലാബിന് കീഴിലെ ആദ്യത്തെ സംരംഭം.
ശാസ്ത്രീയ അറിവുകളെയും നൂതന സാങ്കേതികവിദ്യകളെയും പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റി കേരളത്തിൽ വലിയൊരു ഗവേഷണ-സ്വാധീന ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഫ്യൂച്ചർ കേരള മിഷൻ. കേരളം നേരിടുന്ന പരിസ്ഥിതി-സാമൂഹിക വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരം കാണാനും ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാനും മുൻ അംബാസഡറുമായ വേണു രാജാമണി പറഞ്ഞു.
പുതിയ ഗവേഷണ കണ്ടെത്തലുകൾ വെറുമൊരു ലാബിൽ മാത്രം ഒതുങ്ങാതെ, അവയെ വിപണിയിലേക്കും നാടിന്റെ ആവശ്യങ്ങൾക്കുമായി നേരിട്ട് പ്രയോജനപ്പെടുത്തുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് വ്യക്തമാക്കി.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലെ നൂതന പദ്ധതികൾ കൂടുതൽ വിപുലീകരിക്കാനും, അവ പ്രായോഗിക തലത്തിൽ അതിവേഗം നടപ്പിലാക്കാനും ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ഫെറി ട്രസ്റ്റ് റിസേർച്ച് ഡയറക്ടറും മാനേജിങ് ട്രസ്റ്റിയുമായ ഡോ. റോജിത്ത് ഗിരീന്ദ്രൻ വ്യക്തമാക്കി.ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നപരിഹാരങ്ങൾക്ക് ഡോ. രാകേഷ് വി.ബിയും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും അപകടസാധ്യതകളും വിലയിരുത്തുന്നതിന് ഡോ. ധന്യ ജോസഫും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഫെറി ട്രസ്റ്റ് ഡയറക്ടർമാരായ ഡോ. ധന്യ ജോസഫ്, ഡോ. രാകേഷ് വി.ബി, ജെയിൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് മേധാവി ഡോ. രാധാകൃഷ്ണൻ ഉണ്ണി, ഫ്യൂച്ചർ കേരള മിഷൻ ചീഫ് കോർഡിനേറ്റർ ജ്യോത്സന വിശുദ്, ഫ്യൂച്ചർ കേരള മിഷൻ ഇ.എ ആൻഡ് പ്രോഗ്രാം മാനേജർ ജ്യോതി സുനിൽ നായർ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *