തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വയനാടിന്റെ വികസനത്തിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പാത അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വന്യമൃഗശല്യം മൂലം കർഷകരും ഗ്രാമീണ ജനങ്ങളും നേരിടുന്ന ദുരിതങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. വന്യമൃഗ ആക്രമണങ്ങളിൽ കൃഷിനാശവും ജീവഹാനിയും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരവും ഫലപ്രദവും ശാശ്വതവുമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വിലത്തകർച്ച കർഷകരെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സമ്മേളനം വിലയിരുത്തി. കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും കർഷകരുടെ വരുമാനം സംരക്ഷിക്കാനുമായി സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഫൊറോന പരിധിയിലെ വൈദികരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ സാമൂഹിക, കാർഷിക, വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. തുടർന്ന് മേൽപ്പറഞ്ഞ മൂന്ന് പ്രമേയങ്ങളും ഏകകണ്ഠമായി പാസാക്കി.ഫോറോനാ വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ.മൈക്കൽ വടക്കേമുളഞ്ജനാൽ സ്വാഗതവും, ഫാ. ജസ്റ്റിൻ മൂന്നനാൽ നന്ദിയും പറഞ്ഞു.