ഉരുൾ ദുരന്ത ബാധിതർക്കുള്ള ആദ്യ വീടിന്റെ താക്കോൽദാനം നാളെ .

മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിര്‍മിക്കുന്ന 50 ഭവനങ്ങളില്‍ ആദ്യത്തേതിന്റെ വെഞ്ചിരിപ്പ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തോമാട്ടുചാലില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിക്കും. താക്കോല്‍ദാനം ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ .ഡോ.ജോസ് സി.എം.ഐ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ രേഖകള്‍ കൈമാറും. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ഫാ.സണ്ണി മഠത്തില്‍, ഫാ.വിന്‍സന്റ് കളപ്പുര, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. ദുരന്തത്തില്‍ കുടുബാംഗങ്ങള്‍, ഭവനം, സ്ഥലം എന്നിങ്ങനെ സര്‍വതും നഷ്ടപ്പെട്ട റെജീന ചിറ്റിലപ്പള്ളിക്കു നിര്‍മിച്ച വീടാണ് വെഞ്ചിരിക്കുന്നത്. ഭവന നിര്‍മാണത്തിന് 10 സെന്റ് സ്ഥലം രൂപത വിലയ്ക്കുവാങ്ങി റജീനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പണിതത്. രണ്ട് കിടപ്പുമുറി, ലിവിംഗ് റൂം, ഡൈനിംഗ് റൂം, കിച്ചന്‍, സിറ്റ്ഔട്ട്, രണ്ട് ടോയ്‌ലെറ്റ് എന്നിവ വീടിന്റെ ഭാഗമാണ്. കുഴല്‍ക്കിണര്‍, ചുറ്റുമതില്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. വീടിന് മാത്രം 17.5 ഉം സ്ഥലം അടക്കം മറ്റുള്ളവയ്ക്ക് 13.5 ഉം ലക്ഷം രൂപ വിനിയോഗിച്ചു. ഇതില്‍ 15 ലക്ഷം രൂപ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലൂടെ സിഎംഐ കോണ്‍ഗ്രിഗേഷനും 10 ലക്ഷം രൂപ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും ലഭ്യമാക്കി. ബാക്കി മാനന്തവാടി രൂപത കണ്ടെത്തി. രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും രൂപത പുനരധിവാസ കമ്മിറ്റിയും ചേര്‍ന്നാണ് ഭവന നിര്‍മാണം നടത്തിയത്. ദുരന്ത ബാധിതര്‍ക്ക് നിര്‍മിക്കുന്ന മറ്റ് ഭവനങ്ങളുടെ നിര്‍മാണം വാഴവറ്റ, ദ്വാരക, പുതിയിടം, കാരാപ്പുഴ എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തോടെ മുഴുവന്‍ ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനാധിപത്യ പ്രക്രിയിൽ സമ്പൂർണ്ണ സമൂഹ പങ്കാളിത്തം ഉറപ്പാക്കണം: ബീച്ച് പഞ്ചായത്ത്
Next post റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി
Close

Thank you for visiting Malayalanad.in