മുലപ്പാൽ നൽകി കൊണ്ടിരിക്കെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു; ശല്യം തീർന്നെന്ന് സ്വവർഗ പങ്കാളിക്ക് സന്ദേശം 

തമിഴ്നാട് : ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന യുവതിയുടെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. തന്റെ സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനാണ് യുവതി സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ കൊന്നത്. സുരേഷ്-ഭാരതി ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് സ്വന്തം അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. രണ്ട് ദിവസം മുൻപാണ് കുഞ്ഞ് മരിച്ചത്. മുലപ്പാൽ തലച്ചോറിൽ കയറി കുഞ്ഞ് മരിച്ചെന്നാണ് കരുതിയിരുന്നെങ്കിലും അച്‌ഛൻ സുരേഷിന് തോന്നിയ ചില സംശയങ്ങൾ സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. 26കാരിയായ ഭാരതിക്ക് അതേ ഗ്രാമത്തിലെ 22കാരിയായ സുമിത്ര എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ബന്ധമായതിനാൽ ഭാരതിയുടെ ഭർത്താവ് ജോലിക്ക് പോയതിന് ശേഷമാണ് ഇരുവരും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. സുരേഷിനും ഭാരതിക്കും മൂന്നാമതൊരു കുഞ്ഞ് കുടി ഉണ്ടായതിൽ സുമിത്രക്ക് എതിർപ്പുണ്ടായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കുഞ്ഞ് ഒരു തടസമാണെന്നും ഇരുവർക്കും തമ്മിൽ കാണാൻ സമയം തികയുന്നില്ലെന്നതുമായിരുന്നു ഇതിന് കാരണം. ഇതിൻ്റെ പേരിൽ നിരന്തരം പ്രശ്‌നങ്ങൾ ഉടലെടുത്തു. പിന്നാലെ സുമിത്ര കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഭാരതിയോട് ആവശ്യപ്പെട്ടു. ഇതോടെ ഭാരതി കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന് പാൽ നൽകിയ ശേഷം ഭാരതി കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മുലയൂട്ടുന്നതിനിടെ പാൽ തലച്ചോറിൽ കയറി കുട്ടിക്ക് അനക്കമില്ലാതായെന്നായിരുന്നു ഭാരതി ബന്ധുക്കളോടു പറഞ്ഞിരുന്നത്. കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ എത്തിയ ഭർത്താവ് സുരേഷിനു ഭാരതിയുടെ രഹസ്യ ഫോൺ ലഭിച്ചതോടെയാണു ക്രൂരകൊലയുടെ ചുരുളഴിയുന്നത്. മരണശേഷം കുഞ്ഞിന്റെ കാൽത്തളയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ശല്യം ഒഴിഞ്ഞു എന്ന് ഭാരതി സുമിത്രക്ക് സന്ദേശം അയച്ചിരുന്നു. ഇത് കണ്ട സുരേഷ് പൊലീസിനെ സമീപിച്ചു. സുമിത്രയുടെ നിർദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇരുവരുടെയും ബന്ധം വ്യക്‌തമാക്കുന്ന നിരവധി റീലുകളും പൊലീസ് കണ്ടെടുത്തു. കൂടാതെ ഇവരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്നാണ് ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡൽഹിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം; വാഹനത്തിരക്ക് കുറയ്ക്കാൻ ജീവനക്കാരുടെ ഷിഫ്റ്റ് സമയ മാറ്റം 15 മുതൽ
Next post എലിക്‌സർ ജുവൽസും ബീറ്റാ ഗ്രൂപ്പും കൈകോർക്കുന്നു: ഇതോടെ ലാബ് വജ്രവ്യവസായത്തില്‍ കേരളം ആഗോള കേന്ദ്രമാകും
Close

Thank you for visiting Malayalanad.in