ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോൾ, കേരള സർക്കാർ നൽകുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ‘ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം എനിക്ക് നൽകുന്നത്. ഈ സ്‌നേഹത്തിന് മുന്നിൽ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല” – സംസ്ഥാന സർക്കാരിന്റെ ആദരം ‘മലയാളം വാനോളം ലാൽസലാം’ പരിപാടിയിൽ ഏറ്റുവാങ്ങി മറുമൊഴി നൽകുകയായിരുന്നു മോഹൻലാൽ.
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാൽക്കെ സമർപ്പിച്ച ജീവിതമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. മുംബൈയിലെ ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സിലെ ചിത്രകലാ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, ‘രാജാ ഹരിശ്ചന്ദ്രൻ’ എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, അധ്വാനങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കിയപ്പോൾ, സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. താനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങൾക്ക് മുമ്പ് സിനിമയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാൽക്കെ തന്നെയാണെന്ന് മോഹൻലാൽ പറഞ്ഞു.
സിനിമ എന്ന സങ്കീർണ കലാരൂപത്തെക്കുറിച്ച് യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളിൽവെച്ച് സിനിമ എടുക്കാൻ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയിൽ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കൾ ഫോട്ടോ സംവിധായകൻ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നിൽ വന്നതും 48 വർഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർക്കുന്നു.
അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാൽ, താൻ തീരത്തെ മരച്ചിലയിൽ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കിൽ മുങ്ങിപ്പോകുമ്പോൾ ഏതൊക്കെയോ കൈകൾ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പർശിക്കുമ്പോൾ അതിന് വ്യത്യസ്ത രൂപം കൈവരുന്നു. തിരക്കഥാകൃത്തുക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, ക്യാമറാമാൻമാർ, മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങൾക്ക് വെളിച്ചം നൽകിയവർ, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികൾ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു. ‘ഇതുതന്നെയാണോ എന്റെ തൊഴിൽ?’ എന്ന് ആലോചിക്കുമ്പോഴും, ‘ലാലേട്ടാ’ എന്ന സ്‌നേഹത്തോടെയുള്ള വിളികൾ തന്നെ മഹാനദിയുടെ പരപ്പിൽ മുങ്ങിപ്പോകുമ്പോൾ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകാൻ പറയുന്നു. ഏതൊരു കലാകാരനെന്നപോലെ തന്റെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. വാനോളം പ്രശംസകളും പാതാളത്തോളം താഴ്ത്തുന്ന വിമർശനങ്ങളും താൻ അനുഭവിച്ചിട്ടുണ്ട്, രണ്ടിനെയും സമചിത്തതയോടെയാണ് കാണുന്നത്. തനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കിൽ അത് തനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിയുടെ അനുഗ്രഹമാണെന്ന് മോഹൻലാൽ പറഞ്ഞു.
ഏതൊരു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്. കാഴ്ചക്കാരുണ്ടായിരുന്നില്ലെങ്കിൽ ആ കലാകാരൻ ഇല്ലാതാകുമായിരുന്നു എന്ന ബോധ്യം എപ്പോഴുമുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും മലയാളിക്കും മലയാളത്തിനും കേരളത്തിനും സമർപ്പിക്കുന്നു.
ഗംഭീരമായ ഈ സ്വീകരണം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ എന്നിവരോടും പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി മോഹൻലാൽ പറഞ്ഞു.
ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...
മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി. ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി...
. കൽപ്പറ്റ: ഗുരു ജ്യോതി അധ്യാപക പുരസ്കാരത്തിന് കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്‌കൂൾ അറബി അധ്യാപകൻ ഇ മുസ്തഫ അർഹനായി. കവിയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചുവരുന്ന...
കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ...
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ...