വയനാട് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി

. കൽപ്പറ്റ:
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി എന്നിവരാണ് പരാതികൾ കേട്ടത്.
അദാലത്തിൽ അപ്പപ്പോൾ തീര്‍ക്കാൻ സാധിച്ച പരാതികളിന്മേൽ കളക്ടറും എഡിഎമ്മും പരിഹാരം നിര്‍ദേശിക്കുകയും തുടര്‍ നടപടികൾ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു.
പരാതികൾക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അക്ഷയ, ബാങ്കിങ് സേവനങ്ങൾ, നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്രീനിങ് എന്നിവയും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.
വന്യമൃഗശല്യം, അംഗൻവാടിക്കായി വിട്ടുകൊടുത്ത ഭൂമിയുടെ രേഖകളിലെ അപാകതകൾ, വീടിനുള്ള അപേക്ഷകൾ, റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ, വീടിനും മറ്റ് കെട്ടിടങ്ങളും ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യങ്ങൾ, റോഡ് അറ്റകുറ്റപ്പണി, സ്വയംസന്നദ്ധ പുനരധിവാസം, ഉന്നതികളിലേക്കുള്ള യാത്രാപ്രശ്നങ്ങൾ, മലിനജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുള്ള പരാതി, വെള്ളം കയറുന്ന ഭൂമിയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന അപേക്ഷ, ബസ് സര്‍വീസ് വേണമെന്ന ആവശ്യം, ദേശീയപാതയിലെ അപകടകരമായ യാത്ര, കുടിവെള്ളവും വഴിയും മുടക്കുന്നത് സംബന്ധിച്ച പരാതി, ബാങ്കിൽ നിന്ന് രേഖകൾ തിരികെ കിട്ടാത്തത്, പട്ടയം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ, ആരോഗ്യ ഇൻഷുറൻസ് കാര്‍ഡിലെ പിഴവ്, ഉപജീവന മാര്‍ഗത്തിനായുള്ള അപേക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്.
ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂര്‍ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉറപ്പാക്കാൻ മോട്ടോര്‍ വാഹനവകുപ്പിന് കളക്ടര്‍ നിർദേശം നൽകി. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ അദാലത്തിൽ പരാതി നൽകി. ഇവയിലും തുടര്‍ നടപടിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തു. ഇന്ന് (ബുധനാഴ്ച) എടവക ഗ്രാമപഞ്ചായത്തിലും ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് നടക്കും. സ്വരാജ് ഹാളിൽ രാവിലെ 10 മുതൽ ഉച്ച വരെയായിരിക്കും അദാലത്ത് നടക്കുക.
ജീവിക്കാനൊരു ആടിനെ വേണമെന്ന് മാധവൻ; അദാലത്തിൽ ഉടനടി പരിഹാരം

പണപ്പാടി ഉന്നതിയിൽ നിന്ന് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ മാധവന് ഒറ്റ ആവശ്യം മാത്രം. ക്യാൻസര്‍ രോഗിയായ തനിക്ക് ഈ പ്രായത്തിൽ മറ്റ് ജോലികളൊന്നും ചെയ്യാനാവുന്നില്ല. കീമോതെറാപ്പിയുടെ ക്ഷീണം വേറെ. ജീവിക്കാനായി തനിക്ക് ഒരു ആടിനെ വേണം. പരാതി കേട്ട കളക്ടര്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളിലേതുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂട്ടി എന്താണ് വഴിയെന്ന് ആലോചിച്ചു.
കുടുംബശ്രീ വഴി ആടിനെ നൽകാൻ പദ്ധതിയുണ്ടെങ്കിലും അതിന് ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ പ്രായോഗിക സങ്കീര്‍ണതകളുണ്ട്. എന്ത് ചെയ്യാനാവുമെന്ന ആലോചനയ്ക്കൊടുവിൽ രണ്ട് ആടുകളെ നൽകാമെന്ന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ആടുകളെ കൈമാറുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ നേരിട്ട് അറിയിക്കുകയും ചെയ്തു. ഒരാടിനെ ചോദിച്ചെത്തി, ഒടുവിൽ രണ്ട് ആടുകളെ ലഭിച്ച സന്തോഷത്തോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മാധവൻ വേദിവിട്ടത്.
കുടിവെള്ളം നിഷേധിച്ചെന്ന വയോധികയുടെ പരാതിയിൽ കളക്ടറുടെ നടപടി.
നൂൽപുഴ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന ജമീലക്ക് കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ ഇടപെടൽ. വിധവയും ഭിന്നശേഷിക്കാരിയുമായ ജമീല, പ്രായമായ അമ്മയോടൊപ്പമാണ് കഴിയുന്നത്. വീട്ടിൽ ശുദ്ധജലം ലഭിക്കാത്തതിനാൽ വീടിനടുത്തുള്ള പൊതു കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഈ കിണറിൽ മോട്ടോര്‍ വെക്കാൻ ഇവര്‍ക്ക് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയെങ്കിലും പ്രദേശവാസിയായ ഒരാൾ അത് അനുവദിക്കുന്നില്ലെന്നും കിണര്‍ തന്റേതാണെന്ന് പറഞ്ഞ് വഴി അടയ്ക്കുന്നു എന്നുമായിരുന്നു പരാതി.
കിണര്‍ ഗ്രാമപഞ്ചായത്തിന്റേത് തന്നെയാണെന്നും പരാതിക്കാരി മോട്ടോര്‍ വെയ്ക്കുന്നതിന് അനുമതി നൽകിയെന്നും പഞ്ചായത്ത് അറിയിച്ചു. നേരത്തെ നൽകിയ പരാതികളിന്മേലുള്ള നടപടികൾക്ക് എതിര്‍കക്ഷി സന്നദ്ധനായിരുന്നില്ല. അദാലത്തിൽ എത്തിയ പരാതിപ്രകാരം പൊതു കിണറിൽ നിന്നും കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തോടെ മോട്ടോർ സ്ഥാപിക്കാനും നൂൽപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സുൽത്താൻ ബത്തേരി പോലീസിനും കളക്ടര്‍ നിർദ്ദേശം നൽകി.
ഭൂമിയുടെ രേഖകൾ തിരികെ നൽകാൻ നിര്‍ദേശം.
കാര്‍ഷിക കടാശ്വാസ കമ്മീഷൻ വായ്പാ തിരിച്ചടവിൽ ഇളവ് അനുവദിച്ചിട്ടും ഭൂമിയുടെ രേഖകൾ ബാങ്കിൽ നിന്ന് തിരികെ നൽകുന്നില്ലെന്ന പരാതിക്ക് ജില്ലാ കളക്ടറുടെ അദാലത്തിൽ പരിഹാരമായി. നായ്ക്കട്ടി സ്വദേശിയായ ജയചന്ദ്രനാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങി. പിന്നീട് കാര്‍ഷിക കടാശ്വാസ കമ്മീഷൻ രണ്ട് ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. അവശേഷിച്ച തുകയായ 2.80 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയുടെ രേഖകൾ ബാങ്ക് തിരികെ നൽകുന്നില്ലെന്നായിരുന്നു പരാതി.
അദാലത്തിൽ ജില്ലാ കളക്ടര്‍ ഇക്കാര്യം ആരാഞ്ഞപ്പോൾ രേഖകൾ തിരികെ നൽകേണ്ടത് തന്നെയാണെന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു. രേഖകൾ ഉടൻ നൽകണമെന്ന് കളക്ടര്‍ നിര്‍ദേശം നൽകി. ഓഫീസിൽ നിന്ന് ജയചന്ദ്രന് രേഖകൾ കൈപ്പറ്റാമെന്ന് ബാങ്കും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് റവന്യൂ ജില്ല സ്കൂൾ കായികമേള ഒക്ടോബർ 13-15 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു.
Next post പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് വ്യാഴാഴ്ച 
Close

Thank you for visiting Malayalanad.in