
നീലഗിരി കോളേജിൽ ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെ
രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണത്തിന്റെ തുടക്കം കുറിച്ചുള്ള പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കോളേജ് അധികൃതർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണ പത്രവും പരസ്പര സഹകരണവുമുള്ള കോളേജിൽ ജെ എൻ .യു വുമായി സഹകരിച്ച് നടപ്പിലാക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ തുടക്കമായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും എഴുത്തുകാരിയുമായ ഡോക്ടർ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നിലവിൽ 11 ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര കോഴ്സുകളും രണ്ട് ഗവേഷണ കോഴ്സുകളുമായി 1500 ഓളം വിദ്യാർത്ഥികൾ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നുണ്ട്.
ഈ വർഷം ബി .എസ് .സി . ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സൈബർ സെക്യൂരിറ്റി എന്നീ നൂതന കോഴ്സുകൾ കൂടി ക്യാമ്പസിൽ തുടങ്ങുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഡീൻ എമിറിറ്റസും ഗവേർണിങ് ബോഡി വൈസ് ചെയർമാനുമായ പ്രൊഫസർ പി മോഹൻ ബാബു, പ്രിൻസിപ്പൽ ഡോക്ടർ ബാലാ ഷണ്മുഖ ദേവി , ക്യാമ്പസ് മാനേജർ ,പി എം ഉമ്മർ, പി.ടി.എ പ്രസിഡണ്ട് പി.ടി. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.