ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വിഡിയോകളും ഇവിടെ കാണാനാകും. തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ധോണി ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്ക് സംവദിക്കാനും ഫോട്ടോ ലൈക്ക് ചെയ്യുവാനും സാധിക്കും.ഇതുകൂടാതെ, ഈ പ്ലാറ്റ്‌ഫോമിലൂടെ വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളും ആരാധകര്‍ക്ക് ലഭിക്കും. ധോണി ആപ്പിന്റെ ഉപഭോക്താക്കള്‍ക്ക് ഒട്ടനവധി റിവാര്‍ഡുകള്‍ക്കും അര്‍ഹതയുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ കാണുന്നതിനൊപ്പം സേവിങ് ഓപ്ഷന്‍ കൂടി ധോണി ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതിലെ വാലറ്റ് റീ ചാര്‍ജ്ജ് ചെയ്തുകൊണ്ട് സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റും നിരവധി ക്യാഷ് ബാക്ക് ഓഫറുകളും മറ്റു റിവാര്‍ഡുകളും ലഭിക്കുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ഗൂഗിള്‍പ്ലേ സ്‌റ്റോറിലും ആപ്പ്‌സ്റ്റോറിലും ലഭ്യമായ ആപ്പ് എല്ലാവര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. കൂടാതെ, ഇതിലൂടെ ആരാധകര്‍ക്ക് ധോണിയുടെ മനോഹര ചിത്രങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവും ഉണ്ട്.
‘എല്ലാവര്‍ക്കും എന്റെ ലോകത്തേക്ക് സ്വാഗതം. എന്നെ സ്‌നേഹിക്കുന്നവര്‍ക്കുള്ള മുല്യമേറിയ സമ്മാനമാണ് ധോണി ആപ്പ്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് എന്റെ ജീവിതവുമായി കൂടുതല്‍ അടുക്കുവാനും പരസ്പരം സംവദിക്കാനും സാധിക്കും. അതോടൊപ്പം പതിവ് ഷോപ്പിങ്ങില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുവാനും ധോണി ആപ്പ് സഹായിക്കും. ദൈനംദിന ചെലവുകള്‍ക്ക് ഒപ്പം വന്‍കിടബ്രാന്‍ഡുകളുടെ റിവാര്‍ഡുകളും ക്യാഷ് ബാക്ക് ഓഫറുകളും കരസ്ഥമാക്കുവാന്‍ ധോണി ആപ്പ് വഴിയൊരുക്കും’- ക്രിക്കറ്റ് താരം ധോണി പറഞ്ഞു.
ഇന്ത്യയില്‍ ധോണി ആപ്പ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്മെയര്‍ പറഞ്ഞു.
കമ്പനിയുടെ സാങ്കേതികവിദ്യ ഡെവലപ്‌മെന്റ് രംഗത്തെ പുതിയ ചുവടുവെപ്പാണ് ധോണി ആപ്പെന്ന് സിംഗിള്‍ ഐഡിയുടെ മാതൃ കമ്പനിയായ എനിഗ്മാറ്റിക് സ്‌മൈല്‍ ഇന്ത്യ മേധാവി ചന്ദ്രഭൂഷണ്‍ പറഞ്ഞു. ഫാന്‍സിന് ധോണിയുമായി കൂടുതല്‍ അടുക്കുവാനുള്ള ഉപാധിയാണ് ഈ പ്ലാറ്റ്‌ഫോമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാണെന്ന് സിംഗിള്‍ ഐഡി ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. ‘കമ്പനിയില്‍ ആദ്യം ഇത്തരം ഒരു ആശയം അവതരിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ പലരും യാഥാര്‍ത്ഥ്യമാക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തിച്ച് നോക്കാതെ നോ പറയേണ്ടതില്ലെന്നായിരുന്നു തന്റെ അഭിപ്രായം. ആ നിശ്ചയദാര്‍ഢ്യത്തിന്റെ പുറത്താണ് ധോണിയെ കാണുവാന്‍ ഞങ്ങള്‍ പോയതും അദ്ദേഹത്തിന്റെ മുമ്പില്‍ ഈ പ്രൊജക്ട് അവതരിപ്പിച്ചതും. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ധോണി യേസ് പറയുകയായിരുന്നു’- സുഭാഷ് പറഞ്ഞു.
അഭിഭാഷകനായ സുഭാഷ് യു.കെയിലെ പ്രമുഖ ബിസിനസുകാരനാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍-മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സിനിമാ,കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി ഈ രംഗത്ത് നൂതന ആശയങ്ങളിലൂടെ നവീന മാറ്റം സൃഷ്ടിക്കുകയാണ് സുഭാഷിന്റെ ലക്ഷ്യം. രാജ്യത്ത് സ്‌പോര്‍ട്‌സ്, സിനിമാ രംഗത്ത് വലിയ ബിസിനസ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ നിരവധി സംരംഭങ്ങളും അതിലൂടെ തൊഴിലും സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
Photo Caption: മുംബൈ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടന ധോണി ഫാൻസ് അപ്പ് ലോഞ്ചിങ് വേദിയിൽ ക്രിക്കറ്റ് താരം ധോണിയും സഞ്ജു സാംസണും. എനിഗ്മാറ്റിക് സ്മൈൽ ഇന്ത്യ മേധാവി ചന്ദ്രഭൂഷൺ, സിംഗിൾ ഐ ഡി ഡയറക്ടർ സുഭാഷ് മാനുവൽ, ഗ്ലോബൽ സിഇഒ ബിഷ് സ്മെയർ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുതീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി
Next post  കെ എസ്ആർ.ടി.സി ബസിന്റെ പരസ്യ നടത്തിപ്പ് സ്വകാര്യ  ഏജൻസികൾക്ക് നൽകുന്നു.
Close

Thank you for visiting Malayalanad.in