ഭക്ഷ്യ കിറ്റുകൾ : കൈനാട്ടിയിലെയും പാതിരിപ്പാലത്തെയും ഗോഡൗണുകള്‍  തുറന്നുകാണിക്കാന്‍  മന്ത്രിമാരെ വെല്ലുവിളിച്ച് ടി.സിദ്ദീഖ്‌ എം.എൽ.എ

.

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും ന്യായീകരിക്കാന്‍ റെവന്യൂ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന മന്ത്രിയായി കെ രാജന്‍ മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. കണ്ണൂരില്‍ എ ഡി എം നവീന്‍ബാബു മരിച്ച സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാന്‍ ജില്ലാകലക്ടര്‍ വ്യാജപ്രസ്താവന നല്‍കിയപ്പോഴും മിണ്ടാതിരുന്നയാളാണ് മന്ത്രി കെ രാജന്‍. ദുരന്തബാധിതര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ ഉത്തരവാദിത്വം റെവന്യൂവകുപ്പിനും ജില്ലാഭരണകൂടത്തിനുമാണ്. ഇതില്‍ നിന്നും ജില്ലാകലക്ടര്‍ക്കും എ ഡി എമ്മിനും ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. തെറ്റ് സംഭവിച്ചുവെന്ന് ബോധ്യമായിട്ടും ന്യായീകരിക്കുന്നതിനായി ജില്ലാകലക്ടറും, എം ഡി എമ്മും നടത്തുന്ന പ്രസ്താവനക്ക് പിന്നിലും മന്ത്രി രാജനാണെന്ന് സിദ്ധിഖ് പറഞ്ഞു. പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ റെവന്യൂ ഉദ്യോഗസ്ഥന്മാര്‍ കൈമാറിയത് അതീവഗുരുതരമായ വിഷയമാണ്. ജില്ലാകലക്ടറോടും റെവന്യൂമന്ത്രിയോടും ആവശ്യപ്പെട്ടിട്ടും ഗുണനിലവാരം പരിശോധിച്ച രേഖ ഹാജരാക്കാതിരുന്നത് ഔദ്യോഗിക റവന്യൂ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും പരാജയവുമാണ് വ്യക്തമാക്കുന്നത്. പ്രശ്‌നമുണ്ടായ സമയത്ത് ഡി വൈ എഫ് ഐ സമരത്തെ വെള്ള പൂശാന്‍ റവന്യൂമന്ത്രി പറഞ്ഞത് സെപ്റ്റംബറില്‍ നല്‍കിയ സാധനസാമഗ്രികള്‍ ആണെന്നായിരുന്നു. എന്നാല്‍ ഇന്നലെ നേരിട്ട് മേപ്പാടിയിലെ ഇ എം എസ് ഹാളില്‍ പരിശോധിച്ചപ്പോള്‍ 2018 മുതല്‍ ഉല്പാദനം നടത്തി പാക്ക് ചെയ്ത ഉപയോഗശൂന്യമായ അരിച്ചാക്കുകളാണ് കണ്ടത്. നവംബര്‍ ഒന്നാം തിയ്യതി മേപ്പാടി ഗ്രാമപഞ്ചായത്ത് കൈപ്പറ്റിയ 835 ചാക്കുകളിലാണ് ഈ ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്. ഗുരുതരമായ തെറ്റ് നേരിട്ട് ബോധ്യപ്പെട്ട് റവന്യൂ സെക്രട്ടറിയെയും ജില്ലാഭരണകൂടത്തെയും അറിയിച്ചിട്ടും തങ്ങളുടെ തെറ്റുകള്‍ മറച്ചുവെക്കാന്‍ അവര്‍ ന്യായീകരണ തൊഴിലാളികളായി മാറുന്നത് റെവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. പ്രത്യേക കരുതല്‍ വേണ്ട ദുരന്തബാധിതര്‍ക്ക് ഇത്രയും മോശമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാത്തത് സര്‍ക്കാരും റവന്യൂവകുപ്പും സ്വന്തം വീഴ്ച മറച്ചുവെക്കാനാണ്. ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉരുള്‍പൊട്ടലിനെക്കാള്‍ വലിയൊരു ദുരന്തമായി മാറിയിരിക്കുകയാണ്. ദുരന്തബാധിതരെ കിലോമീറ്ററുകള്‍ യാത്ര ചെയ്യിപ്പിച്ച് മേപ്പാടിയിലെത്തി പുഴുവരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിലേക്ക് നയിച്ചത് റെവന്യൂ, പഞ്ചായത്ത് വകുപ്പ് നേതൃത്വമാണ്. ഇവര്‍ നിലവില്‍ താമസിക്കുന്ന വാടകവീടുകളുടെ തൊട്ടടുത്തുള്ള റേഷന്‍കടകളിലോ, മാവേലി സ്റ്റോറുകളിലോ നല്‍കാനും, അതല്ലെങ്കില്‍ അവരുടെ വീടുകളിലെത്തിക്കാനോ ഉള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അവരെ മേപ്പാടിയിലേക്ക് എത്തിക്കുന്ന സര്‍ക്കാര്‍ മഹാദുരന്തമായി മാറുകയാണ്. ഇന്നലെ എ ഡി എമ്മിനെ കൊണ്ട് പ്രസ്താവന ഇറക്കിച്ച റെവന്യൂമന്ത്രി മേപ്പാടിയില്‍ വിതരണം ചെയ്ത സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ച ശേഷം അവിടെയുള്ള എണ്ണം സംബന്ധിച്ചും, അതിന്റെ ഗുണനിലവാരം സംബന്ധിച്ചും ഉറപ്പുവരുത്തിയതിന് ശേഷം ഞാന്‍ പറയുന്ന എണ്ണത്തെ ഖണ്ഡിക്കാന്‍ വെല്ലുവിളിക്കുകയാണ്. മന്ത്രി തുടര്‍ച്ചയായി ഈ വിഷയത്തില്‍ കള്ളം പറയുകയാണ്. ആദ്യം ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമാണ് തങ്ങള്‍ സാധനങ്ങള്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസമായി ഗുണനിലവാരം ഉറപ്പുവരുത്തിയതിന്റെ രേഖ പ്രസിദ്ധപ്പെടുത്തണമെന്ന് പറഞ്ഞിട്ട് അതിന് റെവന്യൂ, ഭക്ഷ്യ വകുപ്പ് തയ്യാറായിട്ടില്ല. ഇത് ഗുണനിലവാരം ഉറപ്പുവരുത്താത്തതിന്റെ കുറ്റസമ്മതമായാണ് കരുതുന്നത്. ജില്ലാതലത്തില്‍ കൈമാറിയ റെവന്യൂ ഉദ്യോഗസ്ഥന്മാര്‍, ഗുണനിലവാരം പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍, എക്‌സ്പയറി തിയ്യതി കഴിഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്ത ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിമുഖത കാണിച്ചത്? ഗുണനിലവാരമില്ലാത്തും പുഴുവരിച്ചതുമായ ഭക്ഷ്യസാധനങ്ങള്‍ ജില്ലാതലത്തില്‍ കൈമാറിയതും, പഞ്ചായത്തില്‍ നിന്നും ജനങ്ങള്‍ക്ക് കൈമാറിയതും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണെന്നിരിക്കെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണസമിതി അംഗങ്ങള്‍ പ്രസ്തുത ഹാളിലേക്ക് കയറുക പോലും ചെയ്യാതിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ റൂമിലേക്ക് തള്ളിക്കയറി പൊതുമുതല്‍ നശിപ്പിക്കാനും, വനിതാമെമ്പര്‍മാരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്? ആ ആക്രമത്തെയും കയ്യേറ്റത്തെയും സര്‍ക്കാരും റെവന്യൂവകുപ്പും അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പ്രസ്തുത കേസില്‍ ഒരാളെയും അറസ്റ്റ് ചെയ്യാതെ പൊലീസ് ക്രിമിനല്‍ അഴിഞ്ഞാട്ടത്തിന് കൂട്ടുനില്‍ക്കുകയാണ്. അക്രമം നടന്നതും വനിതാ മെമ്പര്‍മാര്‍ക്കെതിരെ കയ്യേറ്റം നടത്തിയതും പൊലീസിന്റെ സാന്നിധ്യത്തിലാണ്. ഡി വൈ എഫ് ഐ നേതാക്കന്മാര്‍ പറഞ്ഞത് അനുസരിച്ച് ഹാള്‍ തുറന്നുകൊടുക്കാന്‍ നിര്‍ദേശം കൊടുത്തത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരാണ്. അവിടെ അരി വിതരണത്തിന് നേതൃത്വം കൊടുത്തത് ഡി വൈ എഫ് ഐയും ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളാണ്. നഗ്നമായ പെരുമാറ്റച്ചട്ടം നടന്നിട്ടും, കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഇതിന്റെ പേരില്‍ നടപടിയെടുക്കാത്തത് സ്വന്തം വീഴ്ച മറച്ചുവെക്കുന്നതും, ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമാണ്. എ ഡി എമ്മിന്റെ പ്രസ്താവന സ്വയം കുറ്റസമ്മതമാണ്. സെപ്റ്റംബറില്‍ വിതരണം ചെയ്ത ഭക്ഷ്യധാന്യമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കില്‍ 2018-ലെയും 2019-ലെയും ആറുമാസ കാലാവധി എന്നെഴുതിയ ചാക്കില്‍ സൂക്ഷിച്ച അരി, കാലാവധി കഴിഞ്ഞ് വിതരണം ചെയ്തതിന്റെ ഉത്തരവാദിത്വം എ ഡി എമ്മും, റവന്യൂവകുപ്പും സ്വയം ഏറ്റെടുക്കണം. നവംബര്‍ ഒന്നിന് കൈമാറിയ 835 ചാക്കുകളിലെ ഭക്ഷ്യധാന്യങ്ങളിലാണ് ഈ ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടുള്ളത്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ കൊടുത്ത നടപടി മനുഷ്യാവകാശ ലംഘനവും തികഞ്ഞ ക്രിമിനല്‍ കുറ്റവുമാണ്. പ്രത്യേകം പരിഗണന നല്‍കേണ്ട ദുരന്തബാധിതരുടെ ജീവിക്കാനുള്ള അവകാശത്തെയും അന്തസ്സിനെയും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന്റെ കൈയ്യില്‍ വിതരണത്തിനായി സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ കൈമാറിയ ടണ്‍ കണക്കിന് സാധനങ്ങള്‍ ഉപയോഗശൂന്യമാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വവും ഭരണപരമായ ഉത്തരവാദിത്വവും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള മന്ത്രിക്കല്ലാതെ മറ്റാര്‍ക്കാണ്. ഇന്നലെ പുളിയാര്‍മല ഹാളില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ച സ്ഥലം തുറക്കാമെന്ന് ആദ്യം സമ്മതിച്ച ജില്ലാകലക്ടറും എ ഡി എമ്മും അതില്‍ നിന്നും പിന്മാറിയത് റെവന്യൂവകുപ്പിന്റെ ഗുരുതര വീഴ്ച മറച്ചുവെക്കാനാണ്. അലക്ഷ്യമായും ഒരു സൗകര്യവുമൊരുക്കാതെയും, ഗുണനിലവാരം ഉറപ്പുവരുത്താതെയും മോശമായ അവസ്ഥയിലാണ് പുളിയാര്‍മലയിലെ ഗോഡൗണ്‍ കൈകാര്യം ചെയ്തത്. സമാന അവസ്ഥയാണ് പാതിരിപ്പാലത്തെ ഗോഡൗണിലുമുള്ളത്. ഈ സാഹചര്യത്തില്‍ കൈനാട്ടിയിലും പാരിതിപ്പാലത്തും ഉള്‍പ്പെടെയുള്ള ജില്ലയില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ച മുഴുവന്‍ സംഭരണശാലകളും തുറന്ന് പൊതുസമൂഹത്തിന് മുന്നില്‍ പരിശോധനക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിന് റെവന്യൂമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും വെല്ലുവിളിക്കുകയാണ്. ഈ വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തെളിവ് നശിപ്പിക്കാതിരിക്കാന്‍ ഇതിന് കാരണക്കാരായ ഉദ്യേഗസ്ഥരെ ആ പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. സ്‌പെഷ്യന്‍ ഇന്‍വെസ്റ്റേഗേഷന്‍ ടീമിനെ നിയോഗിച്ച് കൊണ്ട് ഈ വിഷയങ്ങള്‍ അന്വേഷിക്കണം: സര്‍ക്കാരിന്റെ സമീപനം കുറ്റക്കാരെ രക്ഷിക്കാനായത് കൊണ്ട് മനുഷ്യര്‍ക്ക് മുഴുവന്‍ അപമാനകരമായ ഈ സംഭവത്തില്‍ സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് ഇക്കാര്യം അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ തയ്യാറാകണം. ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും, ചില ഉദ്യോഗസ്ഥര്‍ക്ക് ആഡംബര ജീവിതവുമാണ് ദുരന്തത്തിന്റെ ബാക്കിപത്രം. ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട പണം ധൂര്‍ത്തിനായി ചിലവഴിച്ചത് വളരെ ഗൗരവകരമായ കാര്യമാണ്. പാവപ്പെട്ട ദുരന്തബാധിതര്‍ക്ക് നല്‍കേണ്ട പണം ഏതൊക്കെ രീതിയില്‍ ചിലവഴിക്കപ്പെട്ടു എന്നതിനെ സംബന്ധിച്ചുള്ള മുഴുവന്‍ കണക്കുകളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദുരന്തബാധിതരുടെ അഭിമാനത്തെ ചോദ്യം ചെയ്ത് ദുരന്തത്തിന്റെ മറവില്‍ ധൂര്‍ത്ത് നടത്തി മുന്നോട്ടുപോകാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല.
റെവന്യൂമന്ത്രി കെ രാജനോടുള്ള ചോദ്യങ്ങള്‍
1. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക സ്‌റ്റോക്ക് രജിസ്റ്ററില്‍ നവംബര്‍ ഒന്നിന് എത്തിയത് 835 ചാക്ക് ഭക്ഷ്യധാന്യങ്ങളാണ്. അതില്‍ 267 ചാക്ക് തിയ്യതി രേഖപ്പെടുത്താതും, 17-ലധികം തിയ്യതി കഴിഞ്ഞതും 77 ചാക്കുകള്‍ പാക്ക് പൊട്ടിയ നിലയിലുമാണ്. ഇതില്‍ പലതും പുഴുവരിച്ചതും, പ്രാണികള്‍ കുത്തിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങളാണ്. സ്റ്റോക്ക് രജിസ്റ്റര്‍ അനുസരിച്ച് നേരിട്ട് ഇത് കണ്ട ആളെന്ന നിലയില്‍ താങ്കള്‍ കള്ളം പറയുന്നത് സ്വന്തം വീഴ്ച മറച്ചുവെക്കാനല്ലേ?, ദുരന്തബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന മേപ്പാടി പഞ്ചായത്തിലോ, മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ, കളക്ഷന്‍ സെന്ററുകളിലോ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്?
2. റവന്യൂവകുപ്പില്‍ നിന്ന് പഞ്ചായത്തിന് വിതരണം ചെയ്ത സമയത്ത് ഗുണനിലവാര പരിശോധന നടത്തിയതിന്റെ രേഖ ആവശ്യപ്പെട്ടിട്ട് ഇതുവരെ ലഭ്യമാക്കാത്തത് എന്തുകൊണ്ടാണ്?
3. ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത് റെവന്യൂ ഉദ്യോഗസ്ഥരും, വിതരണം നടത്തിയത് പഞ്ചായത്തിലെ ജീവനക്കാരും ആണെന്നിരിക്കെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു മെമ്പര്‍മാരും ഇതില്‍ പങ്കാളിയായില്ലെന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമല്ലേ?
4. കൈനാട്ടിയിലെ കളക്ഷന്‍ സെന്ററില്‍ ഉള്‍പ്പെടെ സാധനസാമഗ്രികള്‍ മോശമായ സാഹചര്യത്തില്‍ സൂക്ഷിച്ചത് നേരിട്ട ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അത് തുറന്നുപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ആദ്യം സമ്മതിച്ച ജില്ലാഭരണകൂടം പിന്നീട് അതില്‍നിന്നും പിന്‍വാങ്ങിയത് എന്തുകൊണ്ടാണ്?
5. ദുരന്തബാധിതര്‍ നിലവില്‍ താമസിക്കുന്ന വീടുകളിലോ, തൊട്ടടുത്ത റേഷന്‍കട, മാവേലി സ്റ്റോറുകള്‍ വഴിയോ ഈ കിറ്റുകള്‍ അവര്‍ക്ക് നല്‍കുന്നതിന് പകരം കിലോമീറ്ററുകള്‍ യാത്ര ചെയ്യിച്ച് അവരെ മേപ്പാടിയിലെത്തിച്ച് ഉപയോഗശൂന്യമായ, പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയതിന്റെ ഉത്തരവാദിത്വം താങ്കള്‍ക്കും ഉദ്യോഗസ്ഥര്‍ന്മാര്‍ക്കുമല്ലേ, ഈ വിഷയത്തില്‍ എന്തു നടപടിയാണ് എടുത്തത്?
വാര്‍ത്താസമ്മേളനത്തില്‍ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍സണ്‍ ഏബ്രഹാം, ടി ഹംസ, പി പി ആലി, അഡ്വ. ടി ജെ ഐസക്, സലീം മേമന, പ്രവീണ്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. 
Next post ആനക്കുട്ടിയെ അമ്മയാനക്കരികിലെത്തിച്ചു
Close

Thank you for visiting Malayalanad.in