ഹഡില്‍ ഗ്ലോബല്‍-2024 പ്രചാരണ റോഡ് ഷോയുമായി കെഎസ്‌യുഎം

*തിരുവനന്തപുരം:* നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബല്‍-2024 ന്‍റെ പ്രചാരണാര്‍ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ടെക്നോപാര്‍ക്കില്‍ ഹഡില്‍ ഗ്ലോബല്‍ റോഡ് ഷോ സംഘടിപ്പിച്ചു. നവംബര്‍ 28, 29, 30 എന്നീ തിയതികളില്‍ തിരുവനന്തപുരത്താണ് ഹഡില്‍ ഗ്ലോബല്‍ സമ്മേളനം നടക്കുന്നത്.
ഹഡില്‍ ഗ്ലോബല്‍ 2024 ലേക്ക് പങ്കാളികളെയും സ്റ്റാര്‍ട്ടപ്പുകളേയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌യുഎം സംഘടിപ്പിക്കുന്ന മൂന്നാമത്തെ റോഡ് ഷോ ആണിത്. ആദ്യ രണ്ട് റോഡ് ഷോകള്‍ യഥാക്രമം കൊച്ചിയിലും കോഴിക്കോടും നടന്നു.
കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ഹഡില്‍ ഗ്ലോബലിനെ കുറിച്ച് വിശദമായ അവതരണം നടത്തി. ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്‍റര്‍ മേധാവിയുമായ ശ്രീകുമാര്‍ വി പ്രത്യേക പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഹഡില്‍ ഗ്ലോബലിന്‍റെ വീഡിയോ പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ ടൈംട്രോണിക് സിഇഒ ശങ്കരി ഉണ്ണിത്താന്‍, ഫ്രഷ് മൈന്‍ഡ് ഐഡിയാസ് സ്ഥാപകന്‍ അജയ് എസ് നായര്‍, ടെക്നോപാര്‍ക്ക് ടുഡേ മാനേജിംഗ് എഡിറ്റര്‍ രഞ്ജിത്ത് ആര്‍ എന്നിവര്‍ ഹഡില്‍ ഗ്ലോബലിന്‍റെ മുന്‍ പതിപ്പുകളെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. ട്രിനിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അരുണ്‍ എസ്, കെഎസ്‌യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, പിആര്‍ അസിസ്റ്റന്‍റ് മാനേജര്‍ അഷിത വി.എ എന്നിവര്‍ സംസാരിച്ചു.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളുടെ വെല്ലുവിളികള്‍, വിജയഗാഥകള്‍, നെറ്റ് വര്‍ക്കിംഗിനുള്ള അവസരങ്ങള്‍, നിക്ഷേപം, ആഗോള വിപണി പ്രവേശനം എന്നിവയെ അഭിസംബോധന ചെയ്യുന്ന നഗര-നിര്‍ദ്ദിഷ്ട പാനല്‍ ചര്‍ച്ചകളും അവതരിപ്പിച്ചു.
ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: huddleglobal.co.in/.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേപ്പാടി സ്‌കൂള്‍ ചൊവ്വാഴ്ച തുറക്കും: പ്രവേശനോല്‍സവം സെപ്റ്റംബര്‍ 2 ന്
Next post ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് എന്‍.ഡി.ഡി.ബിക്ക് നന്ദി പറഞ്ഞ് മില്‍മ
Close

Thank you for visiting Malayalanad.in