
കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ ബയോമൈനിംഗ് & ബയോറെമഡിയേഷൻ പദ്ധതി തുടങ്ങി.
ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ വരുന്നതിന് മുൻപ് വര്‍ഷങ്ങളോളം നഗരസഭയുടെ വെള്ളാരംകുന്ന് ഡംപ്സൈറ്റിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കി ഭൂമി വീണ്ടെടുക്കുന്നതിനായാണ് പ്രസ്തുത പദ്ധതി. ലോകബാങ്കിന്റെ സാമ്പത്തിക പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ 2 കോടി 10 ലക്ഷം രൂപയാണ് 1.12 ഏക്കറിലായി കുന്നുകൂടിയ മാലിന്യം സംസ്കരിക്കുന്നതിന് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതിക-സാമൂഹിക പഠനങ്ങൾ നടത്തുകയും എല്ലാവിധ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയുമാണ് പദ്ധതി നടപ്പാക്കുന്നത്.
നാഗ്പൂര്‍ ആസ്ഥാനമാക്കിയ എസ്.എം.എസ്. ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രസ്തുത പദ്ധതിയ്ക്ക് കരാര്‍ എടുത്തിരിക്കുന്നത്. കമ്പനിയും കെ.എസ്.ഡബ്ല്യൂ.എം.പി.യും തമ്മിൽ മാര്‍ച്ച് 6 ന് കരാറില്‍ ഒപ്പുവച്ചതോട് കൂടി പദ്ധതിക്ക് തുടക്കം ആയി. 15 മാസമാണ് കാലാവധി.
കെ.എസ്.ഡബ്ല്യൂ.എം.പി.യുടെ ഉദ്യോഗസ്ഥരായ വിഗ്നേഷ്, ഡോ. സൂരജ് എന്നിവര്‍ ബയോറെമഡിയെഷനിലൂടെ ഭൂമി വീണ്ടെടുക്കുന്ന പ്രക്രിയകളെപ്പറ്റി വിശദീകരിച്ചു. ജനപ്രതിനിധികളായ മുജീബ് കേയംതൊടി, സി.കെ. ശിവരാമന്, രാജാറാണി, ആയിഷ പള്ളിയാലില്‍, നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഹര്ഷന്, ക്ലീന്‍ സിറ്റി മാനേജര്‍ വിന്‍സന്റ് തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭാ ജനപ്രതിനിധികളായ അജിത, റഹിയാനത്ത്, ശ്യാമള, നിജിത സുഭാഷ്, രജുല, സജിത, നഗരസഭാ ഉദ്യോഗസ്ഥര്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് പ്രതിനിധികള്‍, ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍, കെ.എസ്.ഡബ്ല്യൂ.എം.പി.യുടെ അനുപമ, രാജശ്രീ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.