വന്യജീവി ആക്രമണം തടയൽ- പട്ടയ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയ്ക്ക് നിവേദനം നല്‍കി

. ഡൽഹി: കേരളത്തിലെ വന്യജീവി ആക്രമണം തടയുന്നതിന് സ്വീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും പട്ടയം നല്‍കുന്നതിന് കേന്ദ്ര വനം വകുപ്പില്‍ നിന്നുള്ള ക്ലിയറന്‍സ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രനും റവന്യു വകുപ്പുമന്ത്രി കെ.രാജനും കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവ്, കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുസഹമന്ത്രി അശ്വനി കുമാര്‍ ചൗബെ എന്നിവര്‍ക്ക് നിവേദനം നല്‍കി. 1972- ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികള്‍ ജനവാസ മേഖലകളില്‍ അതിക്രമിച്ചു കയറി കൃഷി നശിപ്പിക്കുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വനം മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് വെടിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയെങ്കിലും കേന്ദ്ര നിയമങ്ങള്‍ പ്രകാരമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടി വരുന്നതിനാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പറ്റുന്നില്ല എന്നും ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തുന്നതാണെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രിമാര്‍ അറിയിച്ചു.
01.01.1977-ന് മുന്‍പ് വനഭൂമി കൈവശം വച്ചിരുന്നതും സംയുക്ത പരിശോധന കഴിഞ്ഞതുമായ വനഭൂമിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അനുമതി ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 1977 നു മുന്‍പ് കുടിയേറിയവര്‍ക്ക് 1993 ലെ ചട്ട പ്രകാരം പട്ടയം അനുവദിക്കാമെങ്കിലും പുതിയ അപേക്ഷകര്‍ക്ക് അനുവാദം ഉണ്ടായിരുന്നതല്ല. 1977 മുന്‍പ് കുടിയേറിയവരുടെ ബന്ധുക്കളും കൈമാറ്റം ചെയ്തവരുമായ ധാരാളം പേര്‍ക്ക് അപേക്ഷ പോലും കൊടുക്കാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രത്യേകമായി അപേക്ഷ സ്വീകരിക്കാന്‍ അനുവാദം അപേക്ഷ നല്‍കും. നേരത്തെ പട്ടയത്തിനു പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയതിനാല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വേണം എന്നുള്ളത് ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് എന്ന നിലയില്‍ മാറ്റി സമര്‍പ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഫെബ്രുവരി 12-ന് റവന്യൂ, വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരും. ഇതിനായി വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗ്ലൂര്‍ ഇന്റഗ്രേറ്റഡ് റീജിയണല്‍ ഓഫീസിലെ സുബ്രഹ്മണ്യനെയും സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ . ഡോ. എ.കൗശികന്‍ ഐ.എ.എസിനെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ കേരളത്തിന്റെ എല്ലാ പ്രപ്പോസലും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പു നല്‍കി. വനം വകുപ്പിന് നല്‍കാനുള്ള തുക ഈ മാസം നല്‍കുമെന്നും മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഒരു സെന്‍ട്രല്‍ സ്‌കീം ആലോചിക്കുമെന്നും തല്‍ക്കാലം Additional APO -ല്‍ ഉള്‍പ്പെടുത്തി കുറച്ച് തുക കൂടി നല്‍കുന്നതാണെന്നും ടൈഗര്‍ ഫൗണ്ടേഷനുകള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുന്ന കാര്യം ധനകാര്യ വകുപ്പുമായി ആലോചിച്ച് നടപ്പാക്കുമെന്നും കൂടിക്കാഴ്ച്ചയില്‍ കേന്ദ്രമന്തിമാര്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഐ.എ.എസ്, ലാന്റ് റവന്യൂ കമ്മീഷണര്‍ . ഡോ. എ.കൗശികന്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
Next post യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി
Close

Thank you for visiting Malayalanad.in