ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്‍ അഡാസ് ഷോയില്‍

ഗുരുഗ്രാം: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്(അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭവും. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ റോഷ് എഐ ആണ് ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാര്‍ അഡാസ് ഷോയില്‍ അവതരിപ്പിച്ചത്.
റോബോട്ടിക്‌സ് വിദഗ്ധനായ ഡോ. റോഷി ജോണ്‍ ആണ് റോഷ് എഐയുടെ സ്ഥാപകന്‍. നാനോ കാറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ഇന്ത്യയിലെ ഡ്രൈവറില്ലാ കാര്‍ വിപ്ലവത്തിന് തുടക്കമിട്ടത്. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ നിന്ന് റോബോട്ടിക്‌സില്‍ ഡോക്ടറേറ്റ് നേടിയ റോഷി കഴിഞ്ഞ ഇരുപത് വര്‍ഷമായി രാജ്യത്തെ ഹൈ ടെക്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, റീട്ടെയ്ല്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി റോബോട്ടുകളെ വികസിപ്പിച്ച് വരുന്നു. നിലവില്‍ പല അന്താരാഷ്ട്ര ആഡംബര വാഹന നിര്‍മ്മാതാക്കള്‍ക്കും ഡ്രൈവറില്ലാ സാങ്കേതിക വിദ്യ നല്‍കുന്നത് റോഷ് എഐയാണ്. ഖനന കമ്പനികളും ഇവരുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഹരിയാനയിലെ ഗുരുഗ്രാമിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയിലാണ് ഈ വര്‍ഷത്തെ അഡാസ് ഷോ നടക്കുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളും വളര്‍ച്ചയും അവതരിപ്പിക്കാന്‍ സംരംഭകര്‍ക്ക് അവസരം നല്‍കുകയാണ് ഈ ഷോയുടെ ലക്ഷ്യം. രാജാറാം മൂര്‍ത്തി, ലതീഷ് വാളാങ്കി എന്നിവരാണ് റോഷ് എ. ഐ യുടെ സഹസ്ഥാപകര്‍. കേന്ദ്ര ഗവണ്മെന്റിന്റെ വന്‍കിട വ്യവസായ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഷോ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. റോഷി ജോണ്‍ – +91 9526322111

Leave a Reply

Your email address will not be published. Required fields are marked *

Previous post പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
Next post മൂല്യാധിഷ്ഠിത സ്വത്ത് സമ്പാദനം ഒരു തെറ്റല്ല : മുൻ . കർണാടക ലോകായുക്ത അധ്യക്ഷൻ ജസറ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ.
Close

Thank you for visiting Malayalanad.in