സിയാലിന്റെ 7 മെഗാ പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

_ രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്‌ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ ഉദ്‌ഘാടനവുമാണ് നടക്കുന്നത്.
ഇംപോർട്ട് കാർഗോ ടെർമിനൽ, സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുന്നു. സിയാലിന്റെ തന്നെ ഐ.ടി വിഭാഗം രൂപകൽപന ചെയ്‌ത ഡിജിയാത്ര സോഫ്ട്‍വെയർ ആഭ്യന്തര ടെർമിനൽ ഗേറ്റുകളിൽ പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തിര രക്ഷാ സംവിധാനം ആധുനികവൽക്കരിക്കുന്നു.
15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭം. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷ്വറി എയ്‌റോ ലോഞ്ചിന്റെ നിർമാണോദ്ഘാടനം. 12 കിലോമീറ്ററോളം വരുന്ന എയർപോർട്ടിന്റെ സുരക്ഷാമതിലിൽ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി.ഐ.ഡി.എസ്) സുരക്ഷാവലയം നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം. ഗോൾഫ് ടൂറിസം വികസനത്തിനായി റിസോർട്ടുകൾ, സ്പോർട്സ് സെന്റർ എന്നിവ സിയാൽ ഗോൾഫ് കോഴ്സിൽ നിർമിക്കുന്നു. അതിന്റെ പ്രവർത്തന ഉദ്‌ഘാടനം.
സിയാൽ കാർഗോ ടെർമിനലിന് മുമ്പിലെ വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവുന്ന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ മാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.
……………………………………….
ഉദ്‌ഘാടനം ചെയ്യപ്പെടുന്ന 7 മെഗാ പദ്ധതികൾ:
– രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ -ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം -0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ -ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ ഉദ്ഘാടനം -അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം -ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ -ഗോൾഫ് റിസോർട്‌സ് & സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ.

ചിത്രാവിവരണം: (ഉദ്‌ഘാടനം ചെയ്യപ്പെടുന്ന കൊച്ചി വിമാനത്താവളത്തിലെ ഇംപോർട്ട് കാർഗോ ടെർമിനൽ).

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനവ മൈത്രിയുടെയും സാംസ്‌കാരിക സമ്മേളനത്തിൻ്റെയും വേദിയായി പുഴമ്പ്രം നൂറുൽ ഹുദ മദ്രസയുടെ നബി ദിന ഘോഷയാത്ര
Next post തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു
Close

Thank you for visiting Malayalanad.in