
കണ്ണോത്തുമല ജീപ്പപകടം: സർക്കാർ വിരുദ്ധ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഡി.കെ.ടി.എഫ്
കണ്ണോത്തുമല ജീപ്പപകടം സർക്കാർ വിരുദ്ധ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഡി.കെ.ടി.എഫ്.
കേരളത്തെ നടുക്കിയ കണ്ണോത്തുമല ജീപ്പപകടവുമായി ബന്ധപ്പെട്ട് ഒമ്പത് സ്ത്രീ തൊഴിലാളികൾ ദാരുണമായി മരണപ്പെടുകയും മറ്റുളളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർക്ക് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യം ഇനിയും നിഷേധിക്കരുത് 15 ലക്ഷം രൂപ വീതം മരണപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തിരമായി അനുവദിക്കുകയും അവരുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു..
മരണപ്പെട്ടവരുടേയും, പരിക്കേറ്റവരുടേയും കുടുംബങ്ങൾ തൊഴിലാളി കുടുംബങ്ങളാണ്. നിത്യവൃത്തിയ്ക്ക് തോട്ടം മേഖലയിൽ കൂലിവേല ചെയ്തായിരുന്നു ഇവർ കുടുംബം പുലർത്തിയിരുന്നത്. ഇവരുടെ മരണത്തോടെ ഈ കുടുംബങ്ങൾ തീർത്തും അനാഥമായിരിക്കയാണ്. കുടുംബങ്ങളിയെ കുട്ടികളുടെ അധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയിലുമാണ്. വാസയോഗ്യമായ വീടോ, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് രേഖയോ, സഞ്ചാരയോഗ്യമായ വഴിയോ ഇവർക്കില്ല.
അപകടത്തോടനുബന്ധിച്ച് ജില്ല മുമ്പെങ്ങും കാണാത്ത വിധമുള്ള ജനക്കൂട്ടമായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ മക്കിമലയിൽ എത്തിയത്. ജില്ലയുടെ ചുമലതയുള്ള മന്ത്രി ഏ. കെ. ശശീന്ദ്രൻ, മൂന്ന് നിയോജകമണ്ഡലങ്ങളിലെ എം. എൽ. എ. മാർ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ – സംസ്ഥാന നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയവും, ആശ്വാസകരവുമായിരുന്നു.
എന്നാൽ അപകടമരണത്തോടനുബന്ധിച്ച് സർക്കാർ ഈ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് കേവലം പതിനായിരം രൂപ മാത്രമാണ് അനുവദിച്ചത്. ഇത് മരണപ്പെട്ട കുടുംബങ്ങളോടും, ജനങ്ങളോടും ഉള്ള അവഹേളനവും, നീതിനിഷേധവുമാണ്.
മാത്രവുമല്ല 43-ാം മൈൽ വാളാട് റോഡിൽ അപകടകരമായ ഇടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാൻ പൊതുമരാമത്ത് വകുപ്പ് ഉടൻ നടപടി സ്വീകരിക്കണം. നിഷ്പക്ഷമായ അന്വേഷണം നടത്തി ജീപ്പപകടത്തിന്റെ യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തണം. ജീപ്പ് ഡ്രൈവറെ പഴിചാരി യഥാർത്ഥ കുറ്റവാളിയെ രക്ഷിക്കാനുള്ള നീക്കം ഗൂഡാലോചനയുടെ ഭാഗമാണ്.
സർക്കാർ ഇനിയും നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ മാനന്തവാടി സബ്കലക്ടർ ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന് ഡി.കെ .ടി.എഫ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഇവർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളും ഡി.കെ.ടി.എഫ് ഭാരവാഹികളുമായ ലൈജി തോമസ്, , ടി.കെ.ഗോപി എന്നിവരും ജാഫർ സാദിഖ്, ബെന്നി പേര്യ എന്നിവരും പങ്കെടുത്തു.