നാല് മാസം പ്രായമുള്ള കുഞ്ഞിനെ നാടോടികളിൽ നിന്ന് രക്ഷിച്ചു :കേരള പോലീസിന് അഭിമാനമായി ശ്യാംലാൽ.

മൂന്നു വർഷം മുൻപാണ് ചിറയിന്‍കീഴ് സ്വദേശി ശ്യാംലാല്‍ എസ്.ആര്‍ പോലീസ് സര്‍വ്വീസിലെത്തിയത്. തിരുവനന്തപുരം റൂറലിലെ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലും. ശ്യാംലാല്‍ ആദ്യമായി ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനും ഇതുതന്നെ. എന്നാല്‍ സര്‍വ്വീസിലെ പരിചയക്കുറവൊന്നും ഒരു കുരുന്നു ജീവന് സംരക്ഷണമേകാന്‍ ശ്യാമിന് തടസ്സമായില്ല.
കഴിഞ്ഞ ദിവസം രാവിലെയാണ് നാഗര്‍കോവില്‍ ഭാഗത്തുനിന്ന് നാലു മാസം പ്രായമായ കുഞ്ഞിനെ കാണാതായ വിവരമെത്തിയത്. കഠിനംകുളം പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ വി.വി.ജ്യോതിഷ് കുമാറിന് അയച്ചുകിട്ടിയ സന്ദേശം സ്റ്റേഷന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘങ്ങളിലും ഷാഡോ ടീമിലുമൊക്കെ ജോലി നോക്കിയിരുന്ന ജ്യോതിഷ് കുമാറിനെ അയല്‍ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തറിയാവുന്നതിനാല്‍ കന്യാകുമാരിയില്‍ നിന്നുളള പോലീസ് സംഘം അവര്‍ക്ക് ലഭിച്ച വീഡിയോ ദൃശ്യങ്ങളും കൈമാറിയിരുന്നു. നാടോടി സംഘത്തില്‍പ്പെട്ടവരാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇവര്‍ തമിഴ്നാട്ടിലെ വടശ്ശേരിയില്‍ നിന്ന് കേരളത്തിലേയ്ക്കുളള ട്രെയിനില്‍ കയറിയെന്ന വിവരവും ലഭിച്ചിരുന്നു.
പ്രായമായ രണ്ടുപേര്‍ ഒരു കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നത് ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ ശ്യാംലാലിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ചിത്രമെടുത്ത് ജ്യോതിഷ്കുമാറിന് അയച്ചശേഷം അവരെ നിരീക്ഷിച്ച് അല്‍പം മാറി കുഞ്ഞിന് കാവല്‍ നിന്നു.
മിനിറ്റുകള്‍ക്കകം സംഭവം സ്ഥിരീകരിച്ച് വിവരമെത്തി. ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ വീണ്ടെടുത്തു. നാടോടി സംഘത്തില്‍പ്പെട്ട രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡ്യൂട്ടികഴിഞ്ഞും നിരീക്ഷണബുദ്ധിയോടെയുളള ശ്യാംലാലിന്‍റെ പ്രവര്‍ത്തനമാണ് കുഞ്ഞുജീവന് രക്ഷയായത്. #statepolicemediacentre #keralapolice

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ സുസ്ഥിര എടവക: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
Next post പാൽച്ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
Close

Thank you for visiting Malayalanad.in