വയനാട് മഡ്ഫെസ്റ്റ്; താലൂക്ക്തല മഡ് ഫുട്ബോൾ മത്സസരങ്ങൾ തുടങ്ങി

കൽപ്പറ്റ: വയനാടന്‍ മഴയുടെ താളത്തില്‍ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍. വളളിയൂര്‍ക്കാവ് കണ്ണിവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ വയനാട് മഡ് ഫെസ്റ്റിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. മഴയിലും കുതിരാത്ത ആവേശത്തിന് കൈയ്യടിച്ച് വരമ്പത്ത് കാണികളും അണിനിരന്നതോടെ ജില്ലയിലെ മഴയുത്സവത്തിനും വിസില്‍ മുഴങ്ങി. ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസംവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്സ്‌വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് വയനാട് മഡ്ഫെസ്റ്റിന് തുടക്കമായത്. മഡ് ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിയായി. മാനന്തവാടി താലൂക്കുകളിലെ വിവിധ ക്ലബുകളില്‍ നിന്നായി 9 ടീമുകളാണ് കണ്ണിവയല്‍ പാടത്തെ ചെളിക്കളത്തില്‍ ഫുട്ബോള്‍ ആവേശം തീര്‍ത്തത്. സോക്കര്‍ ബോയ്സ് കമ്മനയും വൈ.എഫ്.സി പൂതാടിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. മത്സരത്തില്‍ സോക്കര്‍ ബോയ്സ് കമ്മന ജേതാക്കളായി. ബദേഴ്സ് കല്ലുവയിലിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സോക്കര്‍ ബോയ്സ് ജേതാക്കാളായത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം ഇന്ന് (ജൂലൈ 6) പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, കല്‍പ്പറ്റ താലൂക്ക്തല മത്സരം നാളെ (ജൂലൈ 7) കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 9 ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. മഡ്‌ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13 ന് തരിയോട് കര്‍ളാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് മത്സരവും (ഡബിള്‍) നടക്കും. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ കെ. സുനില്‍കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, മഡ്ഡി ബൂട്ട്സ് വൊക്കേഷൻസ് എം.ഡി. പ്രദീപ് മൂര്‍ത്തി, വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി അഷ്റഫ് , ട്രഷറർ പി.എൻ.ബാബു വൈദ്യർ ,ജോയിൻ്റ് സെക്രട്ടറി ബിജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറുവ ദ്വീപിലേക്കുളള പ്രവേശനം നിരോധിച്ചു
Next post മഴ: മലയോരങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം
Close

Thank you for visiting Malayalanad.in