
വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ
കൽപ്പറ്റ:വൈത്തിരിയിലെ ഹോം സ്റ്റേയിൽ ഡി.ജെ പാർട്ടിക്കിടെ ഒമ്പതംഗ സംഘത്തെയാണ് 10.20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവർ താമസിച്ച ഹോംസ്റ്റേയിൽ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി പ്രതികളെ പിടികൂടുന്നത്. വയനാട്, കൽപ്പറ്റ സ്വദേശി വട്ടക്കരിയിൽ വീട്ടിൽ വി. മിൻഹാജ്(30), കോഴിക്കോട്, കൊടുവള്ളി, തടുകുന്നുമ്മൽ വീട്ടിൽ കെ.പി. റമീസ്(23), താമരശ്ശേരി, പുല്ലുമല വീട്ടിൽ മുഹമ്മദ് മിർഷാദ്(28), വയനാട്, പനമരം, കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് റാഷീദ്(23), കോഴിക്കോട്, പരപ്പൻപൊയിൽ മേത്തൽ തൊടുകയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ(24), കൊടുവള്ളി, അരീക്കര വീട്ടിൽ സുബൈർ(39), താമരശ്ശേരി, കൊരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം (23), തലശ്ശേരി, അരയാൽപുറത്ത് വീട്ടിൽ അഫ്രീൽ ഇബ്രാഹിം(34), കണ്ണൂർ, ചൊക്ലി, മാസ് വീട്ടിൽ ഷെസിൽ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ. എസ്. ഐ മണി, സീനിയർ സിവിൽ പോലീസ് ഓഫിസറായ ജയ്സൻ, സിവിൽ പോലീസ് ഓഫിസർമാരായ ആഷ്‌ലി തോമസ്, പ്രമോദ്, ഷിബു ജോസ്, റഫീഖ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 45.79 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായിരുന്നു. മലപ്പുറം പള്ളിപ്പുറം സ്വദേശിയായ തറവനാട്ടിൽ വീട്ടിൽ മുഹമ്മദ് ബാസിത്(27)നെയായിരുന്നു ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നോവയുടെ ഗിയർ ബോക്സിൽ ഒളിപ്പിച്ച് എം.ഡി.എം.എ. കടത്തിയ ഇയാൾ സ്ഥിരം മയക്കുമരുന്ന് കടത്തുകാരനാണ്. ജില്ലയിൽ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വിൽപനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിൽ അവക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ജില്ലാ പോലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലുടനീളം പരിശോധനകൾ ഊർജിതമാക്കും.
എ.എസ്.പി തപോഷ് ബസുമതാരി ഐ.പി.എസ്, എസ്.ബി ഡിവൈ.എസ്.പി സിബി മാത്യു, വൈത്തിരി സ്റ്റേഷൻ എസ്.എച്ച്. ഒ ജെ.ഇ. ജയൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.