പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.

*കൽപ്പറ്റ:* പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കൂടിയാലോചനകൾ ഇല്ലാതെ കേരളത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നികുതി വർധനവ് കേരള ജനതയുടെ നട്ടെല്ല് ഒടിക്കുന്നതും സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തെ തകർക്കുന്നതുമാണ്. കാലോചിതമായ നികുതി വർധന ആവശ്യമാണെങ്കിലും സർക്കാർ തിരക്ക് പിടിച്ച് നികുതി വർധിപ്പിച്ച രീതി പാവങ്ങളെ കൊള്ളയടിക്കലാണ്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ തികച്ചും ഏകപക്ഷീയമായ വർധനവാണ് അസാധാരണ ഗസറ്റ് വഴി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഭരണഘടനാനുസൃതമായി പഞ്ചായത്തുകൾക്ക് നൽകേണ്ട ജനറൽ പർപ്പസ് ഗ്രാന്റ് സർക്കാർ വെട്ടിക്കുറയ്ക്കുകയും അതിനു സമാനമായ തുക പഞ്ചായത്തുകൾ സ്വന്തം നിലയിൽ ജനങ്ങളിൽ നിന്നും ഈടാക്കാനുമുള്ള നിഗൂഢതയാണ് ഭീമമായ നികുതി വർധനവിലൂടെ ലക്ഷ്യമിടുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബിൽഡിങ് പെർമിറ്റിനായി 30 രൂപ അപേക്ഷ ഫീസ് ഉണ്ടായിരുന്നത് 300 രൂപയായി വർധിപ്പിച്ചു . കൂടാതെ കെട്ടിടത്തിന്റെ അളവ് വർധിക്കുന്നതിനനുസരിച്ച് നാളിതുവരെ കാണാത്ത രീതിയിൽ തുക യഥേഷ്ടം വർധിപ്പിച്ച സാഹചര്യമാണുമുള്ളത്. പലവിധ അവ്യക്തതകളും അപാകതകളും സർക്കാർ വിജ്ഞാപനത്തിൽ കടന്നു കൂടിയിട്ടുണ്ട്. ചട്ടങ്ങൾ പാലിച്ച് ഒരാൾ 1000 സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾ പരിശോധിച്ചു ക്രമപ്പെടുത്താൻ പഞ്ചായത്തിന് അനുവാദം നൽകുന്നില്ല .ഇത്തരം സംഗതികളിൽ കെട്ടിടം ഉടമ പ്ലാൻ ഉൾപ്പെടെ തയ്യാറാക്കി അപേക്ഷ സമർപ്പിക്കണം. ഇത് സമയവും സമ്പത്തും അപഹരിക്കപ്പെടും. അനുമതിയില്ലാതെ നിർമ്മാണം നടത്തിയ എല്ലാ കെട്ടിടങ്ങളും ചട്ടലംഘനം ഇല്ലായെങ്കിൽ അളന്നു തിട്ടപ്പെടുത്തി നികുതി ഈടാക്കുവാനുള്ള അനുവാദം നൽകേണ്ടതാണ്. പഞ്ചായത്തുകളുടെ ഗ്യാപ്പ് ഫണ്ട് നിലനിർത്തി, നികുതി വർദ്ധനയടക്കമുള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് അസോസിയേഷനുമായി ചർച്ച ചെയ്തു മാത്രമെ നടപ്പിലാക്കാൻ പാടുള്ളുവെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എച്ച്. ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. എ.കെ. റഫീഖ് (അസോസിയേഷൻ സെക്രട്ടറി, മുപ്പെെനാട് പ്രസിഡന്റ് ), വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. റെനീഷ് (കോട്ടത്തറ ), നസീമ മാങ്ങാടൻ (മുട്ടിൽ), എൽസി ജോയി (തവിഞ്ഞാൽ), പി.കെ. വിജയൻ (മുള്ളൻകൊല്ലി ) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷികവും സമുദായനേതൃ സംഗമവും കർഷക ജ്വാലയും മാനന്തവാടിയിൽ
Next post രാഹുൽഗാന്ധിക്ക് നീതി നിഷേധിച്ചതിനെതിരെ കോൺഗ്രസിന്റെ ഐക്യദാർഢ്യ പ്രകടനം.
Close

Thank you for visiting Malayalanad.in