ഭൂരഹിത കുടുംബങ്ങളുടെ പുനരധിവാസം; 47 കുടുംബങ്ങള്‍ക്ക് സ്വപ്ന ഭവനം ഒരുങ്ങി ;മന്ത്രി കെ. രാധാകൃഷ്ണന്‍ നാളെ താക്കോല്‍ കൈമാറും

കൽപ്പറ്റ: ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍ നാളെ ( ചൊവ്വ) പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. പൊരുന്നന്നൂര്‍ വില്ലേ ജിലെ പാലിയണയില്‍ 38 കുടുംബങ്ങള്‍ക്കും പയ്യംമ്പള്ളി വില്ലേജില്‍ നിട്ടമാനിയില്‍ 9 കുടുംബങ്ങള്‍ക്കുമാണ് സ്വപ്നവീടുകള്‍ ഒരുങ്ങിയത്. പാലിയണയില്‍ വീടു ലഭ്യമാകുന്നവരില്‍ പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്ന കൂവണകുന്ന് നിവാസികളായ 14 കുടുംബങ്ങളും ഉള്‍പ്പെടും.
ലാന്റ് ബാങ്ക് പദ്ധതിയിലൂടെ വിലയ്ക്ക് വാങ്ങിയ പൊരുന്നന്നൂര്‍ വില്ലേജിലെ 4.57 ഏക്കര്‍ സ്ഥലത്തും പയ്യമ്പള്ളി വില്ലേജിലെ നിട്ടമാനിയിലെ 1.20 ഏക്കര്‍ സ്ഥലത്തുമാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം പ്ലോട്ടുകളായി തിരിച്ച് നല്‍കി ആറ് ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പാലിയണ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11 നും, നിട്ടമാനി പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം ഉച്ചക്ക് 2 നും നടക്കും. ചടങ്ങുകളില്‍ ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയന്ത്രണം വിട്ട പാഴ്സൽ വാഹനം ജനക്കൂട്ടത്തിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു
Next post പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു.
Close

Thank you for visiting Malayalanad.in