റോഡ്‌ഷോയും സമ്മേളനവും ഏപ്രില്‍ 11ന് കല്‍പ്പറ്റയില്‍: രാഹുല്‍ഗാന്ധിക്ക് രാജോചിത സ്വീകരണം നല്‍കും: യു ഡി എഫ്

കല്‍പ്പറ്റ: മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി എം പിക്ക് രാജോചിതമായ സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കല്‍പ്പറ്റ എം പി ഓഫീസിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂളിന് സമീപത്ത് നിന്നും റോഡ് ഷോ ആരംഭിക്കും. എ ഐ സി സി ഭാരവാഹികളും, സംസ്ഥാന യു ഡി എഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ബൂത്തുതലം മുതല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും. ജനാധിപത്യത്തെയും, ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ആത്മബലമേകാനായി നടത്തുന്ന പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, പി പി ആലി, റസാഖ് കല്‍പ്പറ്റ, എം എ ജോസഫ്, അഡ്വ. ടി ജെ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളം വനിതാ സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് ജാസ്മിൻ കരീം.
Next post മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു
Close

Thank you for visiting Malayalanad.in