ഗൃഹാതുര സ്മരണകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയില്‍

സി.വി.ഷിബു.
കല്‍പ്പറ്റ : നാല് പതിറ്റാണ്ട് മുമ്പ് വയനാടന്‍ ജനത നല്‍കിയ സ്‌നേഹവും ആദരവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുമായി തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി കല്‍പ്പറ്റയിലെത്തി. സ്വകാര്യ സന്ദര്‍ശനത്തിനായി വയനാട്ടില്‍ കുടുംബസമേതം എത്തിയ അദ്ദേഹം വയനാട്ടിൽ പോലീസ് ഓഫീസറായിരിക്കെ എസ്.കെ.എം.ജെ.സ്‌കൂളിന് സമീപം മുമ്പ് താമസിച്ച വീട്ടിലും പരിസരത്തുമായി അരമണിക്കൂര്‍ ചിലവഴിച്ചു. ഭാര്യയോടും മക്കളോടുമൊപ്പമാണ് തമിഴ്‌നാട് ഗവര്‍ണര്‍ കെ.എന്‍.രവി വെള്ളിയാഴ്ച വയനാട്ടിലെത്തിയത്. തിരിച്ച് പോകുംവഴിയാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂളിന് സമീപമുള്ള ഓഫീസ് ക്ലബ്ബിന് പരിസരത്തെ പഴയ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴിലുള്ള ഈ സ്ഥലവും വീടും ഇപ്പോള്‍ സ്വകാര്യവ്യക്തികള്‍ക്ക് താമസത്തിന് നല്‍കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുട്ടികള്‍ കളിച്ചുവളര്‍ന്നത് ഇവിടെയായിരുന്നു. കാറില്‍ നിന്നിറങ്ങി അദ്ദേഹം പരിസരമൊക്കെ വീക്ഷിച്ചു. വീടിന് മുമ്പിലുണ്ടായിരുന്ന അവക്കാഡോ ചെടികള്‍ കാണാനില്ലല്ലോ എന്ന് പറഞ്ഞ് പരിതപിച്ചു. മക്കള്‍ പഠിച്ച എസ്.കെ.എം.ജെ.സ്‌കൂളും പരിസരവും നോക്കിക്കണ്ടു. അന്നത്തെ കുടുംബസുഹൃത്തുക്കളായിരുന്ന അയല്‍വാസിയുടെ വീട്ടിലും ഇവര്‍ കുടുംബസമേതം സന്ദര്‍ശനത്തിനെത്തി. ഗവര്‍ണറുടെ സുഹൃത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ഇവിടെ താമസം. തമിഴ്‌നാട് ഗവര്‍ണറുടെ സന്ദര്‍ശനം വളരെ പൊടുന്നനെ ആയിരുന്നതിനാല്‍ ഡി.സി.സി. ഓഫീസ് പരിസരത്തും എസ്.കെ.എം.ജെ.സ്‌കൂളിന് പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെയും എ.എസ്.പി. ബസുമതാരിയുടെയും നേതൃത്വത്തില്‍ പോലീസ് സുരക്ഷയൊരുക്കി. രാഹുല്‍ഗാന്ധി പെട്ടെന്നുള്ള സന്ദര്‍ശനത്തിന് എത്തിയിരുന്നെന്ന തരത്തില്‍ നാട്ടിലാകെ പ്രചരണമുണ്ടായി. വൈകുന്നേരത്തോടെയാണ് ഗവര്‍ണറുടെ സ്വകാര്യസന്ദര്‍ശനമാണെന്ന് എല്ലാവര്‍ക്കും വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണം: ജോയിൻ്റ് കൗൺസിൽ
Next post പി.കെ. കരിയൻ ആദർശം മുറുകെപ്പിടിച്ച വ്യക്തി- ഒ.ആർ. കേളു എം.എൽ.എ
Close

Thank you for visiting Malayalanad.in