സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

.
സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തു. ഇൻഡ്യാ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈൻ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരാണ് പിടിയിലായത്. ഒ.ടി.പി. ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൌണ്ടിൽ ബന്ധിപ്പിച്ചിരുന്ന സിം കാർഡിൻ്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്.എൻ.എൽ. കസ്റ്റമർ സർവ്വീസ് സെൻറ്ററിൽ നിന്നും ഉടമയുടെ വ്യാജ ആധാർ കാർഡ് സമർപ്പിച്ച് കരസ്ഥമാക്കിയ പ്രതികൾ ഹാക്കിംഗ് വഴി നേടിയ അക്കൌണ്ട് ഉടമയുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഇൻറ്റെർനെറ്റ് ട്രാൻസാക്ഷൻ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൌണ്ടിലേക്ക് മാറ്റി എ.ടി.എം. വഴി പിൻവലിച്ചത് . കേസ്സ് രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തോളം തുടർച്ചയായി അന്വേഷണം നടത്തിയ സൈബർ പോലീസിന് 150 ഓളം സിം കാർഡുകളും 50 ഓളം ഫോണുകളം അനേകം ബാങ്ക് അക്കൌണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബർ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസ്സിലായി. എല്ലാ ബാങ്ക് അക്കൌണ്ടുകളും സിം കാർഡുകളും വ്യാജ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് നേടിയെടുത്തതാണ് എന്നും അത് നിർമ്മിക്കുന്ന തപോഷ് ദേബ് നാഥ് എന്ന ആളാണെന്നും സൂചന ലഭിച്ച പോലീസ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം വെസ്റ്റ് ബംഗാളിലെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്ച്ചയോളം അന്വേഷണം നടത്തിയാണ് ഇൻഡ്യാ ഗവൺമെൻറ്റിൻറ്റെ വിവിധ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്ന തപോഷ് എന്നയാളെ പിടികൂടിയത്. ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാർഡിൻറ്റെയും പണം മാറ്റിയ അക്കൌണ്ടിൻറ്റെയും തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചത്. ഇയാളിൽ നിന്നും തിരിച്ചറിയൽ രേഖകൾ നിർമ്മിക്കാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിൻറ്ററും പിടിച്ചെടുത്തു. പ്രതിയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഹൌറയിൽ നിന്നും ഈ കേസ്സിലെ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറൈബ് ഹുസൈനെ പിടികൂടിയത്. ഇയാളിൽ നിന്നും നൂറുക്കണക്കിന് വ്യാജ ആധാർ കാർഡുകൾ ,പാൻകാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ,വെസ്റ്റ് ബംഗാൾ ഗവൺമെൻറ്റിൻറ്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ, എന്നിവ പിടിച്ചെടുത്തു.അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ എഎസ്.ഐ. ജോയിസ് ജോൺ, എസ്.സി.പി.ഒ. അബ്ദുൽ സലാം കെ.എ, സി.പി.ഒ. മാരയ ജിസൺ ജോർജ്ജ്,റിജോ ഫെർണാണ്ടസ്, സൈബർ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു. വ്യാജ ബാങ്ക് അക്കൌണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുതിനാൽ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
Next post കവുങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകത്തിൽ തൊഴിലാളി മരിച്ചു
Close

Thank you for visiting Malayalanad.in