
വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭ
വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയ വയനാട്ടിലെ കർഷകരെ സംഘടിപ്പിച്ചാണ് അഖിലേന്ത്യ കിസാൻ സഭാ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത സമരം നടത്തുന്നത്. വന്യമൃഗ ശല്യത്തിൽ വലഞ്ഞ കർഷകർ സ്വയം പ്രതിരോധത്തിനൊരുങ്ങുകയാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ വാരിക്കുഴി നിർമ്മിച്ച് . പണ്ടു കാലങ്ങളിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് കുടിയേറ്റ കർഷകർ ഉപയോഗിച്ച നാടൻ രീതിയായ വാരിക്കുഴിയാണ് തയ്യാറാക്കുന്നത്.
വാകേരിയിലെ കർഷകൻ ചെറി പറമ്പിൽ ഷാജിയുടെ തോട്ടത്തിലാണ് കിസാൻ സഭ പ്രവർത്തകരുടെ നേതൃത്വത്തിൽ വാരിക്കുഴി തയ്യാറാക്കിയത്. തങ്ങളുടെ ജീവനും കൃഷിക്കും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വനം വകുപ്പിന് കഴിയില്ലന്ന് മനസിലാക്കിയ കർഷകർ സ്വയം രക്ഷയ്ക്ക് വഴി തേടുന്നതിൻ്റെ ഭാഗമായണ് വാരിക്കുഴി നിർമ്മിക്കുന്നതെന്ന് കർഷകർ പറയുന്നു.
വന്യമൃഗ ശല്യം വനാതിർത്തികൾ കടന്ന് ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വ്യാപിച്ചതോടെ കർഷകർ ആശങ്കയിലും ദുരിതത്തിലുമാണ്.വരുംദിവസങ്ങളിൽ സമരം കൂടുതൽ കൃഷിഭൂമികളിലേക്ക് വ്യാപിപ്പിക്കാനാണ് കിസാൻ സഭയുടെയും കർഷകരുടെയും തീരുമാനം.