അരിവാൾ രോഗ നിവാരണ പദ്ധതി കേന്ദ്രമന്ത്രി രേണുക സിങ്ങ് സരുത ഉദ്ഘാടനം ചെയ്യും.

മുട്ടിൽ: സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സേവാ ഇന്റർ നാഷണലിന്റെ സഹായ സഹകരണത്തോടെ. ജില്ലയെ സമ്പൂർണ്ണ അരിവാൾ രോഗമുക്തമാക്കുകയെന്ന ഉദ്ദേശേത്തോടെ നടപ്പാക്കുന്ന അരിവാൾ രോഗ നിവാരണ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 8ന് രാവിലെ 11 മണിക്ക് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി രേണുക സിങ്ങ് സരുത ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ട അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലും സംസ്ഥാന അതിർത്തി ജില്ലകളായ നീലഗിരി, ചാമരാജ് നഗർ, തുടങ്ങിയ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ജില്ലയിൽ രോഗ നിർണ്ണയത്തിനായി 250 രോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത സാമ്പിളുകൾ പരിശോധിക്കും. ഇതിനാവശ്യമായ അത്യാധുനിക ലാബോറട്ടറി, മിഷനറി സംവിധാനങ്ങൾ എന്നിവ മിഷൻ ആശുപ്രതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ രോഗനിയന്ത്രണത്തിന് ആവശ്യമായ ബോധവൽക്കരണ ക്യാമ്പുകൾ, കൗൺസിലിംഗ് തുടങ്ങിയ പരിപാടികളും ഉണ്ടാകും, പദ്ധതി കാലഘട്ടത്തിൽ രോഗ നിർണ്ണയവും ചികിത്സയും സൗജന്യമായിരിക്കും. 1972 ൽ ഒരു സന്നദ്ധ പ്രസ്ഥാനമായി ആരംഭിച്ച് മിഷൻ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് ഒട്ടനവധി സേവന പദ്ധതികൾക്കും തുടക്കം കുറിക്കും. പ്രതിവർഷം ശരാശരി 350 സൗജന്യ മെഡിക്കൽ ക്യാമ്പുകളാണ് വയനാട് ജില്ലയിലെ വനവാസി ഗ്രാമങ്ങൾ, വനാന്തര ഗ്രാമങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലായി സംഘടിപ്പിച്ച് വരുന്നത്. ഈ ക്യാമ്പു കൾ 600 ആയി വർദ്ധിപ്പിക്കും. സ്വാശ്രയ സംഘങ്ങൾ തൊഴിൽ കേന്ദ്രങ്ങൾ, ലഹരി വിരുദ്ധ സമ്പർക്ക പരിപാടികൾ എന്നിവയും സംഘടിപ്പിച്ച് വരുന്നു. മുട്ടിൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന 50 കിടക്കകളുള്ള ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും മിഷനുണ്ട്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി ആറ് സബ് സെന്ററുകൾ, സ്വാസ്ഥ്യമിത്ര ആരോഗ്യമിത്ര സംഘ പ്രവർത്തകർ, സഞ്ചരിക്കുന്ന ഡിസ്‌പെൻസറി എന്നീ പദ്ധതികളും മിഷനുണ്ട്. പ്രതിവർഷം 75,000 രോഗികൾക്ക് മിഷൻ വഴി ചികിത്സ നൽകുന്നുണ്ട്. ഇതിൽ 70 ശതമാനത്തോളം വനവാസികളാണ്. ഇവർക്ക് സൗജന്യ ചികിത്സയും താമസവും ഭക്ഷണവും നൽകി വരുന്നുണ്ട്. ആരോഗ്യ രംഗത്തെ സേവന പദ്ധതികൾ കൂടാതെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്തും മിഷന് കീഴിൽ വിവിധ പദ്ധതികൾ നടക്കുന്നുണ്ട്. ജില്ലയിലെ 125 വനവാസി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുക എന്ന മുഖ്യ ഉദ്ദേശത്തോടെ 125 ഗ്രാമീണ വിദ്യാകേന്ദ്രങ്ങൾ (സിംഗിൾ ടീച്ചർ സ്‌കൂളുകൾ) പ്രവർത്തിച്ച് വരുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ ബാലസംസ്‌കാര കേന്ദ്രങ്ങൾ, ഒരു അപ്പർ പ്രൈമറി സ്‌കൂൾ, നഴ്‌സിംഗ് സ്‌കൂൾ യോഗ വിദ്യാലയം, സൗജന്യ ലീഗൽ എയിഡ് ആന്റ് ഫാമിലി കൗൺസിലിംഗ് സെന്റർ എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മിഷൻ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ മെഡിക്കൽ മിഷൻ പ്രസിഡന്റ് ഡോ. പി. നാരായണൻ നായർ, സെക്രട്ടറി അഡ്വ. കെ.എ. അശോകൻ, മാനേജർ വി.കെ. ജനാർദ്ദനൻ, അഡ്വ. വവിത എസ്.നായർ, വർഷസ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലീവ് സറണ്ടർ ഉത്തരവ് : കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ജ്വാല നടത്തി
Next post നഗരമധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയാളെ കാട്ടാന ആക്രമിച്ചു
Close

Thank you for visiting Malayalanad.in