താമരശ്ശേരി ചുരം വീതികൂട്ടൽ: മരങ്ങൾ മുറിച്ചുതുടങ്ങി.

സി.വി.ഷിബു.
കൽപ്പറ്റ : കോഴിക്കോട് – കൊല്ലഗൽ ദേശീയ പാത 766 – ൽ താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്കും മണ്ണിടിച്ചിലും മരം കടപുഴകി വീഴലും എല്ലാം പരിഹരിക്കുന്നതിന് ചുരം വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് പതിറ്റാണ്ടുകളായി വിവിധ സംഘടനകൾ പ്രക്ഷോഭത്തിലാണ്. 2012 -ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനത്തിലാണ് കേന്ദ്ര അനുമതിക്കുള്ള നടപടികൾ തുടങ്ങിയത്. ദീർഘനാളത്തെ ശ്രമങ്ങൾക്കൊടുവിൽ 2018 ൽ ഇതിനുള്ള പ്രാഥമിക അനുമതി ലഭിച്ചു .തുടർന്ന് പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീതിക്കൂട്ടിൽ നടപടികൾ അനിശ്ചിതത്വത്തിലായി. ഒടുവിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ നിർദ്ദേശാനുസരണം കോഴിക്കോട് ജില്ലാ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസ് ചുരത്തിലെ റോഡരികിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിടുകയായിരുന്നു. ദശംശം 98 ഹെക്ടർ ഭൂമിയിലെ 393 മരങ്ങൾ മുറിക്കുന്നതിനാണ് അനുമതിയുള്ളത്. 7.91 ലക്ഷം രൂപയാണ് മരങ്ങളുടെ അടിസ്ഥാന വില . ചുരം വീതി കൂട്ടലിന് കരാർ ഏറ്റെടുത്തിട്ടുള്ള ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്ഷൻ കമ്പനി അധികൃതരാണ് മരം മുറിച്ചുമാറ്റി കൊണ്ടിരിക്കുന്നത്.
മരം മുറിച്ചുമാറ്റിയാൽ ഉടൻ വീതി കൂട്ടുന്ന ജോലികൾ ആരംഭിക്കും. ശരാശരി 32 മീറ്റർ വീതിയിലാണ് റോഡ് ഉൾപ്പെടെയുള്ള വളവുഭാഗം നവീകരിക്കുക. നിലവിൽ തുടക്കഭാഗത്ത് ഏഴു മുതൽ 9 മീറ്റർ വരെയും മദ്യഭാഗത്ത് 15 മുതൽ 15.90 മീറ്റർ വരെയും ആണ് വീതി.നവീകരണം പൂർത്തിയാകുമ്പോൾ 17 മുതൽ 35 മീറ്റർ വരെ വീതി ഉണ്ടാകും. 37 കോടി രൂപയാണ് വീതികൂട്ടൽ ജോലികൾക്കായി ചിലവഴിക്കുക. രണ്ടുവർഷംകൊണ്ട് ജോലികൾ പൂർത്തിയാക്കുന്ന തരത്തിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്.
വാഹനങ്ങൾ കൂടിയതിനാൽ ചുരം റോഡിന് വീതി കുറുവ് കാരണം ഗതാഗതകുരുക്ക് പതിവാണ്. ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗത തടസ്സമുണ്ടാകുന്നത്. ആംബുലൻസുകൾ അടക്കം ചുരത്തിൽ കുടുങ്ങുന്നതും പതിവായിരുന്നു.
നിലവിൽ മരങ്ങൾ മുറിക്കുന്ന സമയത്ത് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാവിതലമുറയുടെ ഡിജിറ്റൽ ജാഗ്രതയ്ക്ക് പോലീസിന്റെ ‘കിഡ് ഗ്ലോവ്’
Next post സാമൂഹ്യമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ സാലി റാട്ടക്കൊല്ലി പരാതി നൽകി.
Close

Thank you for visiting Malayalanad.in