അംബുക്കരാളാനും കുറുമോട്ടിയും: സർവ്വതും പക്ഷിമയമാക്കി ഹെക്കി ബണക്ക്
കുടിക്കൂട്ടൽ
ഗുബിണി എന്ന മൂങ്ങ കൽപ്പറ്റ നഗരം ചുറ്റി നടത്തിയ കലാ പര്യടനത്തിലൂടെയാണ് ഹെയ്ക്കി ബണക്ക് ആളുകളെ വരവേറ്റിരുന്നത്. മനു ജോസിന്റെ നേതൃത്വത്തിൽ ആല കൾച്ചറൽ സെന്റർ ആണ് ഗുബിണി യെ ഒരുക്കുന്നത്..
ബലെ സൂഴിക
ബാലേ സൂഴികയിൽ നിങ്ങൾ പക്ഷികളെ കുറേകൂടി അടുത്തറിയും. അവയുടെ നിറം, രൂപം, ശരീരം അങ്ങിനെ അങ്ങിനെ. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പക്ഷിനിരീക്ഷക സംഘങ്ങളും സ്ഥാപനങ്ങളും അവരുടെ ചിത്രങ്ങളുമായി പ്രദർശനത്തിനായെത്തും. കേരളത്തിലെ വിവിധ ആവാസ വ്യവസ്ഥകളിൽ കണ്ടുവരുന്ന പക്ഷി വിഭാഗങ്ങളെ പരിചയപ്പെടുത്തുന്ന ആകർഷകമായ ഇടങ്ങളായിരിക്കും ഓരോ സ്റ്റാളുകളും.
ഹെയ്റ
ഹെയ്റ നമ്മുടെ കോഴിവേഴാമ്പലാണ്. ഹെയ്റ വയനാടിന്റെ പക്ഷിലോകത്തെ പരിചയപ്പെടുത്താൻ ഏവരെയും ക്ഷണിക്കുകയാണ്. ഇവിടെ വയനാടിൻറെ പക്ഷി വൈവിധ്യവും ഇവിടുത്തെ പരിസ്ഥിതിയും പക്ഷികളും തമ്മിലുള്ള ബന്ധത്തെ പറ്റിയും നിങ്ങൾക്ക് അറിയേണ്ടതെല്ലാം വയനാട് ബേർടേഴ്‌സ് പ്രദർശിപ്പിക്കുന്നു.
കുറുമൂട്ടി
കുറുമൂട്ടി നമ്മുടെ പഴക്കൊതിയനായ ഇരട്ടത്തലച്ചിയാണ്. നിങ്ങൾക്ക് പക്ഷിനിരീക്ഷണത്തിൽ താല്പര്യമുണ്ടെങ്കിൽ പ്രഗത്ഭരായ പക്ഷിനിരീക്ഷകരോട് വർത്തമാനം പറയുന്നതിനും അവരുടെ യാത്രകളെപ്പറ്റി മനസിലാക്കുന്നതിനുമുള്ള അവസരമാണ് കുരുമുടിയിൽ ഒരുക്കുന്നത്. ഈ ഇടത്തിൽ നിന്ന് നിങ്ങളിൽ പക്ഷിനിരീക്ഷരാകണം എന്ന തോന്നൽ ജനിക്കുകയാണെങ്കിൽ തുടർച്ചയായ നിരീക്ഷണങ്ങളിലൂടെ നമ്മുടെ ലോങ്ങ് ടെം ബേർഡ് മോണിറ്ററിങ്ങിന്റെ കൂടെ ഭാഗമാകാനുള്ള അവസരം കൂടി നിങ്ങൾക്ക് ലഭിക്കും. വേദിയ്ക്കടുത്തുള്ള പ്രദേശങ്ങളിൽ വിദഗ്ധരുടെ കൂടെ പക്ഷിനിരീക്ഷണ യാത്രയ്ക്കുള്ള അവസരവും ലഭ്യമാണ്.
മൂട്ട് പക്ഷിനിരീക്ഷകർക്കും പക്ഷിശാസ്ത്രഞ്ജർക്കും പൊതുജനങ്ങൾക്കും പക്ഷികളെ സംബന്ധിച്ച അറിവുകൾ കൈമാറുന്നതിനുള്ള ഒരിടമായാണ് കൂട്ടം എന്ന് പേരിട്ടിരിക്കുന്ന അക്കാദമിക് സെഷനുകളെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അജ്ഞാതമായിരിക്കുന്ന പക്ഷിലോകത്തെയും, പക്ഷിശാസ്ത്രത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്യും.
കിളികളാവുക നാം …..മൺമറഞ്ഞുപോയ കിളിയൊച്ചകൾ കാതോർക്കാം
“കിളികളാവുക നാം” നമ്മൾ കണ്ടിട്ടില്ലാത്ത വംശനാശം സംഭവിച്ച പക്ഷികളുടെ കഥകളാണ്, കഥ പറച്ചിലാണ്. മണ്മറഞ്ഞുപോയ പക്ഷികളെയും അവയുടെ ശബ്ദങ്ങൾ നിറങ്ങൾ രൂപം ജീവിതം നമുക്കൊന്ന് സങ്കൽപ്പിച്ചു നോക്കാം. കിളികളായി കഥപറച്ചിലുകാർ വരും അവ ജീവിച്ചിരുന്ന കാലഘട്ടത്തെയും ഭൂമിശാസ്ത്രത്തെയും പരിചയപ്പെടുത്തും പിന്നെ നമ്മളൊരുമിച്ചു അവിടെയ്ല് യാത്ര ചെയ്യാം.
‘കഴുകുകളെ പാതുകാപ്പാം’
‘കഴുകുകളെ പാതുകാപ്പാം’ (Kazhukukale Pathukappom) തമിഴ് നാട്ടിൽ കഴുകന്മാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അരുളകം ഒരുക്കുന്ന തെരുവ് നാടകം. കഴുകന്മാരുടെ വംശനാശ ഭീഷണി യുടെ കഥ പറയുന്നു. അവയുടെ പരിസ്ഥിതീക പ്രാധാന്യം സംരക്ഷണ പ്രാധാന്യം എന്നിവയാണ് ഉള്ളടക്കം. പ്രകൃതിയുടെ ശുചീകരണം ഉറപ്പാക്കുന്ന ഇവരെ നമുക്കെത്ര അടുത്തറിയാം…അവരുടെ സംരക്ഷണം ഉറപ്പാക്കാൻ നമുക്കെന്തു ചെയ്യാനാകും?? അരുളകം നമ്മോടു ചോദിക്കുന്നു.
കൂട്: ജീവനും അതിജീവനവും
ജീവന്റെ നിലനിൽപ്പ് ഉറപ്പാക്കുന്ന സൂക്ഷ്മമായ നിർമ്മിതി കളാണ് ഓരോ പക്ഷികളുടെയും കൂടുകൾ. ജൈവവൈവിധ്യത്തിൻറെ ചരിത്രവും നിലനിൽപ്പിൻറെ സമരവും സൗന്ദര്യവുമാണ് ഒരു കൂടിൻറെ ജീവിതത്തിലെ ഓരോ നിമിഷവും. നമുക്ക് കുറച്ചു കൂടുകൾ കാണാം. മരക്കൊമ്പിൽ, ഇലകളിൽ, താഴെ തറയിൽ അങ്ങിനെ.. മുട്ടകൾ, കുഞ്ഞുങ്ങൾ, തീറ്റിക്കൽ, പറപ്പിക്കൽ അങ്ങിനെ .. കൂടാതെ പ്രമുഖ പക്ഷിനിരീക്ഷകർ കൂടുകളെക്കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യം, നൈതികത, ശാസ്ത്രീയമായ രീതികൾ എന്നിവയെ പറ്റി കൂടു വർത്തമാനത്തിൽ സംവദിക്കുന്നു.
നമുക്ക് പക്ഷികളായി കണ്ടു നോക്കാം
പക്ഷികൾ നിങ്ങളെ നോക്കിയിരിക്കുന്നത് അവരെ പറ്റി നിങ്ങൾ എഴുതുകയോ വരയ്ക്കുകയോ ചെയ്യുകയാണെന്ന് കരുതിയിട്ടായിരിക്കുമോ? ആണെങ്കിലും അല്ലെങ്കിലും ഹെക്കിബണക്കിൽ നമുക്ക് പക്ഷികൾ ലോകത്തെ എങ്ങിനെ കാണുന്നു എന്ന് സങ്കൽപ്പിച്ചു നോക്കാം. അവർ നമ്മളെ വരച്ചാലോ എഴുതിയാലോ എങ്ങനിരിക്കും… മുകളിൽ മരക്കൊമ്പിൽ നിന്നും നോക്കുമ്പോൾ. താഴെ മണ്ണിൽ നിന്നും നോക്കുമ്പോൾ. കാപ്പിച്ചെടിയിൽ ഇരിക്കുമ്പോൾ, മരപ്പൊത്തിലാണെങ്കിൽ, പറക്കുമ്പോൾ….. കാഴ്ചയുടെ ആ വൈവിധ്യം .. സങ്കല്പിച്ചു നോക്കൂ എന്ത് രസമായിരിക്കും.
കൂടൊരുക്കാം – വീട് വയ്ക്കാം
പക്ഷികളുടെ കൂടുകളെപ്പറ്റി നമുക്കെന്തറിയാം. അവർ എങ്ങിനെയാണ് ഒരു വീട് വയ്ക്കുന്നത്. അവർ എന്തൊക്കെ ഭാവനചെയ്യുന്നുണ്ടാകും … തിരയുന്നുണ്ടാകും .. ഏതൊക്കെ കരുതുന്നുണ്ടാകും … അവർക്കുള്ള അനന്ദാനുഭവങ്ങൾ എന്തൊക്കെ ആയിരിക്കും. സ്വയം ഒരു പക്ഷിയായി ചിന്തിക്കുകയും ചുറ്റുപാടിലുള്ള നാരും വേരും ഇലയും ഉപയോഗിച്ച് ഒരു കൂട് നിർമ്മിക്കുകയും ചെയ്യുകയാണ് കൂടൊരുക്കാം. ശാസ്ത്രജ്ഞരോടും കലാകാരന്മാരോടുമൊപ്പം ചേർന്നൊരുക്കുന്ന ഈ പ്രവർത്തനം വ്യത്യസ്തമായ ഒരു കലാ അനുഭവമായിരിക്കും. ചിന്തിക്കുക, അന്വേഷിക്കുക, ശേഖരിക്കുക, രൂപപ്പെടുത്തുക എന്നീ പ്രക്രിയയിലൂടെ കടന്നുപോയി ഒരു കൂട് നെയ്തൊരുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ലിസണിങ് എറർ
ലിസണിങ് എറർ – നിശബ്തത പക്ഷികളും പ്രകൃതിയും നമ്മളും തമ്മിലുള്ള സംഭാഷണമാക്കി മാറ്റാനുള്ള ശ്രമമാണ്. സ്ഥലവും കാലവും പ്രകൃതിയും ചേർന്നൊരുക്കുന്ന ശബ്‌ദങ്ങൾ അനുഭവിയ്ക്കാനുള്ള അവസരം. നാം കേൾക്കാത്ത എന്നാൽ നമുക്കുചുറ്റും ഉള്ള ശബ്‌ദങ്ങൾ കേൾക്കാനും അത് വഴി നമ്മെ ശബ്ദത്തിൻറെ ഇടത്തിൽ അടയാളപ്പെടുത്താനും ഉള്ള അവസരം. ഒച്ചയുടെ ഒരു കീറ് ഒരു ക്ഷണം ഒരു മാത്ര ഓർമ്മയായി, ശരീരത്തിന്റെ ഭാഗമായി നിങ്ങൾക്കു ഇവിടുന്നു കൊണ്ടുപോകാൻ കഴുയുമോ …. പിന്നെ മെല്ലെ അത് നിങ്ങളെ നിങ്ങളുടെ നൈസർഗ്ഗീക ശബ്ദലോകത്തിലേക്കു ചേർത്തുവയ്ക്കുമോ … മെല്ലെ .. പതിയെ… ശ്രദ്ധിച്ചു … കേൾക്കാം … വരൂ ഹൂട്ടിലേക്കു, ഇത് ഒരു മൂങ്ങയുടെ വിളിയാണ് ..
മിംഗേയ്: ചിറകുകൾ കൊരുക്കാം
മിംഗെ എന്ന ജപ്പാനിലെ ജനങ്ങൾ, വരയ്ക്കുക എന്നീ വാക്കുകൽചേർന്നുണ്ടായതാണ്. എല്ലാവരും ചേർന്ന് ഒരു കലാസൃഷി ഉണ്ടാക്കുന്നതിനെ ആണ് ഇങ്ങനെ വിളിക്കുന്നത്. ഹെക്കി ബണക്കിലെ മിഗെ ചിത്രം വരയ്ക്കാൻ വിളിക്കുന്നു . ഇവിടെ നമ്മൾ സങ്കൽപ്പിക്കുന്നത് സർവ ചരാചരങ്ങളെയും ഒന്നായികാണാൻ കഴിയുന്ന ഒരു ലോകത്തെയും ഭാവനയെയും ആണ്. ആ അനുഭവത്തിൻറെ ആവിഷ്ക്കാരം ആണ് ഇവിടെ നടക്കേണ്ടത്. അതിർത്തികൾ മായ്ചുകൊണ്ടു സഹവർത്തിത്വത്തിൻറെ രേഖാചിത്രം തീർക്കാൻ എല്ലാവരും ഒന്ന് ചേരാം.. നിങ്ങൾ എന്താണ് കോറിയിട്ടത് ഇവിടെ അത് ലോകത്തെ കൂടുതൽ വലുതാക്കുന്നില്ലേ.. അത് കൂടുതൽ തെളിച്ചവും ആനന്ദവും നിറഞ്ഞതല്ലേ.
ബേർഡ്‌സ് ഓൺ പ്ലേറ്റ്
പക്ഷികളും മനുഷ്യരുമായുള്ള ബന്ധത്തിൽ പ്രധാനപ്പെട്ട ഒന്ന് ഭക്ഷ്യശൃംഖല വഴിയുള്ളതാണ്. മനുഷ്യരുടെ സാംസ്കാരിക പരിണാമം ചരിത്രത്തിലുടനീളം പക്ഷികളെ വേട്ടയാടലിന്റെയും ആഹരിക്കലിന്റെയും കൂടി ആണ്. മനുഷ്യരുടെ ആഹാരത്തിൽ മാംസ്യത്തിന്റെ ഒരു പ്രധാന ഉറവിടം പക്ഷികൾ ആണ്. അവ നമ്മുടെ രുചി സംസ്കാരവും ആരോഗ്യവും കൂടി ആണ്. മനുഷ്യരുടെ വേട്ടയാടൽ മൂലം മാത്രം വംശനാശം വന്ന പക്ഷികളും ഉണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ഭാഗമായി വേട്ടയാടൽ നിരോധിക്കപെട്ടപ്പോൾ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന പല സമൂഹങ്ങളുടെയും ഭക്ഷ്യ സുരക്ഷയെ അത് ബാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ കാർബൺ ഉത്സർജ്ജനം ചെയ്യുന്ന വ്യവസായങ്ങളിൽ ഒന്ന് പക്ഷി വളർത്തലും അവയുടെ മാംസ വിപണനവും ആണ്. ..
പ്രകൃതിയും സംസ്കാരവും
പാട്ടുകൾ എല്ലാ കാലത്തും അറിവ് കൈമാറ്റം ചെയ്യുന്നതിനുള്ള മാധ്യമമായി മാറിയിട്ടുണ്ട്. കേരളത്തിലെ ആദ്യ ബാവുൾ ഗായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാന്തിപ്രിയ, പാർവതി ബാവുളിൻെറ ശിഷ്യയാണ്. ബാവുൾ സംഗീതം പഠിക്കുകയും പാടുകയും ചെയ്യുന്നവർ കേരളത്തിൽ വളരെ കുറവാണ്. ബാവുൽ ഗീതങ്ങൾ ബംഗാൾ ബംഗ്ളാദേശ് ഭൂമികയിൽ നിന്നും പിറവികൊണ്ടവയാണ്. കബീർ, ബുള്ളെ ഷാ, ഗുരു നാനാക്ക്, അക്ക മഹാദേവി, എന്നിവരുടെയൊക്കെ പാട്ടുകളാണവ. ബാവുൽ ഗീതങ്ങൾ എഴുതപ്പെടാത്ത എന്നാൽ വാമൊഴിയായി കൈമാറ്റം ചെയ്യുന്ന പാട്ടുകളാണ്. ഈ പാട്ടുകൾ കാണികൾക്ക് പുതിയൊരനുഭവമായിരിരുന്നു.
വട്ടക്കളി
പണിയ വട്ടക്കളി വായനാട്ടിലെ പണിയ വിഭാഗക്കാരുടെ ഒരു തനതു കലാരൂപമാണ്.അവരുടെ ജീവിതത്തെയും പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും വിളിച്ചോതുന്നതാണ് ഈയൊരു കലാരൂപം. തുടി, ചീനി എന്നീ സംഗീതോപകരങ്ങളുടെ അകമ്പടിയോടെ വട്ടത്തിൽ നിന്നാണ് വട്ടക്കളി കളിക്കുക.ഈ ഉപകരണങ്ങൾ വായിക്കുക സമുദായത്തിലെ ആണുങ്ങൾ ആണെങ്കിലും സ്ത്രീകളും കുട്ടികളും എല്ലാവരും ചേർന്നാണ് നൃത്തമാടാറ്. വേണാടിലേക്കെത്തുന്ന പക്ഷിപ്രേമികൾക്ക് ദൃശ്യ ശ്രാവ്യ അനുഭവമായിരിക്കും പണിയ വട്ടക്കളി സമ്മാനിക്കുക.
കൂനാട്ട
വയനാടിലെ കാട്ടുനായ്ക്ക വിഭാഗത്തിൻ്റെ തദ്ദേശീയ കലാരൂപമാണ് കൂനാട്ട .സമുദായത്തിനുള്ളിൽ നടക്കുന്ന പ്രധാനപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായാണ് പൊതുവെ ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ കലാരൂപം. സമുദായത്തിലെ മരണാനന്തര ചടങ്ങുകൾക്കും മറ്റും ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. ജോദ്‌മാര, തമ്പാട്ടെ, കൊലാൾ ഗജ്ജെ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള അവതരണങ്ങൾ തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും സമ്മാനിക്കുക.
ഹെക്കി ബണക്കിന്റെ ആദ്യത്തെ ചാപ്റ്റർ നവംബർ 16 ണ് അവസാനിക്കുക. അവസാന ദിവസവും നിരവധി അക്കാദമിക് സെഷനുകളും മറ്റു പരിപാടികളും കാണികളെ വരവേൽക്കും
