ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്


– ജില്ലയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു – 32 ടീമുകളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തിലാണ് മത്സരങ്ങള്‍
കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. മെയ് രണ്ട് മുതല്‍ 15 വരെ ബ്ലോക്ക് തലത്തില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില്‍ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉള്‍പ്പെടുത്തി ആകെ 32 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക. കല്‍പ്പറ്റ ബ്ലോക്കിലെ മത്സരങ്ങള്‍ പൊഴുതനയിലും, മാനന്തവാടിയില്‍ തലപ്പുഴയിലും, ബത്തേരിയില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും, പനമരം ബ്ലോക്കില്‍ നടവയലിലുമാണ് മത്സരങ്ങള്‍ നടക്കുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കും.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളുടെ/ക്ലബ്ബുകളുടെ പേരുവിവരങ്ങള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുഖേന സ്വീകരിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്ലബുകള്‍ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ 30.04.2025 തീയതിക്ക് മുമ്പായി അയച്ചു നല്‍കണം. ഈ വീഡിയോയില്‍ ടീമുകളുടെ/ക്ലബ്ബുകളുടെ വിവരങ്ങളും, അവര്‍ ലഹരിക്കെതിരെ നടത്തിയിട്ടുള്ള പരിപാടികളുടെ വിവരങ്ങളും, ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന ക്യാമ്പയിന്റെ കാര്യങ്ങളും പ്രതിപാദിക്കണം. വീഡിയോയുടെ ഉള്ളടക്കത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണം. കൂടാതെ, വയനാട് ജില്ലാ പോലീസിന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കുന്ന ‘കളിയും കളിയിടങ്ങളുമാകട്ടെ നമ്മുടെ ലഹരി, കളിയിടങ്ങളിലേക്ക് തിരിച്ചു പോകാം’ എന്ന വീഡിയോയുടെ കമന്റ് ബോക്സില്‍ കളിയുടെയോ കളിയിടങ്ങളുടെയോ ഫോട്ടോകളോ വീഡിയോകളോ പേരുകളോ കമന്റ് ആയി രേഖപ്പെടുത്തിയൂം അവസരമുറപ്പിക്കാം. വയനാട് പോലീസ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ജില്ലാ അഡീ. എസ്.പി ടി.എന്‍. സജീവ് നോഡല്‍ ഓഫിസറായി കമ്മിറ്റി രൂപവത്കരിച്ചു.
ഡി ഹണ്ട്: 8354 പേരെ ഇതുവരെ പരിശോധിച്ചു
ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 8354 പേരെ ഇതുവരെ പരിശോധിച്ചു. 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 561 പേരെ പിടികൂടുകയും ചെയ്തു. ഇവരില്‍ നിന്നായി 141.077 ഗ്രാം എം.ഡി.എം.എയും, 22.504 കിലോ ഗ്രാം കഞ്ചാവും, 473 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. കൂടാതെ മറ്റു ലഹരി ഉല്‍പ്പന്നങ്ങളായ മെത്താഫിറ്റാമിന്‍, ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 60.20 ഗ്രാം പിടിച്ചെടുത്തു. ഏപ്രില്‍ 24 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ശനിയാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലെ യാത്രക്കാരില്‍ നിന്ന് 18.9 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം ലഹരി വിരുദ്ധ സ്‌ക്വാഡും വിവിധ സ്റ്റേഷനുകളും സംയോജിച്ചു നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവിലുള്ള ലഹരിമരുന്നുകള്‍ പിടികൂടാനും ലഹരി കടത്തുകാരെ പിടികൂടാനും സാധിച്ചത്. ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ വയനാട് പോലീസിന്റെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു.
Next post വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു
Close

Thank you for visiting Malayalanad.in