സി.പി.എമ്മിൽ ജാതി വിവേചനമെന്ന് ആക്ഷേപം: ബിജു കാക്കത്തോട് പാർട്ടി വിട്ടു

കൽപ്പറ്റ.: നേതാക്കൾ ജാതി വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ദളിത് നേതാവ് സി.പി.എം വിട്ടു. മൂലങ്കാവ് കുളത്തൂര്‍ക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും ആദിവാസി ക്ഷേമ സമിതി(എകെഎസ്) ബത്തേരി ഏരിയ പ്രസിഡന്റുമായ ബിജു കാക്കത്തോടാണ് പാര്‍ട്ടി വിട്ടത്. ബ്രാഞ്ച് കമ്മിറ്റി അംഗത്വവും എകെഎസ് ഭാരവാഹിത്വവും രാജിവച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയതായി ബിജു കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍.പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡിഎ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേതാക്കളില്‍ ചിലരുടെ ജാതി വിവേചനത്തിലും ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നു ബിജു പറഞ്ഞു. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്ന് പണിയ സമുദായാംഗമായ ബിജു പറഞ്ഞു. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നതും നേതാക്കളില്‍ ചിലര്‍ക്ക് ദഹിക്കുന്നില്ല. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നതടക്കം ഓഫര്‍ ലഭിച്ചിരുന്നു. ഇതൊന്നും പ്രാവര്‍ത്തികമാക്കിയില്ല. ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നം പരിഹൃതമാകാത്തതിനു ഉത്തരവാദിത്തം സംസ്ഥാന ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിനാണ്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ കെ എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുമുന്‍പ് അനേകം ആദിവാസി കുടുംബങ്ങള്‍ വനഭൂമികളില്‍ രണ്ടാംഘട്ട ഭൂസമരം ആരംഭിച്ചത്. അതിപ്പോഴും തുടരുന്നത് സിപിഎമ്മിന്റെ പട്ടികവര്‍ഗ സ്‌നേഹത്തിലെ കാപട്യം തുറന്നുകാട്ടുന്നതാണെന്നു ബിജു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു
Next post പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം  കണ്ടെത്തി
Close

Thank you for visiting Malayalanad.in