കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമൺ സോൺ നവംബറില്‍ കോവളത്ത്

*മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും* *തിരുവനന്തപുരം:* കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി ‘വിമണ്‍ സോണ്‍’ സംഘടിപ്പിക്കുന്നു. നവംബര്‍ 28-30 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിലെ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ബിസിനസ് നെറ്റ് വര്‍ക്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപാവസരവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. സംരംഭക മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍, വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.
10 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന ‘എലിവേറ്റ് ഹര്‍; ഇന്‍വെസ്റ്റ്മെന്‍റ് പാത് വേ ഫോര്‍ വിമണ്‍ ഫൗണ്ടേഴ്സ്’ പരിപാടിയും വിമണ്‍ സോണിനെ ആകര്‍ഷകമാക്കും. ഇതിലേക്ക് ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹഡില്‍ ഗ്ലോബല്‍ 2024-ലെ ഫൈനല്‍ ഡെമോ ഡേയിലേക്കുള്ള പിച്ച് ഡെക്കുകള്‍ തയ്യാറാക്കല്‍, സ്റ്റോറി ടെല്ലിംഗ് ടെക്നിക്കുകള്‍ പരിഷ്കരിക്കല്‍, മോക്ക് പിച്ച് സെഷനുകള്‍ എന്നിവയും ഇതിന്‍റെ ഭാഗമായുണ്ടാകും.
നോ കോഡ് ടൂള്‍സ് പരിചയപ്പെടുത്തുന്ന ശില്പശാലയും മെന്‍റല്‍ വെല്‍നെസ് ശില്പശാലയും വിമണ്‍ സോണിലുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന 30-40 വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും വിമണ്‍ മെന്‍റല്‍ വെല്‍നസ് പരിപാടിയില്‍ പങ്കെടുക്കാം. വനിതാ സംരംഭകരുടെ ബിസിനസ് വിജയത്തിനും സംരംഭക മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനുമായുള്ള വൈകാരിക പക്വത, പോസിറ്റീവ് സൈക്കോളജി എന്നിവയെക്കുറിച്ച് ശില്പശാലയില്‍ ചര്‍ച്ച ചെയ്യും.
വിമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ ടോക്ക് സെഷന്‍, വുമണ്‍ ഇന്നൊവേറ്റേഴ്സ് ഹബ്, വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉത്പന്ന പ്രദര്‍ശനം എന്നിവയും വിമണ്‍ സോണിന്‍റെ പ്രത്യേകതയാണ്. പ്രത്യേക ബൂട്ട് ക്യാമ്പുകളും ഇതിന്‍റെ ഭാഗമായുണ്ടാകും.
പതിനായിരത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന ഹഡില്‍ ഗ്ലോബലില്‍ 3000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 100 ലധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡില്‍ ഗ്ലോബലിന്‍റെ ലക്ഷ്യങ്ങളാണ്.
200 ലധികം എച്ച്എന്‍ഐ കള്‍, 200 ലധികം കോര്‍പറേറ്റുകള്‍, 150 ലധികം പ്രഭാഷകര്‍ എന്നിവരും ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടന്ന സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിനു പുറമെ മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇക്കൊല്ലത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശിക്കുക: huddleglobal.co.in/

Leave a Reply

Your email address will not be published. Required fields are marked *

Previous post നിശാഗന്ധി ഇ- മാഗസിൻ പ്രകാശനം ചെയ്തു.
Next post കോഫി ബോർഡ് കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു
Close

Thank you for visiting Malayalanad.in