ജര്‍മ്മന്‍ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

*തിരുവനന്തപുരം: *കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ ജര്‍മ്മനിയില്‍ ആരംഭിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ് -വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ ഡയറക്ടര്‍ ഷാലി ഹസനും ഒപ്പുവച്ചു.
അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് മുരളീധരന്‍, അഡെസോ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാള്‍ട്ടെ ഉംഗര്‍, അഡെസോ എസ്ഇ ബോര്‍ഡിന്‍റെ ഉപദേഷ്ടാവ് ടോര്‍സ്റ്റണ്‍ വെഗെനര്‍,അഡെസോ ഇന്ത്യ സീനിയര്‍ മാനേജര്‍ സൂരജ് രാജന്‍, കെഎസ് യുഎം ഹെഡ് ബിസിനസ് ലിങ്കേജസ് അശോക് പഞ്ഞിക്കാരന്‍ എന്നിവരും പങ്കെടുത്തു.
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ സുപ്രധാന സഹകരണമാണ് അഡെസോ ഇന്ത്യയുമായുള്ളതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. അഡെസോ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതന ഉത്പന്നങ്ങളും സേവനങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിന് സാധിക്കും. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ സഹകരണത്തിലൂടെ വഴിയൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഷാലി ഹസ്സന്‍ പറഞ്ഞു. ബിസിനസ് വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയും ആശയങ്ങളും പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായുള്ള പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ആഗോള വിപണി കണ്ടെത്താന്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളെ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തേക്ക് സാധുതയുള്ള ധാരണാപത്രം അനുസരിച്ച് കെഎസ് യുഎമ്മും അഡെസോയും കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍് സഹകരിക്കും. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ വ്യവസായ ശൃംഖല വര്‍ധിപ്പിച്ച് മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിന് അഡെസോ സൗകര്യമൊരുക്കും.
ഓട്ടോമോട്ടീവ്, മൊബിലിറ്റി, ഫിന്‍ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മുതലായ മേഖലകളില്‍ നൂതന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും കരാറിലൂടെ സാധിക്കും.
കെഎസ് യുഎമ്മിന്‍റെ ഹാക്കത്തോണ്‍ സംരംഭങ്ങളിലും അഡെസോ പങ്കെടുക്കും. അഡെസോയ്ക്ക് ആവശ്യമായ സ്റ്റാര്‍ട്ടപ്പ് പ്രതിഭകളെ ഹാക്കത്തോണുകള്‍ വഴി കണ്ടെത്തും. കെഎസ് യുഎം ലാബുകളേയും ഇന്നൊവേഷന്‍ സെന്‍ററുകളേയും അഡെസോ പിന്തുണയ്ക്കും.
അഡെസോയുടെ ഇന്നൊവേഷന്‍ അജണ്ടകളെക്കുറിച്ചുള്ള വിവരങ്ങള്‍ കെഎസ് യുഎം പരിപാടികളിലൂടെ പ്രദര്‍ശിപ്പിക്കും. വിപണിയില്‍ അഡെസോയുടെ ബ്രാന്‍ഡ് കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനും കെഎസ് യുഎം സഹായിക്കും.
വിവിധ രാജ്യങ്ങളിലേക്ക് ശ്യംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അഡെസോ ഇന്ത്യയുടെ പുതിയ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ലോകമെമ്പാടും 60 ലധികം സ്ഥലങ്ങളിലായി 10,100 ലധികം ജീവനക്കാരുള്ള ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനിയാണ് അഡെസോ എസ്ഇ. വ്യവസായ വൈദഗ്ധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സേവനങ്ങളിലെ ഗുണനിലവാരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനങ്ങളിലൊന്നാണിത്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മികച്ച പങ്കാളി കൂടിയാണ് അഡെസോ എസ്ഇ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു
Next post സാമൂഹ്യ നീതിക്കായി കത്തോലിക്ക കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം.
Close

Thank you for visiting Malayalanad.in