വയനാടിന് കൈത്താങ്ങ്: ലീഗ് ദുരിതബാധിതര്‍ക്ക് വാഹനങ്ങൾ നൽകി

.
കല്‍പ്പറ്റ: പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ദുരന്തത്തില്‍ ജീവിതം കൈവിട്ടുപോയവര്‍ക്ക് കൈത്താങ്ങായി മുസ്്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂര്‍ത്തിയായി. ഇന്നലെ മേപ്പാടിയില്‍ നടന്ന ചടങ്ങളില്‍ 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ദുരന്തബാധിതര്‍ക്ക് ജീവിതോപാധിയായാണ് ടാക്‌സി വാഹനങ്ങള്‍ നല്‍കിയത്. മുസ്്‌ലിം ലീഗ് ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ വാഹനങ്ങളുടെ താക്കോല്‍ കൈമാറി. സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ 651 ദുരിതബാധിതര്‍ക്ക് 15000 രൂപ വീതവും, 57 കച്ചവടക്കാര്‍ക്ക് 50,000 രൂപ വീതവും വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി മമ്മൂട്ടി, അഡ്വ: ഷാഫി ചാലിയം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ പി ഇസ്മായില്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, എം ബാപ്പുട്ടി, ടി.ഹംസ, എം എ അസൈനാര്‍, സലീം മേമ്മന, സഫറുള്ള അരീക്കോട്, സി.എച്ച് ഫസല്‍, സി.മൊയ്തീന്‍ കുട്ടി, ഫായിസ് തലക്കല്‍, നജീബ് കാരാടന്‍, പി.കെ അഷ്‌റഫ്, സി. ശിഹാബ്, സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. യു.എ.ഇ കെ.എം. സി.സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 55 അപേക്ഷകളില്‍നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവര്‍ക്ക് അനുയോജ്യമായ കമ്പനികളില്‍ ജോലി നല്‍കും. ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ലീഗല്‍ സെല്‍ രൂപീകരിച്ചു. ലോയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നല്‍കുന്നത്. വീടുകള്‍ നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് 8 സെന്റില്‍ കുറയാത്ത സ്ഥലവും 15 ലക്ഷം രൂപ ചിലവില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടും നിര്‍മ്മിച്ച് നല്‍കും. ആദ്യഘട്ടത്തില്‍ മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളില്‍ കഴിയുന്നവരുമായ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തു. ഒന്നരക്കോടിയിലധികം രൂപയുടെ സഹായങ്ങള്‍ ഇതിനകം കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് എന്‍.ഡി.ഡി.ബിക്ക് നന്ദി പറഞ്ഞ് മില്‍മ
Next post നിയമസഭാ പരിസ്ഥിതി സമിതി ചൂരല്‍മല സന്ദര്‍ശിക്കും.
Close

Thank you for visiting Malayalanad.in