രാജ്യം ഏങ്ങനെ മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുന്ന കാലം വരും: കെ സി വേണുഗോപാല്‍ എം പി
ദുര്‍ബലാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ നയിച്ച മല്ലികാര്‍ജുന ഖര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടേയും ലീഡര്‍ഷിപ്പാണ് വിജയത്തിന്റെ പ്രധാന ഘടകം.രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ വിജയത്തിന്റെ മുഖ്യഘടകമായി മാറി. ജനാധിപത്യം രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടുമോ ഭരണഘടന സംരക്ഷിക്കപ്പെടുമോ എന്ന ഭീതിജനകമായ അന്തരീക്ഷത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെ മാത്രം ടാര്‍ഗെറ്റ് ചെയ്താണ് മോദിയും സംഘപരിവാറും പ്രവര്‍ത്തിച്ചത്.ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും അതിനായി അവര്‍ ഉപയോഗിച്ചു.
പ്രതിപക്ഷ വേട്ട നടത്തിയാണ് മോദി കേന്ദ്രത്തില്‍ പത്ത് വര്‍ഷം ഭരണം കയ്യാളിയത്. സാമ്പത്തികമായി ഞെരുക്കി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ മരവിപ്പിച്ചു. സാധാരണക്കാരയ പ്രവര്‍ത്തകരാണ് ബിജെപിയുടെ രാഷ്ട്രീയഫാസിസത്തിനെതിരായി കോണ്‍ഗ്രസിന് വേണ്ടി പോരാടിയത്. നീതിന്യായ വ്യവസ്ഥപോലും മോദി ഭരണകൂടം നിയന്ത്രിച്ചു. അതിന് തെളിവാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി. ബിജെപി ഭയപ്പെടുത്തിയപ്പോള്‍ നട്ടെല്ലിന് ഉറപ്പില്ലാത്ത ഭീരുക്കളായ ചിലര്‍ കോണ്‍ഗ്രസ് വിട്ടുപോയി. അത്തരം കൂറുമാറ്റക്കാരെ ഈ തിരഞ്ഞെടുപ്പില്‍ ജനം കൈകാര്യം ചെയ്തു. അഴിമതിക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് ക്ലീന്‍ ചീറ്റ് കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
വര്‍ഗീയത മുതലാക്കിയാണ് മോദി തുടര്‍ച്ചയായി ഭരണം നടത്തുന്നത്. ഇന്ത്യകണ്ട നമ്പര്‍ വിദ്വേഷ പ്രസംഗം പ്രധാനമന്ത്രി നടത്തിയ രാജസ്ഥാനിലെ ബനസ്വാര മണ്ഡലത്തില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. മോദിയുടെ വിദ്വേഷ രാഷ്ട്രീയ ആഹ്വാനത്തെ ജനം തള്ളിക്കളഞ്ഞു. അയോധ്യാ രാഷ്ട്രീയം ഉയര്ത്തിപിടിച്ചിട്ടും ബിജെപിയുടെ ശക്തി കേന്ദ്രമായ യുപിയിലും തിരിച്ചടി നേരിട്ടു. മുഖ്യധാര മാധ്യമങ്ങള്‍ ഇന്ത്യാസംഖ്യത്തിന്റെ വാര്‍ത്തകള്‍ നല്‍കാറില്ല. ബി ജെ പിക്കും, സംഘപരിവാറിനും അനുകൂലമായി വാര്‍ത്തകള്‍ നല്‍കാനാണ് അവര്‍ക്ക് താല്പര്യം.പ്രീ പോളിലും എക്സിപോളിലും മോദി സ്പോണ്‍സേര്‍ഡ് മീഡിയകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ സ്വീകാര്യത ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ മോദിയേക്കാള്‍ ഏറ്റവും കൂടതല്‍ ജനം വീഷിച്ചത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോകസ്ഭയില്‍ ബിജെപിയുടെ ശക്തിയും അംഗബലവും കുറയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്താണ് ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭാവി രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പരാജയം മാത്രമല്ല, വിജയവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏതു വെല്ലുവിളികളേയും നേരിടാന്‍ കഴിയുന്ന കോണ്‍ഗ്രസാണ് ഇന്നുള്ളത്. ശക്തമായ നേതൃനിരയുണ്ട്.കോണ്‍ഗ്രസിന് തന്നെ ഭീഷണിയായവര്‍ ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം ഒഴിഞ്ഞ പോയതോടെ ഇപ്പോഴുള്ളത് നൂറുശത്മാനം ശുദ്ധീകരിച്ച കോണ്‍ഗ്രസാണ്. ഏഴുസംസ്ഥാനങ്ങളിലെ 13 അസംബ്ലി മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യസഖ്യം മികച്ച വിജയം നേടിയത് ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തത് കൊണ്ടാണ്. ഇന്ത്യന്‍ ജനത ബിജെപിയുടെ നുണപ്രചരണങ്ങള്‍ക്ക് പിറകയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പ്:
രാഷ്ട്രീയഭൂപടത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട്് കുതിക്കുമ്പോള്‍ ബിജെപിയുടേത് താഴോട്ടാണ്. ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതമല്ല ഹിന്ദുത്വം. എന്നാല്‍ ബിജെപി ഹിന്ദുവാദം ഉയര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനും മതസ്പര്‍ദ്ദ വളര്‍ത്താനും ശ്രമിക്കുന്നു. ഹിന്ദുക്കളെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാക്കാനാണ് ബിജെപി തീവ്രഹിന്ദുത്വം പറയുന്നത്. നരേന്ദ്രമോദിയെ അമാനുഷികനായും ദൈവത്തിന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതുമാണ് ബിജെപിയുടെ ഹിന്ദുബോധം.ഹിന്ദുമതത്തെ ഉപയോഗിച്ച് അവര്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുപാവുകയാണ്. അതിനാലാണ് അയോധ്യയിലും ബദരിനാഥിലും ഉള്‍പ്പെടെ ബിജെപി പരാജയപ്പെട്ടതും. ഭഗവദ്ഗീതയെ ഉദ്ധരിച്ച് ബിജെപിയുടെ ഹിന്ദുത്വവാദം തട്ടിപ്പാണെന്ന് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയും ഗോഡ്സെയും ഭഗവദ് ഗീത കണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഗാന്ധിജി അഹിംസയും സഹിഷ്ണതയും മനുഷ്യജീവനോടുള്ള ആദരവും ഗീതയില്‍ നിന്ന് പഠിച്ചപ്പോള്‍ ഗോഡ്സെ അക്രമവും അസഹിഷ്ണതയും പഠിച്ചു.ഗീതയുടെ ശരിയായ സാരം ഉള്‍ക്കൊള്ളുന്നത് അത് വായിക്കുന്ന വ്യക്തിയുടോ മനോനിലപോലെയിരിക്കുമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.ഐതീഹങ്ങളും മതചിഹ്നങ്ങളേയു ഗ്രന്ഥങ്ങളേയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബിജെപിയുടെ സങ്കുചിത ചിന്താഗതികളാണ് യഥാര്‍ത്ഥ ഹിന്ദുവിരോധമെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലേത് ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാര്‍: കെ.സി.വേണുഗോപാല്‍
കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുപോയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോര്‍പറേഷനും റെയില്‍വേയും തര്‍ക്കിക്കുകയാണ്. കമ്യൂണിസ്റ്റ് ആശയത്തെ മാലിന്യവത്കരിക്കുന്ന ഭരണമാണ് കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തില്‍. ജനപക്ഷത്തുനിന്നു കോണ്‍ഗ്രസ് പോരാട്ടം നയിക്കണം. കേരളത്തില്‍ ബിജെപി വളര്‍ച്ച ഉണ്ടാക്കിയെന്നൊന്നും കരുതേണ്ട. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്, അത് മാറ്റണം.
നേതാക്കള്‍ക്കു വ്യക്തിപരമായ താല്പര്യമുണ്ടാകാം. അതിന് പ്രസക്തിയില്ല. കോണ്‍ഗ്രസുകാരെല്ലാം നല്ലവരാണ് എന്നാല്‍ അവര്‍ തമ്മില്‍ അടിയാണെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തുപോകാം. കോണ്‍ഗ്രസിന്റെ മോശം കാലം കഴിഞ്ഞു.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് മുന്നിലുള്ള പ്രധാന അജണ്ട. രാജ്യം കോണ്‍ഗ്രസിനെ ഉറ്റുനോക്കുമ്പോള്‍ അതിനനുസരിച്ചുയരാന്‍ പ്രവര്‍ത്തകര്‍ക്കാകണമെന്നും അനൈക്യം ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാന്‍ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ പ്രതീക്ഷിക്കുന്ന വിജയം ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേടാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
———–
ലോക്സഭാ വിജയം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കും: കെ.സുധാകരന് എംപി
ലോക്സഭ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വിജയം വരുന്ന ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു കോണ്‍ഗ്രസ് രൂപം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.കെപിസിസി ക്യാംപ് എക്സിക്യൂട്ടീവില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ മാത്രമെ 2026 ലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കു.ഭരണവിരുദ്ധ വികാരം ശക്തമായ പ്രകടമാണ്. ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും സുധാകരന് പറഞ്ഞു.
പരമ്പരാഗതമായി കോണ്‍ഗ്രസിനെയും യുഡിഎഫിനേയും പിന്തുണച്ചിരുന്ന വിവിധ ജന വിഭാഗങ്ങളുടെ വോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അവരെ വീണ്ടും കോണ്‍ഗ്രസിനോടൊപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.തൃശ്ശൂരിലെ വിജയം ബിജെപിയുടെ സംഘടനാപരമായ നേട്ടമാണെന്ന അഭിപ്രായമില്ല. ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രകടനത്തെ ഗൗരവത്തോടെ കാണണം. എല്‍ഡിഎഫ് വിജയിച്ച നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നേടിയത്. സിപിഎമ്മിന്റെ വോട്ടുകളിലെ ചോര്‍ച്ച ബിജെപിക്ക് നേട്ടമാകുന്നുണ്ടെന്നും കെ.സുധാകരന് പറഞ്ഞു.
ഐക്യവും അച്ചടക്കവും ഉറപ്പാക്കി പൂര്‍ണ്ണമായും താഴെത്തട്ടില്‍ സംഘടനയെ കൂടുതല്‍ ചലിപ്പിക്കും.നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്ക് ഇടയിലും അഭിപ്രായ ഭിന്നതകളോ, അത് സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായോ തരത്തിലേക്ക് നീങ്ങാന്‍ അനുവദിക്കില്ല.പോഷക സംഘടനങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങണം. ചെറുപ്പക്കാര്‍,വിദ്യാര്‍ത്ഥികള്‍, മഹിളകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും സുധാകരന് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇന്ത്യന്‍ ജനതയും തോറ്റത് വിദ്വേഷ രാഷ്ട്രീയവുമാണ്.ജനാധിപത്യസംവിധാനങ്ങളെ തരംപോലെ നോക്കുകുത്തിയാക്കി നിര്‍ത്തിയും ചട്ടുകമായിഉപയോഗിച്ചും പത്തുവര്‍ഷം നീണ്ട മോദിയുടെ ഏകാധിപത്യ ഭരണരീതി അവസാനിപ്പിക്കാനും ലക്ഷണമൊത്തൊരു പ്രതിപക്ഷത്തെ രാജ്യത്തിന് സംഭാവന ചെയ്യാനും സഹായിച്ച തിരഞ്ഞെടുപ്പ് ഫലമാണത്.വൈകാരിക വിഷയങ്ങള്‍ ഇളക്കിവിട്ട് വിജയം കൊയ്യുന്ന തന്ത്രം എപ്പോഴും വിലപ്പോവില്ല എന്നതാന്ന് ഈ തിരഞ്ഞെടുപ്പിന്റെ പാഠം.ജനാധിപത്യ സ്ഥാപനങ്ങളേയും കേന്ദ്ര ഏജന്‍സികളേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും പരമാവധി ദുരുപയോഗം ചെയ്ത് പ്രതിപക്ഷ വേട്ട നടത്തിയിട്ടും ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും സുധാകരന് പറഞ്ഞു.
എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ഇന്നുകാണുന്ന വലിയ മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന കോണ്‍ഗ്രസിന്റെ കൃത്യമായ നിലപാടാണ് ‘ഇന്ത്യ’ മുന്നണിയെ യാഥാര്‍ത്ഥ്യമാക്കിയത്.തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ കൃത്യമായ സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് ഭാരത് ജോഡോ യാത്രകളും രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മോദി ഭരണത്തിന്റെ ജനവിരുദ്ധതക്കെതിരായി കോണ്‍ഗ്രസിനൊപ്പം അണിനിരത്താന്‍ ഉപകരിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരവ് നടത്തി. ലോക്സഭയിലേയും അതിന് ശേഷം നടത്ത ഉപതിരഞ്ഞെടുപ്പുകളിലേയും ഇന്ത്യസഖ്യത്തിന്റെ വിജയം മാറുന്ന ഇന്ത്യയുടെ സൂചകങ്ങളാണ്.രാഹുല്‍ ഗാന്ധിയുടെ ജനകീയ സ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഇന്ത്യസഖ്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. —–
പ്രത്യയ ശാസ്ത്രത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കണം: വി ഡി സതീശന്
പ്രത്യയശാസ്ത്രത്തൈ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ബത്തേരിയില്‍ ആരംഭിച്ച കെ പി സി സി ക്യാമ്പ് എക്സിക്യുട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി തെരഞ്ഞെടുപ്പുകള്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. വിജയിക്കുന്നതിനായി മാത്രം അവര്‍ വിഷയങ്ങളുണ്ടാക്കുകയാണ്. എന്നാല്‍ കൃത്യമായ പ്രത്യയശാസ്ത്രത്തിലൂന്നിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ദേശീയരാഷ്ട്രീയം കോണ്‍ഗ്രസ് നിശ്ചയിക്കുന്ന കാലത്തേക്ക് വരികയാണ്. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ത്യാമുന്നണിക്ക് നല്കിയ വിജയത്തിലൂടെ മനസിലാക്കാനാവുന്നത്.
കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്ത് ഇരുന്നാല്‍ മാത്രം പോരാ. ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമാണ്. നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടാന്‍ മാത്രമായിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. സി പി എം വര്‍ഗീയതക്കെതിരെ, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാള്‍ മികച്ച രീതിയില്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാനും സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ശക്തിപ്പെടുത്താനും ഇരു സര്‍ക്കാരുകള്‍ക്കുമെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടു പോകാനുമുള്ള തീരുമാനം കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവിലുണ്ടാകുമെന്നും സതീശന് പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളുടെ അന്ത്യം കുറിക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പാണ് ലോക്സഭയിലേത്.പരാജയപ്പെട്ടെങ്കിലും വിജയത്തിന് തുല്യമാണത്. വരുന്ന തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കൃത്യമായ മുന്നൊരുക്കം നടത്തണം.എല്ലാവിഭാഗം ജനങ്ങളുടെ പ്രശ്നം അഡ്രസ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണം. ജനവിശ്വാസം അര്ജ്ജിക്കാന് സാധിക്കണം. ജനവിശ്വാസ്യത കുറഞ്ഞാല്‍ പരാജയം ഉറപ്പ്. അതാണ് പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടി.
നിയമസഭാ സമ്മേളനത്തില്‍ ഉള്‍പ്പെടെ ജനകീയ വിഷയങ്ങളും അവരുടെ പ്രശ്നങ്ങളും ഉന്നയിക്കാനാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചത്. സാമൂഹ്യക്ഷേമ സുരക്ഷാ പെന്‍ഷനുകളുടെ മുടക്കം,പകര്‍ച്ചാവ്യാധി,കര്‍ഷക പ്രശ്നം,വിദ്യാമേഖലയിലെ പ്രശ്നം,റോഡുകളുടെ ശോചനീയാവസ്ഥ ഉള്‍പ്പെടെയുള്ള വിഷങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.താഴത്തട്ടിലുള്ള സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കണം. ആരെയും മാറ്റിനിര്‍ത്തരുത്. എല്ലാവരുടെയും സേവനം സംഘടനയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം. കൃത്യമായ പ്രവര്‍ത്തന രേഖയും അത് വിഴ്ചയില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു നിരീക്ഷണ സംവിധാനവും വേണമെന്നും വിഡി സതീശന് പറഞ്ഞു.
വിഷന്‍ 2025 കെപിസിസി നയരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശന് അവതരിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവും ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകത്തിന്റെ പ്രസന്റേഷന് നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് സ്വാഗതവും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് നന്ദിയും പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ശശി തരൂര്‍ എം പി, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് എന്നിവര്‍ സംസാരിച്ചു.