വാളത്തൂർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നൽകരുത്: പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

.
ഡി.ഡി.എം .എ ചെയർപെഴ്സണായ കളക്ടറുടെ ഉത്തരവു പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒരു വർഷം മുൻപ് റദ്ദാക്കിയ വാളത്തൂർ ചീരമട്ടം കരിങ്കൽ ക്വാറിക്ക് വീണ്ടും ലൈസൻസ് നൽകരുത് എന്നാവശ്യവെട്ടു കൊണ്ട് തദ്ദേശവാസികൾ മുപ്പൈനാട് പഞ്ചായത്താപ്പീസിനു മുൻപിൽ ധർണ്ണയും മാർച്ചും നടത്തി. വാളത്തൂർ ക്വാറിവിരുദ്ധ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണയിലും ബഹുജന മാർച്ചിലും സ്ത്രീകളടക്കം നൂറുകണക്കിന് ആൾക്കാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും അണി ചേർന്നു. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ക്യാമൽ ഹംപ് പർവ്വതനിരയുടെ കിഴക്കൻ ചെരിവിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നെടുംകുത്തനെയുള്ള കുന്നിൽ ചരിവിലാണ് ക്വാറിക്ക് വേണ്ടി ശ്രമം നടക്കുന്നത്. കുന്നിൻ്റെ ചരിവിയും കുന്നിൻ മുകളിയും വശങ്ങളിലുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ കുന്നിൻ ചരിവിൽ നിന്നാണ് പ്രദേശത്തകാരുടെ ഏക ജലസ്രോതസ്സായ അരുവി ഒഴുകുന്നത്. സകല മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് മൂന്നു വർഷം മുൻപ് ക്വാറിക്ക് പഞ്ചായത്ത്ലൈസൻസ് നൽകിയത്.ക്വാറിയുടെ 40 മീറ്ററിന്നുള്ളിൽ വീടുകളുള്ളതായും ഡി.ഡി.എം.എയുടെ നോട്ടിഫിക്കേഷൻ പ്രകാരം റെഡ് സോണിൽ പെട്ട സ്ഥലമാണെന്നും അന്നത്തെ വൈത്തിരി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയതാണ്. ഹൈ ഹസാർഡ്സ് സോണിൽ പെട്ട ഇവിടെ തൊഴിലുറപ്പു പദ്ധതിയോ വീടുകൾക്ക് നമ്പറൊ മണ്ണിളക്കിയുള്ള ക്റ്ഷിക്കുള്ള അനുവാദമോ ജില്ലാ ഭരണകൂടം ഇപ്പോഴും അനുവതിക്കൂന്നില്ല. എല്ലാ കാലവർഷക്കാലത്തും മണ്ണിടിച്ചിൽ നടക്കുന്ന കുന്നിൻചരിവാണ് ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ.2008ൽ ഉരുൾപൊട്ടിയ പൂത്തുമലയും മുണ്ടക്കൈയും ഈ പ്രദേശത്തിന് വളരെ അടുത്താണ്.
മൂന്നു വർഷം മുൻപ് ലൈസൻസ് സമ്പാദിച്ചെങ്കിലും നാട്ടുകാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. നിരവധി സമരങ്ങളും ആത്മാഹുതി ശ്രമങ്ങളും പൊലീസ് കേസ്സും പൊലീസ് മർദ്ദനവും ഉണ്ടായതിനെ തുടർന്ന് ദുരന്തനിവാരണ അഥോറിട്ടി ചെയർപെഴ്സൺ കൂടിയായ കലക്ടർ ഡോ.രേണു രാജ് ദുരന്തനിവരണ ആക്ട് പ്രകാരം 2023 മാർച്ചിൽ ലൈസൻസ് റദ്ദാക്കി. കേശവേന്ദ്രകമാർ കലക്ടറായപ്പോൾ ഡി.ഡി.എം.എ പുറപ്പെടുവിച്ച കെട്ടിട നിർമ്മാണ നിയന്ത്രണ ഉത്തരവിലെ ചില സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ച്‌ വൈത്തിരിയിലെ കെട്ടിട ഉടമ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇട്ട ഉത്തരവിൻ്റെ മറവിൽ ക്വാറി ഉടമ പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും ലൈസൻസിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. മുഴുവൻ രാഷ്ടീയ പാർട്ടികളും പഞ്ചായത്തു ബോർഡും ലൈസൻസ് നൽകുന്നതിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിലും വളഞ്ഞ വഴിയിലൂടെ അനുമതി നേടുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. തങ്ങളുടെ വീടുകളും ക്രിഷിയിടങ്ങളും കുടിവെള്ളവും നഷ്ടപ്പെടുന്ന ക്വാറിയുടെ പ്രവർത്തനത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് ആക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചു. ധർണ്ണ വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡണ്ട് എൻ.ബാദുഷ ഉദ്ഘാടനം ചെയ്തു, സി.റഹിം അദ്ധ്യക്ഷം വഹിച്ചു.പി.സി.ഹരിദാസ്, യാഹ്യാ ഖാൻ തലക്കൽ, എ.എം.പ്രവീൺ, ഷംസുദ്ധീൻ, കെ.സഹദേവർ ,സുബൈർ കൽപ്പറ്റ, തോമസ് അമ്പലവയൽ, വർഗ്ഗീസ് വട്ടേക്കാട്ടിൽ കെ.വി.ഗോകുൽദാസ് ,വി.ജാഫർ, എം.പി.മോളി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.എസ്.യു മാർച്ചിൽ സംഘർഷം: അറസ്റ്റ്: മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ.
Next post വിദേശ വനിതക്കെതിരെ ലെംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പോലീസ് പിടികൂടി
Close

Thank you for visiting Malayalanad.in