യുവാക്കളെ കരുതൽ തടങ്കലിലാക്കിയ സംഭവം:മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ;എസ്. ഐ ക്ക് ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: : നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന് മനസിലാക്കി വിട്ടയച്ച സംഭവത്തിൽ നൂൽപ്പുഴ എസ്.ഐ ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടും പരാതിക്കാർ കമ്മീഷൻ സിറ്റിംഗിൽ ഹാജരാകാത്തതും കണക്കിലെടുത്ത് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് കേസ് തീർപ്പാക്കി.
2023 ഫെബ്രുവരി 4 നാണ് സംഭവം നടന്നത്. നമ്പ്യാർ കുന്നിലെ ക്ഷേത്രത്തിലേക്ക് പോയി മടങ്ങുമ്പോഴാണ് നൂൽ പുഴ എസ്.ഐ സുൽത്താൻ ബത്തേരി ചീരാൽ സ്വദേശികളായ അനീഷിനെയും പി. നിഖിലിനെയും അറസ്റ്റ് ചെയ്തത്.
സ്ഥിരം കുറ്റവാളികളെയും പിടികിട്ടാപുള്ളികളെയും കണ്ടെത്താൻ നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതെന്ന് വയനാട് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ആക്ഷേപങ്ങൾ ഒഴിവാക്കാൻ മതിയായ ജാഗ്രത പുലർത്താൻ ആവശ്യമായ നിർദ്ദേശം എസ്. ഐ ക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് കമ്മീഷൻ സിറ്റിംഗിൽ എസ്.ഐ യെ വിളിച്ചുവരുത്തി. എന്നാൽ പരാതിക്കാർ ഹാജരായില്ല. തുടർന്നാണ് പരാതി തീർപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹരിത വിദ്യാലയ പ്രഖ്യാപനവുമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
Next post കുട്ടികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി
Close

Thank you for visiting Malayalanad.in