ഓപ്പറേഷൻ ആഗ്; യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ

– പിടിയിലായത് 2021 ൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി
മേപ്പാടി: കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ കൂടി മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കടൽമാട് കമ്പാളകൊല്ലി, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29) നെയാണ് മേപ്പാടി പോലീസ് ഡാൻസഫ് സ്ക്വാഡിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബത്തേരി മണിച്ചിറയിൽ വച്ചാണ് പിടികൂടിയത്. ഈ കേസിൽ മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌(29) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. 2021 ൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരി എന്ന സ്ഥലത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബിൻ.
05.05.2024 തിയ്യതി പുലർച്ചെ വടുവാഞ്ചൽ ടൗണിൽ വെച്ചാണ് സംഭവം. തോമ്മാട്ടുച്ചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതായി ആരോപിച്ച് എട്ടോളം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മർദിക്കുകയായിരുന്നു. കാറിന്റെ താക്കോൽ കവർന്നെടുക്കുകയും ചെയ്തു. തുടർന്ന്, വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തിൽ യുവാവിന്റെ കാൽപാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. എസ്.ഐമാരായ രജിത്ത്, ഹരീഷ്, സിപിഒ ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അബിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാർഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം; കമ്മീഷൻ രൂപീകരിക്കാനും തീരുമാനം
Next post കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവ്വം ‘ബുക്കിങ് ക്യാമ്പയിൻ ആരംഭിച്ചു
Close

Thank you for visiting Malayalanad.in